
പശ്ചിമ ബംഗാള്‍: പശ്ചിമ ബംഗാളിലെ ജല്‍പെയ്ഗുരി ജില്ലയില്‍ ബിന്നാഗുരിയില്‍ ചരക്കു തീവണ്ടിയിടിച്ച് ഏഴ് കാട്ടാനകള്‍ കൊല്ലപ്പെട്ടു. റെയില്‍വേ ട്രാക്ക് കടക്കുകയായിരുന്ന ആനക്കൂട്ട ത്തിലേക്ക് അതിവേഗത്തില്‍ വന്ന ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. മുതിര്‍ന്ന ആനകള്‍ അടക്കം ഉള്ള സംഘം ട്രാക്ക് കടന്നിരുന്നു. എന്നാല്‍ അക്കൂട്ടത്തിലെ രണ്ടു ആനക്കുട്ടികള്‍ ട്രാക്കില്‍ കുടുങ്ങി. അവയെ രക്ഷപ്പെടുത്തുവാന്‍ എത്തിയ ആനകള്‍ക്കാണ് അപകടം പിണഞ്ഞതെന്നും കരുതുന്നു. ഇടിയുടെ ആഘാതത്തില്‍ അഞ്ച് ആനകള്‍ ഉടനെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് ആനകള്‍ വ്യാഴാഴ്ച രാവിലെയാണ് ചരിഞ്ഞത്. പരിക്കുകളോടെ ഒരാന രക്ഷപ്പെട്ടു.
ആനത്താരയിലൂടെ കടന്നു പോകുന്ന ഈ റെയില്‍ പാളത്തില്‍ മുമ്പും അപകടം ഉണ്ടായിട്ടുണ്ട്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഇതേ പ്രദേശത്ത് ട്രെയിനിടിച്ച് മറ്റൊരു കാട്ടാന കൊല്ലപ്പെട്ടിരുന്നു. ട്രെയിനുകളുടെ വേഗത കുറയ്ക്കണം എന്ന് നിരവധി തവണ വനം വകുപ്പ് റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടതാണ്. ബുധനാഴ്ചത്തെ അപകടത്തിന്റെ ആഘാതം ഇത്രയും കൂടുവാന്‍ കാരണം ട്രെയിനിന്റെ അമിത വേഗതായായിരുന്നു. കൂടിയ വേഗതയില്‍ വന്ന വണ്ടിക്ക് ആനക്കൂട്ടത്തെ കണ്ടപ്പോള്‍ പെട്ടെന്ന് നിര്‍ത്തുവാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ പെട്ട ഒരു ആനയെ 200 മീറ്ററോളം വലിച്ചു കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്. റെയില്‍വേ യ്ക്കെതിരെ വന്യ മൃഗ സംരക്ഷണ നിയമം അനുസരിച്ച് കേസ് എടുത്തിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് ഈ മേഖലയില്‍ കുറേ നേരത്തേക്ക് തീവണ്ടി ഗതാഗതം നിര്‍ത്തി വെച്ചു. ക്രെയിന്‍ ഉപയോഗിച്ചാണ് ആനകളുടെ ശരീരാവശിഷ്ടങ്ങള്‍ ട്രാക്കില്‍ നിന്നും നീക്കിയത്.






ജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് പാക്കിസ്ഥാനെ മരുഭൂമി ആക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ലഷ്കര്‍ എ ത്വയ്യിബ സ്ഥാപക നേതാവും ജമാഅത്തെ മുത്വവ്വ യുടെ നേതാവുമായ ഹാഫിസ് സെയ്ദ് പറഞ്ഞു. ജല തീവ്രവാദം എന്ന് സെയ്ദ് വിശേഷിപ്പിച്ച ജല മോഷണം ഇന്ത്യ അവസാനി പ്പിച്ചില്ലെങ്കില്‍ യുദ്ധം തുടങ്ങുമെന്നും ഭീഷണി മുഴക്കി. ജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് നദിയുടെ ഗതി തിരിച്ചു വിട്ടത് മൂലം ഇരു രാജ്യങ്ങളും പങ്കിടേണ്ട ജലം തടഞ്ഞ ഇന്ത്യയുടെ നടപടി ക്കെതിരെ പാക് ജനത ഒന്നിച്ച് നില്‍ക്കണമെന്നും സയ്ദ് ആവശ്യപ്പെട്ടു. ജമ്മുവിലെ അണക്കെട്ട് നിറക്കാനായി ഇന്ത്യ ചിനാബ് നദിയുടെ ഗതി തിരിച്ചു വിട്ടു എന്നും ഇത് 1960ലെ സിന്ധു നദി കരാറിന്റെ ലംഘന മാണെന്നും സെയ്ദ് പറഞ്ഞു.
ന്യൂഡല്‍ഹി : പരിസ്ഥിതി സംരക്ഷണ ത്തിനെതിരായി ചില തല്പര കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും, രാജ്യം കടുത്ത ജലക്ഷാമ ത്തിലേക്ക് പോയി കൊണ്ടിരി ക്കുകയാണ് എന്നും ഐ. പി. സി. സി. അധ്യക്ഷന്‍ രാജേന്ദ്ര പച്ചൌരി പറഞ്ഞു. ഭൂഗര്‍ഭ ജല വിതാനം താഴ്ന്നു കൊണ്ടിരിക്കുന്നു. ആഗോള താപനവും ഒരു കാരണമാണെങ്കിലും നഗര വത്കരണവും, സ്വാഭാവിക ജല സ്രോതസ്സുകളുടെ നാശവും പ്രധാന കാരണങ്ങള്‍ തന്നെയാണെന്നും, സമീപ ഭാവിയില്‍ തന്നെ വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ജല വിനിയോഗം 60% ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഹിമാലയ മഞ്ഞു പാളികള്‍ ഉരുകുന്നത് സംബന്ധിച്ച് കാല ഗണനയില്‍ ഉണ്ടായ പിഴവ് മുന്‍നിര്‍ത്തി ഐ. പി. സി. സി. അധ്യക്ഷ സ്ഥാനം രാജി വെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതി വിധി പ്രകാരം രൂപീകരിക്കുന്ന ഉന്നതാധികാര അഞ്ചംഗ സമിതിയില്‍ തമിഴ് നാട് തങ്ങളുടെ പ്രതിനിധിയെ അംഗമാക്കേണ്ട എന്ന് തീരുമാനിച്ചു. ചെന്നൈയില്‍ ചേര്‍ന്ന ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടി ജനറല്‍ കൌണ്‍സില്‍ ആണ് സുപ്രീം കോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും സമിതിയില്‍ അംഗത്തെ അയക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തത്. സുപ്രീം കോടതിയുടെ തീരുമാനത്തെ പാര്‍ട്ടി ഔദ്യോഗികമായി എതിര്‍ക്കുന്നില്ലെങ്കിലും ഈ തീരുമാനത്തോട് പാര്‍ട്ടിയ്ക്ക് അനുകൂലിക്കാന്‍ ആവില്ല എന്ന് ഡി. എം. കെ. വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് ഫയല്‍ ചെയ്ത കേസിന്റെ ഗതി ഈ തീരുമാനം തിരിച്ചു വിടും എന്ന് ഇവര്‍ ഭയക്കുന്നു.
























