ബ്രിസ്ബേന്‍ : ടാഷാ ചുഴലിക്കാറ്റ് മൂലം ഉണ്ടായ വെള്ളപ്പൊക്കം ഓസ്ട്രേലിയയില്‍ രണ്ടു ലക്ഷം പേരെ ബാധിച്ചതായി കണക്കാക്കുന്നു. ഇന്നലെ മുതല്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്നും നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ തുടങ്ങി. കുടിയൊഴിപ്പിക്കപ്പെട്ടവരെ പ്രധാന മന്ത്രി ജൂലിയാ ഗില്ലാര്‍ഡ് സമാശ്വസിപ്പിക്കവെ തന്നെ പോലീസ് കുടിയൊഴിപ്പിക്കല്‍ തുടരുന്നുണ്ടായിരുന്നു. ഫ്രാന്‍സും ജര്‍മനിയും ചേര്‍ന്നാല്‍ ഉണ്ടാവുന്നത്രയും വലിയ പ്രദേശമാണ് വെള്ളപ്പൊക്കം മൂലം ദുരിതത്തില്‍ ആയിരിക്കുന്നത്. ബ്രിസ്ബേന്‍ നഗരത്തിന് അടുത്തുള്ള പ്രദേശങ്ങളിലെ കൃഷിയും ഖനന വ്യവസായവും വെള്ളപ്പൊക്കത്തോടെ പ്രതിസന്ധിയിലായി. റോഡ് റെയില്‍ ഗതാഗതം സ്തംഭിച്ചതോടെ ഇവിടത്തെ കല്‍ക്കരി വ്യവസായവും സ്തംഭിച്ചു.
വന്‍ തോതില്‍ കൃഷി നാശം ഉണ്ടായത് പച്ചക്കറിയുടെയും പഴങ്ങളുടെയും വില കുത്തനെ ഉയരുന്ന സാഹചര്യം ഉളവാക്കും എന്ന് ഭയപ്പെടുന്നു. ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളില്‍ ഭക്ഷ്യ ക്ഷാമവും മലിന ജലത്തില്‍ നിന്നും പകര്‍ച്ച വ്യാധികള്‍ ഉണ്ടാവും എന്നാ ഭയവുമാണ് അധികൃതരെ അലട്ടുന്നത്.