ഇറ്റാനഗര്‍: കാണാതായ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിനുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഹെലികോപ്‌ടര്‍ യാത്രയ്‌ക്കിടെ സേല പാസിനു സമീപത്തു വച്ചാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്‌ടര്‍ കാണാതായത്. ഇന്ത്യന്‍ വ്യോമസേനയുടെയും കരസേനയുടെയും ജീവനക്കാരും പൊതു ജനങ്ങളും അടക്കം ഏകദേശം 4000 ആളുകള്‍ അദ്ദേഹത്തിനു വേണ്ടിയുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഹെലികോപ്‌ടര്‍ സേല പാസിനു സമീപം എവിടെയെങ്കിലും തകര്‍ന്നു വീണതാകാമെന്നാണ് സംശയിക്കപ്പെടുന്നത്. ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. ഇതിനായി ഭൂട്ടാന്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. ആസ്സാമില്‍ നിന്നുമുള്ള 6 ഹെലികോപ്റ്ററുകളില്‍ അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നു.
കഴിഞ്ഞ ശനിയാഴ്‌ച രാവിലെയാണു തവാങില്‍നിന്നു മുഖ്യമന്ത്രിയും മറ്റു നാലുപേരുമായി പറന്നുയര്‍ന്ന പവന്‍ ഹാന്‍സ് എന്ന ഹെലികോപ്‌ടര്‍ കാണാതായത്. പറന്നുയര്‍ന്നു 20 മിനിട്ട് ശേഷം ആണ് വിമാനത്തില്‍ നിന്നുമുള്ള അവസാന റേഡിയോ സന്ദേശം ലഭിച്ചിരിക്കുന്നത്. ഹെലികോപ്‌ടര്‍ കാണാതായി നാലു ദിവസം കഴിഞ്ഞിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ ഖണ്ഡുവിനെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങുകയാണ്.
- ലിജി അരുണ്‍