പനാജി: ഇന്ത്യയുടെ ഏറ്റവും വലിയ വിമാന വാഹിനിക്കപ്പലായ ഐ. എൻ. എസ്. വിക്രമാദിത്യ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തിന്റെ പ്രതിരോധ ശേഷി പ്രകടമാക്കി ക്കൊണ്ട് നാവിക സേനയുടേയും വ്യോമ സേനയുടെയും അഭ്യാസ പ്രകടനങ്ങള്‍ ഉണ്ടായിരുന്നു.
രാജ്യത്തിന്റെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നത്. ആരെയും ഭീഷണിപ്പെടുത്തുവാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ആരുടേയും മുമ്പില്‍ ഇന്ത്യ തലകുനിക്കുകയുമില്ല എന്ന് ഐ. എൻ. എസ്. വിക്രമാദിത്യയെ രാജ്യത്തിനു സമര്‍പ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകത്തോട് മുഖാമുഖം നില്‍ക്കാനാണ് ഇന്ത്യയുടെ താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയില്‍ നിന്നും വാങ്ങിയ കപ്പലിനെ ഇന്ത്യന്‍ നേവി അത്യാധുനിക സജ്ജീകരണങ്ങള്‍ ചേര്‍ത്ത് കൂടുതല്‍ നവീകരിച്ചതാണ് ഐ. എൻ. എസ്. വിക്രമാദിത്യ. റഷ്യയില്‍ നിന്നും ഉള്ള വിദഗ്ദ്ധ സംഘമാണ് ഇതിനായി ഇന്ത്യന്‍ നേവിയെ സഹായിച്ചത്. നിരവധി പോര്‍ വിമാനങ്ങളെ വഹിക്കുവാന്‍ കഴിവുള്ള കപ്പലാണ് ഐ. എൻ. എസ്. വിക്രമാദിത്യ.
ചടങ്ങിലത്തിയ പ്രധാനമന്ത്രി കപ്പലില്‍ ഉണ്ടായിരുന്ന പോര്‍ വിമാനത്തില്‍ കയറി കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കി. നേവി ചീഫ് അഡ്മിറല്‍ ആര്‍. കെ. ദൊവാനും മോദിയെ അനുഗമിച്ചു. നേവി ഉദ്യോഗസ്ഥര്‍ കപ്പലിനെ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. രാവിലെ മോദിക്ക് നേവി ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. എ. കെ. ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് ഐ. എൻ. എസ്. വിക്രമാദിത്യ കമ്മീഷന്‍ ചെയ്തത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: രാജ്യരക്ഷ