ലണ്ടൻ : പിന്നാമ്പുറ രഹസ്യങ്ങൾ പുറത്തു കൊണ്ടു വന്ന് ഭരണകൂടങ്ങളുടെ ഉറക്കം കെടുത്തിയ വിക്കിലീക്ക്സ് എന്ന വെബ് സൈറ്റിന്റെ സ്ഥാപകൻ ജൂലിയൻ അസാഞ്ജെയെ സ്വീഡന് കൈമാറുന്നത് സംബന്ധിച്ച കേസിൽ ഇന്ന് ബ്രിട്ടീഷ് സുപ്രീം കോടതി വിധി പറയും എന്ന് കരുതപ്പെടുന്നു. അസാഞ്ജെ വെളിപ്പെടുത്തിയ സത്യങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ അവാത്ത പാശ്ചാത്യ ശക്തികൾ അവസാനം ചില ലൈംഗിക കുറ്റകൃത്യങ്ങൾ ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസാഞ്ജെയുടെ വെളിപ്പെടുത്തൽ എറ്റവും കൂടുതൽ വേദനിപ്പിച്ചത് അമേരിക്കയെ തന്നെയാണ്. അതീവ രഹസ്യമായ രണ്ടര ലക്ഷം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കേബിൾ സന്ദേശങ്ങൾ വിക്കി ലീക്ക്സ് പുറത്ത് വിട്ടത് ലോകത്തിന് മുൻപിൽ അമേരിക്കയുടെ നയതന്ത്ര മുഖം മൂടി വലിച്ചു കീറി. ഇറാഖിൽ നിരപരാധികളായ സാധാരണ ജനത്തിനു നേരെയും മാദ്ധ്യമ പ്രവർത്തകരുടെ നേരെയും അമേരിക്കൻ സൈനികർ വെടിയുതിർക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നു.
തങ്ങളുടെ നെറികേടുകൾ പുറത്തു വരുന്നതിൽ സഹികെട്ടവർ അവസാനം അസാഞ്ജെയെ തളയ്ക്കാൻ രണ്ട് സ്വീഡിഷ് സ്ത്രീകളെ ഉപയോഗിക്കുകയായിരുന്നു. തങ്ങളെ അസാഞ്ജെ ലൈംഗികമായി പീഡിപ്പിക്കുകയും ബലാൽസംഗം ചെയ്യുകയും ചെയ്തു എന്ന് ഈ സ്ത്രീകൾ പരാതി നൽകിയതിനെ തുടർന്ന് അസാഞ്ജെയെ പോലീസ് പിടികൂടി. ബ്രിട്ടനിൽ നിന്നും അസാഞ്ജെയെ വിട്ടുകിട്ടാനാണ് ഇപ്പോൾ സ്വീഡൻ ശ്രമിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, പ്രതിഷേധം, മനുഷ്യാവകാശം