ന്യൂയോര്‍ക്ക് : കഠിന ഹൃദയര്‍ എന്ന് പേര് കേട്ടവരാണ് ന്യൂയോര്‍ക്ക് നിവാസികള്‍. എന്നാല്‍ പത്തു വര്ഷം മുന്‍പ് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ഇവരെ കാര്യമായി തന്നെ മാറ്റി. 2001 സെപ്റ്റെംബര്‍ 11 ലെ ആക്രമണത്തിന് മുന്‍പ് തങ്ങള്‍ കണ്ട അതേ നീല ആകാശമാണ് ഇപ്പോഴും മുകളില്‍ ഉള്ളത് എന്ന പ്രതീക്ഷയോടെ ഇവര്‍ ഇടയ്ക്കിടക്ക് ആകാശത്തേക്ക് നോക്കും; പൊടി പടലം കൊണ്ട് മൂടി കെട്ടിയ, ആക്രമണത്തിന് ശേഷമുള്ള അന്നത്തെ ആകാശത്തിന്റെ നടുക്കുന്ന ഓര്‍മ്മയില്‍. വിമാനത്തിന്റെ മുരള്‍ച്ച കേട്ടാല്‍ ഭയത്തോടെ അവര്‍ നോക്കും; വല്ലാതെ താഴ്ന്നാണോ അത് പറക്കുന്നത് എന്ന്.
പലര്‍ക്കും അങ്കലാപ്പാണ്. ചിലര്‍ക്ക് ദേഷ്യം. മിക്കവര്‍ക്കും ദുഃഖമാണ്. പഴയ പോലെയല്ല ഇന്ന് ഇവര്‍. സ്നേഹവും അനുകമ്പയുമാണ് ഇപ്പോള്‍ ഇവര്‍ക്ക് എല്ലാവരോടും എന്നാണ് 9/11 ആക്രമണത്തിന് ശേഷമുള്ള ന്യൂയോര്‍ക്ക് നിവാസികളുടെ സ്വഭാവ സവിശേഷതകളെ പറ്റി പഠിച്ച വിദഗ്ദ്ധര്‍ കണ്ടെത്തിയത്.
ഏറ്റവും ശ്രദ്ധേയമായത് ഇവരുടെ ഭയം തന്നെ. 2011 സെപ്റ്റെംബര്‍ 11ന്റെ ആക്രമണത്തിന് കേവലം രണ്ടു മാസങ്ങള്‍ക്കകം ഒരു വിമാനം ക്വീന്സിനു അടുത്തുള്ള കടപ്പുറത്ത് തകര്‍ന്നു വീണു 265 പേര്‍ മരിച്ച സംഭവം പലരും മറ്റൊരു ആക്രമണമാണോ എന്ന പേടിയോടെയാണ് നേരിട്ടത്. അടുത്ത ദിവസം അനുഭവപ്പെട്ട ഭൂകമ്പവും, എന്തിന് ഇടിയും മഴയും ആഘോഷത്തിനിടെ നടത്തുന്ന വെടിക്കെട്ട് വരെ ഇവരെ ഭയ ചകിതരാക്കുന്നു.
എന്നാല്‍ ഇതിനേക്കാള്‍ ഒക്കെ സ്വഭാവശാസ്ത്ര വിദഗ്ദ്ധരെ ആകുലമാക്കുന്നത് ന്യൂയോര്‍ക്ക് വാസികളുടെ മനസ്സിന്റെ അടിത്തട്ടില്‍ ഉറഞ്ഞു കൂടിയിട്ടുള്ള അകാരണമായ ഒരു തരം വിഷാദം ആണ്. ഇത് എല്ലാ കാലവും ഇവരുടെ ഉള്ളില്‍ നില നില്‍ക്കും എന്ന് ഇവര്‍ കരുതുന്നു.