കല്പറ്റ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ ഭര്‍ത്താവ് ബിജുവിനു സൌകര്യം ഒരുക്കിയത് എം. പി. യും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ എം. ഐ. ഷാനവാസ്. കെ. ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കുടുംബ പ്രശ്നം പരിഹരിക്കാനായി ബിജു പറഞ്ഞപ്പോള്‍ താന്‍ അതിനു സൌകര്യം ഒരുക്കി. പിന്നീട് ബിജു വിളിച്ചപ്പോള്‍ കുടുംബ പ്രശ്നം സ്വയം കൈകാര്യം ചെയ്താല്‍ മതിയെന്നു പറഞ്ഞതായും ഷാനവാസ് പറഞ്ഞു.
സരിതയ്ക്ക് മുന്‍ മന്ത്രി ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്നും, മുഖ്യമന്ത്രിയുമായി തനിക്ക് കൂടിക്കാഴ്ച നടത്തുവാന്‍ എം. ഐ. ഷാനവാസ് എം. പി. യാണ് അവസരം ഒരുക്കിയതെന്നും സരിതയുടെ ഭര്‍ത്താവ് ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു മണിക്കൂര്‍ താന്‍ മുഖ്യമന്ത്രിയുമായി ചിലവഴിച്ചതായാണ് ബിജു വ്യക്തമാക്കിയിരിക്കുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഷാനവാസ്.
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളുമായി മാത്രമല്ല മുഖ്യമന്ത്രിയുമായും മന്ത്രിമാര്‍ ഉള്‍പ്പെടെ പല ഉന്നത കോണ്‍ഗ്രസ്സ് നേതാക്കന്മാരുമായും സരിതയും ബിജുവും ബന്ധപ്പെട്ടിരുന്നതായി തെളിവുകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. സരിത തന്നെ വിളിച്ചിരുന്നതായി കേന്ദ്ര മന്ത്രി കെ. സി. വേണുഗോപാലും സമ്മതിച്ചു. രണ്ടു പരിപാടികളുടെ ഉദ്ഘാടനത്തിനു ക്ഷണിക്കാനായിരുന്നു എന്നും സോളാര്‍ പാനലുകളുടെ ഉദ്ഘാടനങ്ങള്‍ക്കായി പലരും വിളിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സരിത താനുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. രാഷ്ടീയക്കാരുമായി മാത്രമല്ല സിനിമാക്കാരുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നതിന്റെ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നടി ശാലു മേനോനുമായും സരിതയ്ക്കും ബിജുവിനും ബന്ധമുണ്ട്. ശാലുവിന്റെ നൃത്ത വിദ്യാലയത്തില്‍ ഇരുവരും സന്ദര്‍ശകരായിരുന്നു. ശാലു മേനോന്റെ നൃത്ത പരിപാടിയുടെ പ്രമോഷനായി ബിജു പ്രവർത്തിച്ചിരുന്നതായും സൂചനയുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്, വിവാദം, സ്ത്രീ