തിരുവനന്തപുരം: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ചുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരു സിറ്റിങ്ങ് ജഡ്ജിയെ കൊണ്ട് സംഭവം അന്വേഷിപ്പിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
പാക്കിസ്ഥാനി മാദ്ധ്യമ പ്രവർത്തക മെഹർ തരാറുമായി തരൂരിനുള്ള അടുപ്പം സുനന്ദ മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വന്നത് ഏറെ വിവാദമായിരുന്നു.
തരൂരിന്റെ ട്വിറ്റർ അക്കൌണ്ടിൽ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങളും ഇതിനെ തുടർന്ന് സുനന്ദയും മെഹറും തമ്മിൽ ട്വിറ്ററിൽ നടത്തിയ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളും ഏറെ സങ്കീർണ്ണമായ ചോദ്യങ്ങളാണ് പൊതു ജന സമക്ഷം ഉയർത്തിയത്. മെഹർ പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്യുകയാണ് എന്ന സുനന്ദയുടെ ആരോപണവും, മെഹറും കേന്ദ്ര മന്ത്രിയും തമ്മിലുള്ള ബന്ധവും, ഏതാനും മണിക്കൂറുകൾക്കകം നടന്ന സുനന്ദയുടെ മരണവും ഒട്ടേറെ സംശയങ്ങളുടെ മുൾമുനകളിലാണ് തരൂരിനെ എത്തിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ഇന്റലിജൻസ് ബ്യൂറോയെ കൊണ്ട് സംഭവം സമഗ്രമായി അന്വേഷിപ്പിക്കണം എന്ന് സി. പി. ഐ. (എം.) അവശ്യപ്പെട്ടു. ക്രിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് സുനന്ദ നടത്തിയിരുന്ന വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ തരൂരിന്റെ രാജി നേരത്തെ ബി. ജെ. പി. യും ആവശ്യപ്പെട്ടിരുന്നു. ട്വിറ്റർ സന്ദേശങ്ങൾ ഉയർത്തിയ സങ്കീർണ്ണമായ പ്രശ്നം കണക്കിലെടുത്ത് സംഭവം സിറ്റിങ്ങ് ജഡ്ജി തന്നെ അന്വേഷിക്കണം എന്ന് സി. പി. ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം, സ്ത്രീ