കണ്ണൂര്‍: ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ് കതിരൂര്‍ മനോജിന്റെ കൊലപാതക്കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു. അന്വേഷണം ഏറ്റെടുക്കുവാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഡയറക്ടര്‍ രണ്‍ജിത് സിന്‍ഹ പേഴ്സണല്‍ മന്ത്രാലയത്തിനു കത്തു നല്‍കി. ഇതു സംബന്ധിച്ച് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. മനോജിന്റെ കൊലപാതകം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തുവാന്‍ സംസ്ഥന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ മനോജിന്റെ വീട് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും സി.ബി.ഐ അന്വേഷണം സംബന്ധിച്ച് ഉടന്‍ ഉത്തരവുണ്ടാകുമെന്ന് പറഞ്ഞിരുന്നു. കണ്ണൂരിലെ അക്രമവും കൊലപാതകവും കേന്ദ്ര സര്‍ക്കാര്‍ ഗൌരവത്തോടെ ആണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മനോജ് വധക്കേസ് സി.ബി.ഐക്ക് വിടുന്നതിനെതിരെ സി.പി.എം രംഗത്തെത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് ആര്‍.എസ്.എസ് മനസ്സാണെന്നും കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതിനു പിന്നില്‍ ആര്‍.എസ്.എസും കോണ്‍ഗ്രസ്സും തമ്മിലുള്ള ഒത്തുകളിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ഈ മാസം ആദ്യമാണ് കതിരൂര്‍ ഇക്കാസ് മേട്ടയില്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍ ആയി.മനോജിന്റെ കൊലയ്ക്ക് പിന്നില്‍ സി.പി.എം ആണെന്ന് ആരോപിച്ച സംഘപരിവാര്‍ സംഘടനകള്‍ കേസ് സി.ബി.ഐക്ക് വിടണം എന്ന് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ സംഘം ചില സി.പി.എം പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വം വ്യക്തമാക്കി.
അതേ സമയം ഏറെ കോളിളക്കം സൃഷ്ടിച്ച ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധക്കേസ് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്നും സമര്‍ദ്ധമുണ്ടായെങ്കിലും കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുവാന്‍ തയ്യാറായിരുന്നില്ല. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി വിധിച്ച സി.പി.എം പ്രവര്‍ത്തകരും നേതാക്കളും ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്