കൊച്ചി: പത്മശ്രീ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് മോഹന്‍ലാലില്‍ നിന്നും നേരിട്ട് മൊഴിയെടുക്കും. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ വീട്ടില്‍ നടന്ന ആദായ നികുതി റെയ്ഡിനിടയിലാണ് ആനക്കൊമ്പ് കണ്ടെടുത്തത്. ലാലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ആനക്കൊമ്പ് യഥാര്‍ഥ ആനക്കൊമ്പാണോ ഇത് കൈവശം വെക്കുന്നതിനു ആവശ്യമായ രേഖകള്‍ അദ്ദേഹത്തിനുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണപരിധിയില്‍ വരും. ഡി. ജി. പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര അസി. പോലീസ് കമ്മീഷ്ണര്‍ ബിജോ അലക്സിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്.
നിയമപ്രകാരം മോഹന്‍ലാലിനു ആനക്കൊമ്പ് കൈവശം വെക്കുവാന്‍ ആവശ്യമായ രേഖകള്‍ ഉണ്ടോ? അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് യഥാര്‍ഥ ആനക്കൊമ്പാണോ തുടങ്ങി വിവരാവകാശ നിയമപ്രകാരം ധാരാളം അപേക്ഷകള്‍ വനം വകുപ്പിനു ലഭിച്ചിരുന്നു. ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ പലതിനും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. വിവരാവകാശ കൂട്ടായ്മ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് മോഹന്‍ലാലിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. പിടിച്ചെടുത്തത് യഥാര്‍ഥ ആനക്കൊമ്പാണെങ്കില്‍ അത് കൈവശം വെക്കുവാന്‍ മതിയായ രേഖകള്‍ ഇല്ലാത്ത പക്ഷം മോഹന്‍ലാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, വിവാദം, സിനിമ