അമ്മാന്‍ : ജനാധിപത്യം പുനസ്ഥാപിക്കണം എന്ന ആവശ്യവുമായി കഴിഞ്ഞ മൂന്നു മാസമായി സിറിയയില്‍ നടന്നു വരുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ വ്യോമയുദ്ധം തുടങ്ങി. പ്രക്ഷോഭകരുടെ നേരെ മെഷിന്‍ ഗണ്ണുകള്‍ ഘടിപ്പിച്ച ഹെലികോപ്റ്ററുകള്‍ വെടി ഉതിര്‍ത്തു. ഇതാദ്യമായാണ് സര്‍ക്കാര്‍ വായു മാര്‍ഗ്ഗം പ്രക്ഷോഭകരെ ആക്രമിക്കുന്നത്. ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു എന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതിഷേധ പ്രകടനം നടത്തുന്ന പതിനായിര കണക്കിന് ആളുകളെ നേരിടാന്‍ നിരവധി ഹെലികോപ്റ്ററുകളാണ് എത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പ് ഏറെ നേരം തുടര്‍ന്നതോടെ ജനം പാടങ്ങളിലും, പാലങ്ങള്‍ക്ക് കീഴെയും ഒളിച്ചിരിക്കുകയായിരുന്നു.
സിറിയന്‍ പ്രസിഡണ്ട് ആസാദിനെ അപലപിക്കാന്‍ ബ്രിട്ടന്‍ ഫ്രാന്‍സ്. ജര്‍മ്മനി, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഐക്യ രാഷ്ട്ര സഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വീറ്റോ അധികാരമുള്ള റഷ്യ ഇതിനെ എതിര്‍ത്തിട്ടുണ്ട്. സിറിയന്‍ സര്‍ക്കാര്‍ സിറിയയെ അപകടകരമായ വഴിയിലൂടെയാണ് കൊണ്ടു പോകുന്നത് എന്ന് അമേരിക്ക വ്യക്തമാക്കി. സിറിയന്‍ സര്‍ക്കാരിന്റെ ഹിംസാത്മകമായ നടപടിയെ അപലപിച്ച അമേരിക്ക തങ്ങളും യൂറോപ്യന്‍ കരട് പ്രമേയത്തെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി എന്ന് അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, മനുഷ്യാവകാശം, സിറിയ