കാണ്‍പൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീരപുത്രി ക്യാപ്റ്റന്‍ ലക്ഷ്മി സൈഗള്‍ അന്തരിച്ചു. 98 വയസായിരുന്നു. രാവിലെ പതിനൊന്നു മണിയോടെ കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. സ്വാതന്ത്ര സമര സേനാനിയായ ഇവര്‍ സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ആയിരത്തിലധികം അംഗങ്ങളുണ്ടായിരുന്ന ഝാന്‍സി റാണി റെജിമെന്റിന്റെ കേണലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനി കള്‍ക്കിടയിലെ വിപ്ലവ സ്ത്രീ സാന്നിദ്ധ്യമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി.
പ്രശസ്ത അഭിഭാഷകനായിരുന്ന ഡോ. എസ് സ്വാമിനാഥന്റെയും, സ്വാതന്ത്ര്യ സമര സേനാനിയും എം. എല്‍. എ. യും എം. പി. യുമായിരുന്ന എ. വി. അമ്മുക്കുട്ടിയുടെയും മകളായി 1914ല്‍ ചെന്നൈയിലാണ് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജനനം. പാലക്കാട് ആനക്കര വടക്കത്ത് കുടുംബാംഗമാണ്. സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഏറെ സംഭാവനകള്‍ നല്‍കിയ ഒരു കുടുംബമാണിത്. ഐ. എന്‍. എ. യില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് സഹപ്രവര്‍ത്തകനായ പ്രേം കുമാര്‍ സൈഗാളിനെ കണ്ടുമുട്ടിയത്. പിന്നീട് പ്രേം കുമാര്‍ സൈഗാള്‍ ഇവരുടെ ജീവിത പങ്കാളിയായി. മെഡിക്കല്‍ ബിരുദങ്ങള്‍ നേടിയ ഇവര്‍ ദീര്‍ഘകാലം ആരോഗ്യ രംഗത്തു സേവനമനുഷ്ഠിച്ചു. ക്യാപ്റ്റന്‍ ലക്ഷ്മി കാണ്‍പൂര്‍കാരുടെ പ്രിയപ്പെട്ട ‘മമ്മീജി’ യാണ്. 1971 മുതല്‍ സി. പി. എം. അംഗത്വമുള്ള ക്യാപ്റ്റന്‍ ലക്ഷ്മി 2002ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനെതിരെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. 1998 ല്‍ പദ്മ വിഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ഇവരെ ആദരിച്ചു. മുന്‍ എം. പി. യും സി. പി. ഐ. എം. കേന്ദ്ര കമ്മറ്റി അംഗവുമായ സുഭാഷിണി അലി മകളാണ്.
തികഞ്ഞ മനുഷ്യ സ്നേഹിയായ ഇവരുടെ ജീവിതം മുഴുവന്‍ രാജ്യത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. പാവപ്പെട്ടവര്‍ക്കായി ഒട്ടേറെ ആരോഗ്യ – സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഇവര്‍ മരണം വരെ സജ്ജീവ പങ്കാളിയായിരുന്നു. ആതുര സേവനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് തന്റെ ജീവിത വഴിയായി വൈദ്യ ശാസ്‌ത്രത്തെ തെരഞ്ഞെടുത്തത് തന്നെ. മരണത്തിലും തന്റെ ആ ആത്മാര്‍ഥത അവര്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു. മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്നും ശരീരം പഠനത്തിനായി നല്‍കണമെന്നും അവര്‍ ആഗ്രഹിച്ചു. ആ മഹതിയുടെ ആഗ്രഹപ്രകാരം മരിച്ച ഉടനെ അവരുടെ കണ്ണുകള്‍ ദാനം ചെയ്‌തു. മൃതദേഹം കാണ്‍പൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ടു കൊടുത്തു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ചരമം, സ്ത്രീ