ന്യൂഡൽഹി: 22 മിനിറ്റിൽ ഒരു സ്ത്രീ പീഡനം നടക്കുന്ന നാടാണ് ഇന്ത്യ. ഇത് ഔദ്യോഗിക കണക്ക്. ജീവ ഭയവും അതിലേറെ സമൂഹത്തിൽ നിന്നും നേരിടാവുന്ന അപമാനവും ഭയന്ന് റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുന്ന പീഡനങ്ങളുടെ എണ്ണം കൂടി എടുത്താൽ ഈ കണക്ക് ഭയാനകമാവും. ഉത്തർ പ്രദേശിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ തുടരെ റിപ്പോർട്ട് ചെയ്യപ്പെട്ട പീഡനങ്ങളുടെ പശ്ചാത്തലത്തിൽ ഒരു യൂട്യൂബ് ചാനൽ നടത്തിയ പരീക്ഷണത്തിന്റെ വീഡിയോ നമ്മളെ നാണം കെടുത്തും. കറുത്ത ഫിലിം കണ്ണാടികളിൽ ഒട്ടിച്ച് ഒഴിഞ്ഞ ഒരു റോഡിന്റെ അരികിൽ നിർത്തിയിട്ട വാനിൽ നിന്നും ഒരു സ്ത്രീയുടെ ഉറക്കെയുള്ള കരച്ചിലും സഹായം അഭ്യർത്ഥിച്ചുള്ള അലമുറയും കേൾപ്പിച്ചായിരുന്നു ഈ പരീക്ഷണം. കരച്ചിൽ കേട്ട പലരും ആദ്യമൊന്ന് പകച്ചു നിന്നെങ്കിലും പിന്നീട് ഒന്നും സംഭവിക്കാത്തത് പോലെ നടന്നു നീങ്ങുന്നത് വീഡിയോയിൽ കാണുമ്പോൾ നമ്മുടെ തല കുമ്പിട്ട് പോകും. എന്നാൽ ചില യുവാക്കളും 78 കാരനായ ഒരു വന്ദ്യ വയോധികനും പ്രതികരിക്കുന്നത് കാണുമ്പോൾ നമുക്ക് അൽപ്പമെങ്കിലും പ്രതീക്ഷ തിരികെ ലഭിക്കുന്നു. ഇവരെ ഓരോരുത്തരേയും പിന്നീട് ഈ സംരംഭത്തിന് പുറകിലുള്ള മാദ്ധ്യമ പ്രവർത്തകർ സംഭവങ്ങൾ വിശദീകരിച്ചു കൊടുത്തപ്പോൾ ഇവരെല്ലാം തന്നെ നിങ്ങൾ ചെയ്യുന്നത് വളരെ നല്ല ഒരു കാര്യമാണ് എന്ന് പ്രതികരിച്ചു. ഇതു പോലെ ഒരു സന്ദർഭം മുന്നിൽ വന്നാൽ തങ്ങൾ തീർച്ചയായും അതിൽ ഇടപെടും എന്ന് ഇവരെല്ലാം തന്നെ ആവർത്തിക്കുകയും ചെയ്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, സ്ത്രീ വിമോചനം