തിരുവനന്തപുരം: സുപ്രീംകോടതി ജഡ്ജി കൈക്കൂലി കൈപ്പറ്റിയെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ.സുധാകരന്‍. എംപി. പറഞ്ഞ കാര്യങ്ങള്‍ പറയേണ്ടിടത്ത് പറയാന്‍ തയ്യാറാണ്. ഇതു സംബന്ധിച്ച് തന്റെ പക്കല്‍ രേഖകള്‍ ഒന്നും തന്നെയില്ല. ഇക്കാര്യത്തില്‍ തന്റെ മനസാക്ഷിയാണ് സാക്ഷി. നിയമനടപടി വന്നാല്‍ നേരിടും. ഇത് ഒരു വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഞാന്‍ പറഞ്ഞത് സത്യമാണ്. ആവേശത്തിന്റെ പുറത്ത് പറഞ്ഞതല്ല. ഏതു ജഡ്ജിയാണ് കൈക്കൂലി വാങ്ങിയതെന്ന് ഇപ്പോള്‍ പറയാനാവില്ല. പറയേണ്ടിടത്ത് പറയാം. കഴിഞ്ഞ കുറേ വര്‍ഷമായി കോടതിക്ക് വന്ന മൂല്യച്ഛ്യുതിയാണ് തന്നെ ഇത് പറയാന്‍ നിര്‍ബന്ധിതനാക്കിയതെന്നും സുധാകരന്‍ പറഞ്ഞു.
ഹൈക്കോടതി റദ്ദാക്കിയ 21 ബാര്‍ ലൈസന്‍സുകള്‍ പുനഃസ്ഥാപിച്ചുകിട്ടുന്നതിന് ബാര്‍ ഉടമകള്‍ സുപ്രീം കോടതി ജഡ്ജിക്ക് 36 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും ഇതിന് താന്‍ സാക്ഷിയാണെന്നും കെ.സുധാകരന്‍ എംപി ഇന്നലെ പറഞ്ഞിരുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ ചടങ്ങിലാണ് സുധാകരന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. അതേസമയം, സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ അഭിഭാഷക അസോസിയേഷനും മറ്റ് രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി.
സുപ്രീംകോടതി ജഡ്ജിക്കെതിരെ കെ.സുധാകരന്‍ എംപി ഉന്നയിച്ച ആരോപണത്തെക്കുറിച്ച് സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ മുച്ചൂടും തകര്‍ക്കുന്ന ഗൗരവമായ ആക്ഷേപമാണ് പാര്‍ലമെന്റംഗമായ സുധാകരന്‍ നടത്തിയത്. കൈക്കൂലി വാങ്ങിയതും കൊടുത്തതും ആരാണെന്ന് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്വം സുധാകരനുണ്‌ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
പണം വാങ്ങിയ ജഡ്ജിയുടെ പേരും പണം നല്‍കിയ ആളിന്റെ പേരും കെ.സുധാകരന്‍ വെളിപ്പെടുത്തണമെന്ന് മുഖമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സുധാകരന്റെ തെരഞ്ഞെടുപ്പ് ശരിവച്ചുകൊണ്ടുള്ള എടക്കാട് കേസിലെ വിധിയും ഇങ്ങനെ നേടിയതാണോ എന്നും വിഎസ് ചോദിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പനും സുധാകരനെതിരെ രംഗത്തെത്തിയിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, കോടതി, ക്രമസമാധാനം, പോലീസ്, വിവാദം, സാമൂഹ്യക്ഷേമം