കൊച്ചി: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായ വല്ലാര്‍പ്പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനും കേരള ജനതക്കും സമര്‍പ്പിച്ചു. വികസനകാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകണമെന്നും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് അഭ്യര്‍ത്ഥിച്ചു. വ്യവസായ വികസനത്തില്‍ മുന്‍പന്തിയില്‍ എത്തിക്കുന്നതിനു സമ്പന്നമായ മനുഷ്യവിഭവശേഷിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കേരളം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സവിശേഷതകളെ ഉപയോഗിക്കാത്തതിന് ഒരു ന്യായീകരണമില്ല.
മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയായി കേരളം മാറണം. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ വന്‍ തരംഗമുണര്‍ത്തുന്ന വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് രാഷ്ട്രത്തിനു സമര്‍പ്പിച്ചപ്പോള്‍ കേരളത്തിനത് അഭിമാനനിമിഷം കൂടിയായി.
കേരളത്തോടു കേന്ദ്രസര്‍ക്കാരിനുള്ള പ്രതിബദ്ധതയുടെ പ്രതീകമാണു വല്ലാര്‍പാടം കണെ്ടയ്‌നര്‍ ടെര്‍മിനലെന്നു പ്രധാനമന്ത്രി പറഞ്ഞു. പൊതുമേഖല-സ്വകാര്യ പങ്കാളിത്തം പൊതുനന്മയ്ക്ക് എങ്ങനെ പ്രയോജനകരമാകുമെന്നതിന്റെ ദൃഷ്ടാന്തമാണു പദ്ധതി. ഐക്യ അറബ് എമിറേറ്റ്‌സ് അടക്കം പശ്ചിമേഷ്യയിലെ നമ്മുടെ അയല്‍ക്കാരുമായി നാം ആഗ്രഹിക്കുന്ന അടുത്ത ബന്ധം എന്നെന്നും നിലനില്‍ക്കുമെന്നതിന്റെ സൂചകം കൂടിയാണിത്.
സാമ്പത്തിക-ലോജിസ്റ്റിക്കല്‍ ഹബ്ബായി കൊച്ചിയെ വികസിപ്പിക്കാനുള്ള സമഗ്രപദ്ധതിയുടെ ആണിക്കല്ലായും ഇതു തീരും. ഈ ടെര്‍മിനല്‍ സജ്ജമായതോടെ നമ്മുടെ കയറ്റുമതിക്കാര്‍ക്കു മെയിന്‍ലൈന്‍ കണെ്ടയ്‌നര്‍ കപ്പലുകള്‍ക്കായി കൊച്ചിയിലേക്ക് എത്തിയാല്‍ മതി. ഭാവിയില്‍ തുറമുഖാധിഷ്ഠിതമായ നിരവധി സേവന വ്യവസായങ്ങള്‍ ഇവിടെ വികസിക്കും. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ സ്ഥലത്തു നിര്‍മാണത്തിലിരിക്കുന്ന ആധുനിക എല്‍എന്‍ജി ഇറക്കുമതി, റീഗ്യാസിഫിക്കേഷന്‍ കേന്ദ്രം 2012 മാര്‍ച്ചിനകം പ്രവര്‍ത്തനസജ്ജമാ കും. 2013 ഒക്‌ടോബര്‍ ഒന്നിനു മുമ്പു പദ്ധതി പൂര്‍ണമായും കമ്മീഷന്‍ ചെയ്യും- പ്രധാനമന്ത്രി പറഞ്ഞു.
പൗരപ്രമുഖരും സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെസമാദരണീയരുമട ങ്ങുന്ന പ്രൗഢസദസിനെ സാക്ഷിയാക്കിയായിരുന്നു അറബിക്കടലിന്റെ റാണിക്കു മഹനീയ കിരീടധാരണം. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന ടെര്‍മിനല്‍ വികസന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇന്നലെ കമ്മീഷന്‍ ചെയ്തത്. ഇതോടെ കൊളംബോ, ദുബായി, സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ രാജ്യാന്തര ട്രാന്‍സ്ഷിപ്‌മെന്റ് കണെ്ടയ്‌നര്‍ ടെര്‍മിനലുകളോടു കിടപിടിക്കുന്ന തുറമുഖമായി കൊച്ചി മാറി. കണെ്ടയ്‌നര്‍ ടെര്‍മിനലിനൊപ്പം പുതിയ റോഡിന്റെയും റെയിലിന്റെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. വല്ലാര്‍പാടം ടെര്‍മിനലിന്റെ ആദ്യഘട്ടം രാജ്യത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും സമര്‍പ്പിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മഖ്തൂം എന്നിവര്‍ ആമുഖപ്രസംഗം നടത്തി.
കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെതന്നെ വികസനചരിത്രത്തില്‍ ഇതൊരു സുദിനമാണെ ന്നു വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സ്ഥലം വിട്ടുനല്കിയ എല്ലാവരോടും നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി ആ കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്കു പദ്ധതിയില്‍ തൊഴില്‍ നല്കണമെന്നും ആവശ്യപ്പെട്ടു. എല്‍എന്‍ജി ടെര്‍മിനല്‍ യഥാസമയം കമ്മീഷന്‍ ചെയ്യണം. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ അലോട്ട്‌മെന്റില്‍ കേരളത്തിനു പ്രത്യേക പരിഗണന നല്കി ന്യായവില നിശ്ചയിക്കണം. മെട്രോ റെയില്‍ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം.
പാലക്കാട്ട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലും ഇടപെടണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി. കെ. വാസന്‍ സ്വാഗതം പറഞ്ഞു. ഗവര്‍ണര്‍ ആര്‍.എസ്. ഗവായി, കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി, വ്യോമയാന മന്ത്രി വയലാര്‍ രവി, ഉപരിതല ഗതാഗത മന്ത്രി സി.പി. ജോഷി, സഹമന്ത്രിമാരായ പ്രഫ.കെ.വി. തോമസ്, മുകുള്‍ റോയ്, കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ. അഹമ്മദ്, യുഎഇ വിദേശ വ്യാപാരമന്ത്രി ഷെയ്ഖാ ലുബ്‌ന അല്‍ഖ്വാസിമി തുടങ്ങിയവര്‍ പങ്കെടുത്തു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്‌കാരിക വ്യക്തിത്വം, കേരള ഹൈക്കോടതി, പോലീസ്, ബഹുമതി, മാധ്യമങ്ങള്‍, സാമ്പത്തികം