വാഷിംഗ്‌ടണ്‍: സെപ്‌റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികം അടുക്കുമ്പോള്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് യുഎസ് ജാഗ്രതാ നിര്‍ദേശം നല്‍കി.യു.എസ് വിദേശ കാര്യമന്ത്രാലയം ആണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. യു.എസ് പൗരന്‍മാരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് അമേരിക്ക നല്‍കുന്നത് എന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജാനറ്റ് നാപ്പോലിറ്റനോ പറഞ്ഞു. തീവ്രവാദ സംഘടനകള്‍ക്ക് ഈ സമയത്ത് ആക്രമണം നടത്താനുള്ള പ്രവണത കൂടുതലാണെന്നു മുന്നറിയിപ്പില്‍ പറയുന്നു.
വിദേശ രാജ്യങ്ങളില്‍ കഴിയുന്നവരും വിദേശ രാജ്യങ്ങളിലേക്കു യാത്ര നടത്തുന്നവരുമായ യു.എസ് പൗരന്‍മാര്‍ പ്രത്യേക കരുതലെടുക്കണമെന്നും സുരക്ഷാ നടപടികള്‍ സംബന്ധിച്ച് അറിയുന്നതിനായി യു.എസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അല്‍ ക്വയ്‌ദ പോലുളള തീവ്രവാദ സംഘടനകളില്‍ നിന്ന് പ്രത്യേക ആക്രമണ ഭീഷണിയൊന്നുമുണ്ടായിട്ടില്ലെങ്കിലും അത്തരമൊരു സാഹചര്യം മുന്നില്‍ കണ്ടു വേണം സുരക്ഷാ നടപടികള്‍ സ്വീകരിക്കാനെന്ന് അധികൃതര്‍ പറയുന്നു.
2001 സെപ്‌റ്റംബര്‍ 11നുണ്ടായ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ഏകദേശം 3000 പേരാണു കൊല്ലപ്പെട്ടത്.