

- ലിജി അരുണ്‍
വായിക്കുക: അപകടം, അമേരിക്ക, കുറ്റകൃത്യം, ദുരന്തം, മനുഷ്യാവകാശം

വത്തിക്കാൻ സിറ്റി : ബിക്കിനി ധരിച്ച ഒരു യുവതിയോടൊപ്പം കടപ്പുറത്ത് ഉല്ലസിച്ചു രസിക്കുന്ന ഫോട്ടോകൾ പരസ്യമായതോടെ വെട്ടിലായ കത്തോലിക്കാ പുരോഹിതന്റെ രാജി മാർപാപ്പ സ്വീകരിച്ചു. 57 കാരനായ ബിഷപ്പ് ഫെർനാൻഡോ ബർഗല്ലോയാണ് ബിക്കിനി ധരിച്ച ഒരു യുവതിയോടൊപ്പം മെക്സിക്കോയിലെ ഒരു റിസോർട്ടിൽ ഉല്ലസിക്കുന്ന ഫോട്ടോകൾ പുറത്തായതോടെ വെട്ടിലായത്. 1997 മുതൽ ബ്യൂണസ് അയേഴ്സിലെ മെർലോ മൊറേനോ ഇടവകയെ നയിക്കുന്ന ബിഷപ്പ് ആയിരുന്നു ഫെർനാൻഡോ. പിടിക്കപ്പെട്ട ബിഷപ്പ് തനിക്ക് ഒരു റെസ്റ്റോറന്റ് ഉടമയായ യുവതിയുമായി പ്രേമ ബന്ധമുണ്ട് എന്ന് സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു ഇറ്റാലിയൻ മിഷനറി സംഘത്തിന്റെ സ്ഥാപകനായ പുരോഹിതൻ ലൂഗി പ്രാൻഡിനെ സംഘത്തിലെ വനിതാ മിഷനറിമാരുമായി പതിവായി ലൈംഗിക ബന്ധം പുലർത്തിയ കുറ്റത്തിന് മാർപാപ്പ പുറത്താക്കിയിരുന്നു. മിഷനറി സംഘം തെക്കേ അമേരിക്കയിൽ പ്രവർത്തിച്ചു വരുന്ന കാലത്താണ് പുരോഹിതൻ സംഘത്തിലെ വനിതാ മിഷനറിമാരുമായി ബന്ധപ്പെട്ടത്.
ഇതോടെ കത്തോലിക്കാ സഭയിലെ പുരോഹിതന്മാർക്ക് വിവാഹം കഴിക്കുവാനുള്ള അനുവാദം നൽകണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.
എന്നാൽ പുരോഹിതന്മാരുടെ ബ്രഹ്മചര്യം പൌരോഹിത്യത്തിന് അത്യാവശ്യമാണ് എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന വത്തിക്കാൻ ലൈംഗിക അപവാദങ്ങൾക്ക് കാരണം ബ്രഹ്മചര്യമാണ് എന്ന് സമ്മതിക്കാൻ തയ്യാറല്ല. 2011ൽ ഒരു സംഘം ഓസ്ട്രിയൻ പുരോഹിതന്മാർ വിവാഹം കഴിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ശക്തമായി അപലപിച്ചിരുന്നു.
- ജെ.എസ്.
വായിക്കുക: മതം, മനുഷ്യാവകാശം, വിവാദം

ധർമ്മശാല : ചൈനയിലെ ജനങ്ങളുടെ സത്യം അറിയുവാനുള്ള അവകാശത്തെ നിരാകരിക്കുന്ന ചൈനീസ് സർക്കാരിന്റെ സെൻസർഷിപ്പ് നയങ്ങൾ അധാർമ്മികമാണ് എന്ന് തിബത്തിന്റെ ആത്മീയ നേതാവ് ദലായ് ലാമ പ്രസ്താവിച്ചു. ക്രൂരത മുഖമുദ്രയാക്കിയ ചൈനീസ് സർക്കാർ ജനങ്ങളെ ഭയക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഈ ഭയം മൂലമാണ് യാഥാർത്ഥ്യം മൂടി വെക്കാനുള്ള വ്യഗ്രത അവർ കാണിക്കുന്നത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ദലായ് ലാമ സ്കോട്ട്ലാൻഡിലെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഈ കാര്യം അറിയിച്ചത്.
- ജെ.എസ്.
വായിക്കുക: ചൈന, തിബത്ത്, മനുഷ്യാവകാശം, മാദ്ധ്യമങ്ങള്‍

റിയോ ഡി ജനീറോ: ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചിരിക്കുന്ന വിക്കിലീക്ക്‌സ് സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ഇതുവരെ സഹായം ആവശ്യപ്പെട്ടിട്ടില്ല എന്നും അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചാല്‍ ഏതൊരു ഓസ്‌ട്രേലിയക്കാരനും ലഭ്യമാകുന്ന നയതന്ത്രസഹായം അസാന്‍ജിനും ലഭ്യമാക്കും എന്നാണു സര്‍ക്കാര്‍ നിലപാടെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ വിദഗ്‌ധമായി കൈയൊഴിഞ്ഞു എന്ന അസാന്‍ജിന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വെറുതെ വാചകമടി മാത്രമാണ് നടത്തുന്നതെന്ന് ഓസ്‌ട്രേലിയന്‍ റേഡിയോയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ലൈംഗിക പീഡനക്കുറ്റങ്ങളില്‍ അറസ്‌റ്റിലായി ജാമ്യത്തില്‍ കഴിയുന്നയാളാണ് ഓസ്‌ട്രേലിയന്‍ പൗരനായ അസാന്‍ജെ എന്ന് ഓര്‍മ്മിപ്പിച്ച ഗില്ലാര്‍ഡ് അസാന്‍ജിന്റെ ആരോപണങ്ങള്‍ തള്ളികളഞ്ഞു. യു.എന്‍. സമ്മേളനത്തിന് പങ്കെടുക്കാന്‍ റിയോയില്‍ എത്തിയയതായിരുന്നു ഗില്ലാര്‍ഡ്. കഴിഞ്ഞ മൂന്നുദിവസമായി ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം പ്രാപിച്ചിരിക്കുകയാണ് ജൂലിയന്‍ അസാന്‍ജ്. എന്നാല്‍ അഭ്യര്‍ത്ഥന ഇക്വഡോര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം, മനുഷ്യാവകാശം

കൈറോ : പുറത്താക്കപ്പെട്ട ഈജിപ്ഷ്യൻ പ്രസിഡണ്ട് ഹൊസ്നി മുബാറൿ വൈദ്യ ശാസ്ത്രപരമായി മരണമടഞ്ഞു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തലച്ചോറിന് ആഘാതമേറ്റ ഇദ്ദേഹത്തെ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന യൂറ തടവറയിൽ നിന്നും ഇന്നലെ രാത്രി അടിയന്തിരമായി ദക്ഷിണ കൈറോയിലെ മആദി സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ ഹൃദയം പ്രവർത്തന രഹിതമാകുകയും വൈദ്യുത പ്രഹരങ്ങളോട് പ്രതികരിക്കാതിരിക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചതായി സർക്കാർ അധീനതയിലുള്ള വാർത്താ ഏജൻസി അറിയിച്ചു. ഹൊസ്നി മുബാറൿ വൈദ്യശാസ്ത്രപരമായി മരണമടഞ്ഞതായും ഏജൻസി അറിയിക്കുന്നു.
എന്നാൽ ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി നൈൽ ടി.വി. റിപ്പോർട്ട് ചെയ്തു. മുബാറൿ ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്നു എന്നും നൈൽ ടി.വി. പറയുന്നു.
മുബാറക്കിന്റെ ഭാര്യ ആശുപത്രിയിൽ എത്തിയിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ബന്ധുക്കൾ പറഞ്ഞതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
800ഓളം സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ചുമത്തി ജൂൺ 2ന് ഹൊസ്നി മുബാറക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ആരോഗ്യം, കുറ്റകൃത്യം, മനുഷ്യാവകാശം

ഓസ്ലോ : 12 വർഷം മുൻപ് തനിക്ക് ലഭിച്ച നൊബേൽ പുരസ്കാരം മ്യാന്മാർ പ്രതിപക്ഷ നേതാവ് ഓങ് സാൻ സൂ ചി ഒടുവിൽ കൈപ്പറ്റി. 1991 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനമാണ് ഓസ്ലോയിൽ നടന്ന ചടങ്ങിൽ വെച്ച് ഇന്ന് സൂ ചി ഏറ്റുവാങ്ങിയത്. 15 വർഷത്തെ വീട്ടു തടങ്കലിൽ നിന്നും താൻ മോചിതയായെങ്കിലും തന്റെ രാജ്യത്തിന് ഇനിയും രാഷ്ട്രീയമായ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്ന് സൂ ചി പുരസ്കാരം ഏറ്റുവാങ്ങി കൊണ്ട് വ്യക്തമാക്കി. സമ്പൂർണ്ണമായ സമാധാനം എന്നത് ലോകത്തിന് അപ്രാപ്യമായ ലക്ഷ്യം തന്നെയാണ്. ഈ സമ്മാനം വാങ്ങാനായി താൻ യൂറോപ്പിലേക്ക് പുറപ്പെടുമ്പോഴും അക്രമവും വർഗ്ഗീയ സ്പർദ്ധയും, കൊലപാതകങ്ങളും കൊള്ളിവെപ്പും അനുസ്യൂതം തുടരുകയാണ്. വെടിനിർത്തൽ കരാറുകൾ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണാൻ വഴി തെളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നും സൂ ചി വെളിപ്പെടുത്തി. മ്യാന്മാറിലെ മുസ്ലിം ബുദ്ധമത വിഭാഗങ്ങൾ തമ്മിലുള്ള വർഗ്ഗീയ ലഹളയിൽ 29 പേർ കൊല്ലപ്പെടുകയും 30,000 ത്തിലേറെ പേർക്ക് കിടപ്പാടം നഷ്ട്ടപ്പെടുകയും ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
- ജെ.എസ്.
വായിക്കുക: ബഹുമതി, മനുഷ്യാവകാശം, മ്യാന്മാര്, സ്ത്രീ

മോസ്‌കോ: നീണ്ട 88 വര്‍ഷങ്ങള്‍ക്ക് ശേഷം സോവിയറ്റ് യൂണിയന്‍ സ്ഥാപകനായ വ്‌ളാഡ്‌മിര്‍ ലെനിന് ശവസംസ്‌കാരം നടത്താന്‍ റഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്രയും കാലം ലെനിന്റെ മൃതദേഹം സംസ്‌കരിക്കാതെ വര്‍ഷങ്ങളായി റഷ്യയില്‍ എംബാം ചെയ്‌തു സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. 1924 ജനുവരി 21നാണ് ലെനിന്‍ മരണമടഞ്ഞത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെക്കൂന്നതിനെതിരെ ലോകത്തിന്റെ വ്യത്യസ്‌ത തുറകളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലെനിന് യുക്തമായ അന്തിമോപചാരം നല്‍കാതെ അദ്ദേഹത്തിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെച്ചിരിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല എന്നാണ് റഷ്യയുടെ സാംസ്‌കാരിക മന്ത്രി വ്‌ളാഡ്‌മിര്‍ മെദിന്‍സ്‌കി പറഞ്ഞത്. 1953ല്‍ സ്റ്റാലിന്റെ മൃതദേഹവും ഇതുപോലെ എംബാം ചെയ്‌തു സൂക്ഷിച്ചിരുന്നെങ്കിലും. 1961ല്‍ മൃതദേഹം സംസ്‌കാരിക്കുകയായിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ബഹുമതി, മനുഷ്യാവകാശം, വിവാദം

ലണ്ടന്‍: വിക്കിലീക്ക്‌സിലെ രണ്ട് വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്ന കേസില്‍ അറസ്റ്റിലായ ‘വിക്കിലീക്‌സ്’ സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ വിചാരണയ്‌ക്കായി സ്വീഡനു കൈമാറാമെന്ന് ബ്രിട്ടീഷ് സുപ്രീം കോടതി.
അസാന്‍ജിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള സ്വീഡന്റെ അപേക്ഷ നിയമാനുസൃതമാണെന്നും അതുകൊണ്ടുതന്നെ അതിനെതിരായ അപ്പീല്‍ തള്ളുകയാണെന്നും സുപ്രീം കോടതി പ്രസിഡന്റ് നിക്കോളാസ് ഫിലിപ്‌സ് വ്യക്‌തമാക്കി. അഞ്ച് ജഡ്ജിമാര്‍ അസാഞ്ചെയെ നാടു കടത്താനുള്ള തീരുമാനം ശരി വച്ചപ്പോള്‍ രണ്ടു ജഡ്ജിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്നാണ് അസാഞ്ചെ നല്‍കിയ അപ്പീല്‍ കോടതി തള്ളിയത്. അമേരിക്കയുടെ സൈനികരഹസ്യങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു രഹസ്യരേഖകള്‍ വിക്കിലീക്‌സിലൂടെ പുറത്തുവിട്ട അസാന്‍ജ് കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ സ്വീഡനു കൈമാറാനുള്ള നീക്കത്തിനെതിരേ നിയമ പോരാട്ടത്തിലായിരുന്നു.
സ്വീഡനില്‍ ലൈംഗികാരോപണക്കേസുകളാണു നേരിടുന്നതെങ്കിലും അവിടെനിന്നു തന്നെ അമേരിക്കയ്‌ക്കു കൈമാറാനുള്ള സാധ്യതകളാണ് ഓസ്‌ട്രേലിയന്‍ വംശജനായ അസാന്‍ജിനെ ഭയപ്പെടുത്തുന്നത്. എന്നാല്‍ അപ്പീല്‍ തള്ളി 14 ദിവസത്തിനകം കോടതിക്ക് വേണമെങ്കില്‍ അസാഞ്ചെയുടെ കേസ് വീണ്ടും വാദം കേള്‍ക്കാന്‍ പരിഗണിക്കാം. അതിനാല്‍ ഈ സാധ്യത ഉപയോഗപ്പെടുത്തും എന്നാണ് അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്.
- ലിജി അരുണ്‍
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, പ്രതിഷേധം, മനുഷ്യാവകാശം

ലണ്ടൻ : പിന്നാമ്പുറ രഹസ്യങ്ങൾ പുറത്തു കൊണ്ടു വന്ന് ഭരണകൂടങ്ങളുടെ ഉറക്കം കെടുത്തിയ വിക്കിലീക്ക്സ് എന്ന വെബ് സൈറ്റിന്റെ സ്ഥാപകൻ ജൂലിയൻ അസാഞ്ജെയെ സ്വീഡന് കൈമാറുന്നത് സംബന്ധിച്ച കേസിൽ ഇന്ന് ബ്രിട്ടീഷ് സുപ്രീം കോടതി വിധി പറയും എന്ന് കരുതപ്പെടുന്നു. അസാഞ്ജെ വെളിപ്പെടുത്തിയ സത്യങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ അവാത്ത പാശ്ചാത്യ ശക്തികൾ അവസാനം ചില ലൈംഗിക കുറ്റകൃത്യങ്ങൾ ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസാഞ്ജെയുടെ വെളിപ്പെടുത്തൽ എറ്റവും കൂടുതൽ വേദനിപ്പിച്ചത് അമേരിക്കയെ തന്നെയാണ്. അതീവ രഹസ്യമായ രണ്ടര ലക്ഷം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കേബിൾ സന്ദേശങ്ങൾ വിക്കി ലീക്ക്സ് പുറത്ത് വിട്ടത് ലോകത്തിന് മുൻപിൽ അമേരിക്കയുടെ നയതന്ത്ര മുഖം മൂടി വലിച്ചു കീറി. ഇറാഖിൽ നിരപരാധികളായ സാധാരണ ജനത്തിനു നേരെയും മാദ്ധ്യമ പ്രവർത്തകരുടെ നേരെയും അമേരിക്കൻ സൈനികർ വെടിയുതിർക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നു.
തങ്ങളുടെ നെറികേടുകൾ പുറത്തു വരുന്നതിൽ സഹികെട്ടവർ അവസാനം അസാഞ്ജെയെ തളയ്ക്കാൻ രണ്ട് സ്വീഡിഷ് സ്ത്രീകളെ ഉപയോഗിക്കുകയായിരുന്നു. തങ്ങളെ അസാഞ്ജെ ലൈംഗികമായി പീഡിപ്പിക്കുകയും ബലാൽസംഗം ചെയ്യുകയും ചെയ്തു എന്ന് ഈ സ്ത്രീകൾ പരാതി നൽകിയതിനെ തുടർന്ന് അസാഞ്ജെയെ പോലീസ് പിടികൂടി. ബ്രിട്ടനിൽ നിന്നും അസാഞ്ജെയെ വിട്ടുകിട്ടാനാണ് ഇപ്പോൾ സ്വീഡൻ ശ്രമിക്കുന്നത്.
- ജെ.എസ്.
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, പ്രതിഷേധം, മനുഷ്യാവകാശം

ബെയ്റൂട്ട് : സിറിയയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ സർക്കാർ സൈനികമായി നേരിട്ടതിനെ തുടർന്ന് നടന്ന രക്തച്ചൊരിച്ചിൽ തടയാനായി ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സമാധാന പ്രക്രിയ ആരംഭിച്ചതിനു ശേഷം നടന്ന എറ്റവും കടുത്ത ആക്രമണത്തിൽ 92 പേർ കൊല്ലപ്പെട്ടതായി ഐക്യ രാഷ്ട്ര സഭ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 32 കുട്ടികളും ഉൾപ്പെടുന്നു. ഹൂല നഗരത്തിൽ വെള്ളിയാഴ്ച്ച നടന്ന കനത്ത ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നിരത്തി വെച്ച മുറിയുടെ ദൃശ്യങ്ങൾ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അർട്ടിലറി ടാങ്കുകൾ ഉതിർത്ത ഷെൽ ആക്രമണമാണ് ഹൂലാ നഗരത്തിൽ മരണം വിതച്ചത് എന്ന് നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്.
- ജെ.എസ്.
വായിക്കുക: ക്രമസമാധാനം, ദുരന്തം, മനുഷ്യാവകാശം, യുദ്ധം