മേരിലാന്‍ഡ് : ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസമായ സൂപ്പര്‍ മൂണ്‍ ഇന്നാണ്. നഗ്ന നേത്രങ്ങള്‍ക്ക് ഇന്ന് ചന്ദ്രന്‍ കൂടുതല്‍ അടുത്തും വലുതുമായി കാണപ്പെടുന്നത് കൊണ്ടാണ് ഈ പ്രതിഭാസത്തെ സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. കഴിഞ്ഞ സൂപ്പര്‍ മൂണ്‍ പതിനെട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ഈ പ്രതിഭാസം പൌര്‍ണ്ണമി ദിനത്തില്‍ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ നമുക്ക് ചന്ദ്രനെ ഏറ്റവും വലുതായി കാണുവാന്‍ കഴിയുന്നത്. ഈ മാസത്തെ പൌര്‍ണ്ണമി മാര്‍ച്ച് 19 ശനിയാഴ്ച (ഇന്ന്) യാണ് വരുന്നത്.
എന്നാല്‍ ജപ്പാനിലെ ഭൂകമ്പത്തിനും സുനാമിക്കും കാരണമായത് സൂപ്പര്‍ മൂണ്‍ ആണെന്ന പ്രചരണം നാസ തള്ളിക്കളയുന്നു. ചരിത്രത്തിലെ പല ഭൂകമ്പങ്ങളും വെളുത്ത വാവിനോ അതിനടുത്ത ദിവസങ്ങളിലോ ആയിരുന്നു എന്നും അതിനാല്‍ സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍ മൂണ്‍ ആണ് ജപ്പാനിലെ വന്‍ ദുരന്തത്തിന് കാരണമായത് എന്ന് ഇന്ത്യയിലെ ചില ശാസ്ത്രജ്ഞര്‍ അടക്കം അഭിപ്രായപ്പെട്ടിരുന്നു.
ഇന്നത്തെ സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തില്‍ ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം 3,56,577 കിലോമീറ്റര്‍ ആണ്. ഇത് ശരാശരി ദൂരമായ 3,82,900 കിലോമീറ്ററില്‍ നിന്നും വെറും 26,323 കിലോമീറ്റര്‍ കുറവാണ്. കാഴ്ചയില്‍ പ്രകടമാണെങ്കിലും ജ്യോതിശാസ്ത്ര പരമായി ഇതൊരു വലിയ വ്യത്യാസമല്ല.
പൌര്‍ണമിക്കും അമാവാസിക്കും ചന്ദ്രന്റെ ആകര്‍ഷണം ഭൂമിയില്‍ കൂടുതലായി അനുഭവപ്പെടുന്നു. ദിവസേനയുള്ള വേലിയേറ്റത്തിനു കാരണമാവുന്ന ചന്ദ്രന്റെ ആകര്‍ഷണ ബലം ഈ ദിവസങ്ങളില്‍ ഭൂമിയുടെ ടെക്ടോണിക് പ്ലേറ്റുകളില്‍ സാധാരണയില്‍ കൂടുതലായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ജപ്പാനിലെ ഭൂകമ്പം ഇങ്ങനെയൊരു ദിവസത്തില്‍ നിന്നും ഒരാഴ്ച മാറി ചന്ദ്രന്റെ ആകര്‍ഷണ ശക്തി ഏറ്റവും കുറവ് അനുഭവപ്പെടുന്ന സമയത്താണ് സംഭവിച്ചത്. ചന്ദ്രന്‍ ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍ തന്നെ ജപ്പാനിലെ ദുരന്തത്തിന് കാരണക്കാരന്‍ സൂപ്പര്‍ മൂണ്‍ ആണെന്ന് പറയുന്നത് വീടിനു തീ പിടിച്ചതിനു കാരണം അടുത്ത നഗരത്തിലേക്ക് സന്ദര്‍ശനത്തിനു പോയ കൊള്ളി വെപ്പുകാരനാണ് എന്ന് പറയുന്നത് പോലെയാണ് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
സ്ഥിതി വിവര കണക്കുകള്‍ നിരത്തി ചരിത്രത്തിലെ ചില ഭൂകമ്പങ്ങള്‍ നടന്നത് പൌര്‍ണമി ദിവസത്തിന്റെ അടുത്ത ദിവസങ്ങളിലാണ് എന്ന് പറയുന്നവര്‍ രണ്ടു കാര്യങ്ങള്‍ മറച്ചു വെക്കുന്നു. ഒന്ന്, നേരത്തെ പറഞ്ഞ കൊള്ളി വെപ്പുകാരന്‍ സ്ഥലത്തില്ലാത്ത പ്രശ്നം. രണ്ട്, ചരിത്രത്തില്‍ നടന്ന ഭൂകമ്പങ്ങളില്‍ ഭൂരിഭാഗവും നടന്നത് ഇത്തരം ദിവസങ്ങളിലല്ല എന്ന സത്യം.