തൃശ്ശൂര്‍: സോളാര്‍ പാനലിന്റെ പേരില്‍ കോടികള്‍ തട്ടിച്ച കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ തൃശ്ശൂരില്‍ നിന്നും രക്ഷപ്പെട്ട ദിവസം നടി ശാലു മേനോനും അമ്മയും ഒപ്പമുണ്ടായിരുന്നതായി പോലീസ്. മകള്‍ ശാലുമേനോനും താനും തൃശ്ശൂരിലേക്ക് പോകും വഴി തന്നെ കൂടെ കൂട്ടാമോ എന്ന് ചോദിച്ചപ്പോള്‍ എറണാകുളത്തുനിന്നും കാറില്‍ കയറ്റിയതാണെന്നും, യാത്രാ മധ്യേ ശാലുവിന്റെ ഫോണാണ് ബിജു ഉപയോഗിച്ചിരുന്നതെന്നുമാണ് സംഭവത്തെ കുറിച്ച് ശാലുവിന്റെ അമ്മ പറയുന്നത്. നേരത്തെ പരിചയക്കാരായ ബിജുവും സരിതയും ശാലു മേനോന്റെ നൃത്ത വിദ്യാലയത്തില്‍ സന്ദര്‍ശകരായിരുന്നു.
സരിത എസ്.നായര്‍ അറസ്റ്റിലായ വിവരം ബിജു അറിയുന്നത് തൃശ്ശൂരിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു എന്നും തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു എന്നും പറയുന്നു. തൃശ്ശൂരിലെ ഹോട്ടലില്‍ ഡോ.ബിജു എന്ന പേരിലാണ് ഇയാള്‍ മുറിയെടുത്തിരുന്നത്. തിരുവനന്തപുരത്തുനിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയും സംഘവും ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്.അപ്പോഴേക്കും പ്രതി ഹോട്ടലില്‍ നിന്നും മുങ്ങിയിരുന്നു. തൃശ്ശൂരില്‍ ബിജുവിനൊപ്പം സീരിയല്‍ നടിയും അമ്മയും ഉള്ളതായി പോലീസിനു വിവരം ലഭിച്ചിരുന്നു.
സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളായ സരിത എസ്.നായര്‍ക്കും, ബിജു രാധാകൃഷ്ണനും കോണ്‍ഗ്രസ്സിലെ മന്ത്രിമാരും എം.പിമാരുമായും ബന്ധപ്പെട്ടിരുന്നു എന്ന് വാര്‍ത്തകള്‍ പുറത്തു വരുന്നു. താനാണ് ബിജുവിന് മുഖ്യമന്ത്രിയുടെ അപ്പോയ്‌മെന്റ് എടുത്ത് നല്‍കിയതെന്ന് കോണ്‍ഗ്രസ്സ് നേതാവും വയനാട്ടില്‍ നിന്നുമുള്ള എം.പിയുമായ എം.ഐ ഷാനവാസ് വ്യക്തമാക്കിയിരുന്നു. ഒരു മണിക്കൂറോളം താന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ബിജു ചാനലുകളിലൂടെ പറഞ്ഞിരുന്നു. സരിത തങ്ങളേയും ഫോണില്‍ വിളിച്ചിരുന്നതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ എന്നിവരും സമ്മതിച്ചിട്ടുണ്ട്.സരിത എസ്.നായരുമായുള്ള ബന്ധത്തെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ പേസണല്‍ സ്റ്റാഫിലെ ടെന്നി ജോപ്പനേയും ഗണ്മാനേയും സസ്പെന്റ് ചെയ്തിട്ടുണ്ട്.
- എസ്. കുമാര്‍