കൊട്ടാരക്കര: സൌരോജ്ജ പ്ലാന്റ് തട്ടിപ്പുമായി തനിക്ക് ബന്ധം ഉണ്ടെന്ന് തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് മുന്‍ മന്ത്രിയും നടനുമായ കെ. ബി. ഗണേഷ് കുമാര്‍ എം. എല്‍. എ. പിതാവും കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണ പിള്ളയ്ക്കൊപ്പം നടത്തിയ പത്ര സമ്മേളനത്തിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ആരോപണം തെളിയിക്കുവാന്‍ ബാലകൃഷ്ണപിള്ള വെല്ലുവിളിച്ചു.
താന്‍ വീണ്ടും മന്ത്രിയാകരുതെന്ന് ആഗ്രഹിക്കുന്ന വനം ലോബിയും മറ്റു ചിലരുമാണ് ആരോപണത്തിനു പിന്നില്‍. കോയമ്പത്തൂരിലെ ഹോട്ടലില്‍ സരിതയ്ക്കൊപ്പം താമസിച്ചു എന്ന ആരോപണം ഗണേഷ് കുമാര്‍ നിഷേധിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഒരു തവണ മാത്രമേ കോയമ്പത്തൂരില്‍ പോയിട്ടുള്ളൂ എന്നും ഒരു പ്രമുഖ ടി. വി. ചാനല്‍ റിപ്പോര്‍ട്ടറും ഭാര്യയും പല തവണ നിര്‍ബന്ധിച്ചിട്ടാണ് എന്‍. എസ്. എസിന്റെ പരിപാടിയില്‍ പങ്കെടുക്കുവാനായി അവിടെ പോയതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. തനിക്ക് പോലീസ് അകമ്പടി ഉണ്ടായിരുന്നതായും സര്‍ക്കാര്‍ വകുപ്പുകളുടെ അറിവോടെ ആയിരുന്നു യാത്രയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വീട്ടില്‍ സോളാര്‍ പാനല്‍ വച്ചത് സരിത എസ്. നായരുമായോ ബിജു രാധാകൃഷ്ണനുമായോ ബന്ധപ്പെട്ട് അല്ലെന്നും ഇവരെ കണ്ടിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇരുവരും പറഞ്ഞു.
സരിത എസ്. നായരുമായി ഗണേഷ് കുമാറിനു ബന്ധമുണ്ടെന്ന് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജും, സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. സരിതയും ഗണേഷ് കുമാറും തമ്മില്‍ കോയമ്പത്തൂരില്‍ ഹോട്ടലില്‍ ഒരുമിച്ചു താമസിച്ചതായും ഇരുവരുടേയും ബന്ധമാണ് തന്റെ ജീവിതവും കമ്പനിയേയും തകര്‍ത്തതെന്നും ഒളിവില്‍ കഴിയുന്ന ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം, സ്ത്രീ