ബെയ്‌ജിംഗ്: ചൈനയില്‍ അപ്രതീക്ഷിതമായി വീശിയടിച്ച കനത്ത മഴയും വെള്ളപ്പൊക്കത്തിലും 57 പേര്‍ മരണമടഞ്ഞു. 29 പേരെ കാണാതായി. പത്തുലക്ഷത്തോളം ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് അഭയ കേന്ദ്രങ്ങളിലേക്ക് മാറിയതായി സര്‍ക്കാര്‍ അറിയിച്ചു. ഒരാഴ്‌ചയായി തുടരുന്ന മഴയില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.
ഒരാഴ്ചയായി പെയ്യുന്ന മഴ ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സിച്യുവാനിലും വടക്കുളള ഷാങ്‌സിയിലും മധ്യചൈനയിലുള്ള ഹെനാനിലുമാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയിരിക്കുന്നത്. 120,000 ത്തിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. 2.7 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. മണ്ണിടിച്ചിലില്‍ ഏതാനും വ്യവസായ സ്‌ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. 1847ന് ശേഷം ചൈനയിലുണ്ടാകുന്ന ഏറ്റവും കനത്ത വെള്ളപ്പൊക്കമാണിത്.