ഒരു ടിവി റിയാലിറ്റി ഷോയില്‍ രാവണ വേഷം കെട്ടി വെട്ടിലായ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് മാപ്പ് പറഞ്ഞു. ഹര്‍ഭജനെതിരെ ചില സിക്ക് മത സംഘടനകളും വിശ്വ ഹിന്ദു പരിഷദും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വന്നതിനെ തുടര്‍ന്നാണിത്. ഹര്‍ഭജനെതിരെ ഇവര്‍ കോടതിയേയും സമീപിച്ചിരുന്നു. ഒരു നൃത്ത പരിപാടിയില്‍ നടി മോണ സിംഗിനൊപ്പം രാവണനായി ഹര്‍ഭജന്‍ സിംഗ് പ്രത്യക്ഷപ്പെട്ടതാണ് ഇരു മത വിഭാഗങ്ങളേയും പ്രകോപിപ്പിച്ചത്. ഒരു സിക്ക് മതസ്ഥന്‍ ഒരിയ്ക്കലും തിലകം ചാര്‍ത്തരുത് എന്നാണ് സിക്ക് മത നേതാക്കന്മാരുടെ പക്ഷം. രാവണനായ ഹര്‍ഭജന്‍ സീതയോടൊപ്പം നൃത്തം ചെയ്തതാണ് വിശ്വ ഹിന്ദു പരിഷദിനെ ചൊടിപ്പിച്ചത്.
തന്റെ ചെയ്തികള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ അതിന് നിരുപാധികം മാപ്പ് പറയുന്നു. താന്‍ ഒരു മതത്തിന്റെയും വികാരങ്ങളെ വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഹര്‍ഭജന്‍ പറയുന്നു. ഈ പ്രശ്നം മനസ്സില്‍ ഉള്ളത് തന്റെ കളിയെ തന്നെ ബാധിച്ചു എന്ന് അദ്ദേഹം വെളിപ്പെടുത്തി. മേലില്‍ ഇത്തരം വിവാദങ്ങളില്‍ പെടാതെ നോക്കും എന്നും അദ്ദേഹം പറഞ്ഞു.
ക്ഷമാപണത്തെ തുടര്‍ന്ന് ഹര്‍ഭജന് എതിരെയുള്ള പരാതി തങ്ങള്‍ പിന്‍ വലിയ്ക്കും എന്ന് വിശ്വ ഹിന്ദു പരിഷദ് അറിയിച്ചു. എന്നാല്‍ സീതയായി വേഷമിട്ട് ദുഷ്ടനായ രാവണനോടൊപ്പം നൃത്തം ചെയ്ത നടിയെ തങ്ങള്‍ വെറുതെ വിടില്ല. ചെരുപ്പ് മാല അണിഞ്ഞ് ടിവിയില്‍ പ്രത്യക്ഷപ്പെട്ട് നടി ക്ഷമാപണം നടത്തണം എന്നാണ് തങ്ങളുടെ ആവശ്യം എന്ന് വിശ്വ ഹിന്ദു പരിഷദ് നേതാവ് വിജയ് ഭരദ്വാജ് പറഞ്ഞു എന്നാണ് അറിയുന്നത്.
- ജെ.എസ്.