ലാഹോര്‍: മുന്‍ ക്രിക്കറ്റ് താരവും തഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാനില്‍ തരംഗം സൃഷ്ടിക്കുന്നു. അഴിമതി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കറാച്ചിയില്‍ ഇമ്രാന്‍ ഖാന്‍ സംഘടിപ്പിച്ച റാലിയില്‍ ഒരു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളും അനുയായികളും ഇമ്രാന്‍റെ പാര്‍ട്ടിയിലേക്ക് ഒഴുകുകയാണ്. വരാനിരിക്കുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍റെ പാര്‍ട്ടി അവഗണിക്കാനാവാത്ത ഒരു ശക്തിയായി മാറുന്നതിന്‍റെ ലക്ഷണമാണ് പാകിസ്ഥാനില്‍ കണ്ടു കൊണ്ടിരിക്കുന്നത്.
പാകിസ്താനെ ഒരു ഇസ്ലാമിക ക്ഷേമ രാഷ്ട്രമാക്കി ഉയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മുന്‍ ദേശീയ ക്രിക്കറ്റ് ടീം നായകന്‍ പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നീതിയും ഉറപ്പാക്കുകയാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയം. മനുഷ്യത്വവും നീതിയും അടിസ്ഥാനമാക്കിയ ഭരണ നിര്‍വഹണ സമ്പ്രദായമാണ് ഇസ്ലാം മുന്നോട്ടു വയ്ക്കുന്നത്. നിര്‍ഭാഗ്യവശാല്‍ പാക്കിസ്ഥാന്‍ അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറിയിരിക്കുകയാണ്. അഴിമതിയില്‍ നിന്നും രാജ്യത്തെ മുക്തമാക്കുകയാണ് പ്രഥമ പരിഗണന എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന് ക്രിക്കറ്റ് ലോകകപ്പ് നേടി കൊടുത്ത അതേ ആവേശമാണ് ഇമ്രാനും അണികളും പ്രകടിപ്പിക്കുന്നത്.