പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഏഷ്യന്‍ താരം ചാമ്പ്യനായി. ചൈനയുടെ നാ ലീ യാണ് നിലവിലെ ചാമ്പ്യന്‍ ഇറ്റലിയുടെ ഫ്രാന്‍സെസ്ക് ഷിയാവോണിനെ നേരിട്ടുള്ള സെറ്റുകളില്‍ 6-4, 7-6 എന്ന സ്കോറിന് തോല്പിച്ചത്. രണ്ടാം സെറ്റില്‍ ടൈ ബ്രേക്കറില്‍ 7-0 ആയിരുന്നു. കളിക്കളത്തില്‍ ചൈനീസ് താരം ശരിക്കും നിറഞ്ഞു നിന്നു. ഒരു മണിക്കൂര്‍ 48 മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തില്‍ ഉടനീളം ശക്തമായ സര്‍വ്വുകളിലൂടെ എതിരാളിയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഇന്നലെ നടന്ന വാശിയേറിയ സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവയെ തോല്പിച്ചാണ് നാ ലീ ഫൈനലില്‍ എത്തിയത്. മരിയന്‍ ബര്‍ത്തോളിയെ തോല്പിച്ചാണ് ഫ്രാന്‍സെസ്ക് ഷിയാവോന്‍ ഫൈനില്‍ എത്തിയത്.
കഴിഞ്ഞ ആസ്ട്രേലിയന്‍ ഓപ്പണില്‍ നാ ലീ ഫൈനലില്‍ എത്തിയിരുന്നു. ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തുന്ന ആദ്യത്തെ ചൈനക്കാരിയായായിരുന്നു അവര്‍. അന്നു പക്ഷെ വിജയിക്കാനായില്ല.
- ലിജി അരുണ്‍