ഭൂമി കുലുക്കത്തില്‍ മരിച്ചവരുടെ എണ്ണം 272 എത്തി നില്‍ക്കേ ഇന്ന് രാവിലെ ഇറ്റലിയില്‍ വീണ്ടും ഭൂമി കുലുങ്ങി. തിങ്കളാഴ്ച ഇറ്റലിയെ പിടിച്ച് കുലുക്കിയ ഭൂകമ്പത്തിന്റെ അളവ് റിക്റ്റര്‍ സ്കെയിലില്‍ 6.3 ആയിരുന്നു. ഇന്ന് രാവിലെ അനുഭവപ്പെട്ട കുലുക്കം 5.2 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് അടുപ്പിച്ച് നടന്ന ഈ കുലുക്കം നേരത്തെ നടന്ന ഭൂകമ്പത്തിന്റെ തുടര്‍ പ്രകമ്പനം ആണ്. ഇത് നൂറ് കിലോമീറ്റര്‍ അകലെ ഉള്ള റോമില്‍ വരെ അനുഭവപ്പെട്ടു. ഈ പ്രകമ്പനം കൂടുതല്‍ നാശ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്നത് ഇനിയും അറിവായിട്ടില്ല.
കഴിഞ്ഞ ദിവസം നടന്ന ഭൂകമ്പത്തില്‍ 28,000 പേര്‍ക്കാണ് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെട്ടത്. 17,000 പേരോളം ഇപ്പോഴും കൊടും തണുപ്പ് സഹിച്ച് കൊണ്ട് ടെന്റുകളിലാണ് കഴിയുന്നത്. ബാക്കിയുള്ളവര്‍ ബന്ധുക്കളുടെ വീടുകളിലും സൌജന്യമായി ലഭ്യമാക്കിയ ഹോട്ടല്‍ മുറികളിലും അഭയം പ്രാപിച്ചിട്ടുണ്ട്.
മരിച്ചവരുടെ ശവസംസ്ക്കാരങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മാര്‍പാപ്പയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ദുഃഖ വെള്ളിയാഴ്ച മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന ഉണ്ടാവും എന്ന് വത്തിക്കാന്‍ അറിയിച്ചു.
മാര്‍പാപ്പ അടുത്തു തന്നെ സംഭവ സ്ഥലം സന്ദര്‍ശിക്കും എന്നും അറിയിച്ചിട്ടുണ്ട്.