കോഴിക്കോട്: ആർ. എം. പി. നേതാവ് ടി. പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട കേസില്‍ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജന്‍, കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ധനഞ്ജയന്‍, എസ്. എഫ്. ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവരടക്കം 20 പേരെ വിചാരണക്കോടതി വെറുതെ വിട്ടു. പ്രത്യേക വിചാരണ കോടതി ജഡ്ജി ആർ. നാരായണ പിഷാരടിയാണ് ടി. പി. വധക്കേസില്‍ തങ്ങള്‍ക്കെതിരെ തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിടണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ഉത്തരവിട്ടത്. പ്രതികളെ ഒളിവില്‍ കഴിയുവാന്‍ സഹായിച്ചു, തെളിവു നശിപ്പിച്ചു തുടങ്ങിയവയായിരുന്നു വിട്ടയച്ച കുറ്റാരോപിതരില്‍ പലര്‍ക്കുമെതിരെ ഉള്ള പ്രോസിക്യൂഷന്‍ ആരോപണം. എന്നാല്‍ ഇത് സംശയാതീതമായി തെളിയിക്കുവാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. പല സാക്ഷികളും കൂറുമാറിയതും കേസില്‍ തിരിച്ചടിയായി. എന്നാല്‍ കോടതി വിധിയെ തിരിച്ചടിയായി കാണുന്നില്ലെന്ന് ആര്‍ . എം. പി. നേതാവും കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ. കെ. രമ പറഞ്ഞു. തുടര്‍ നടപടിയെ കുറിച്ച് ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്, വിവാദം