ഓസ്ലോ : 12 വർഷം മുൻപ് തനിക്ക് ലഭിച്ച നൊബേൽ പുരസ്കാരം മ്യാന്മാർ പ്രതിപക്ഷ നേതാവ് ഓങ് സാൻ സൂ ചി ഒടുവിൽ കൈപ്പറ്റി. 1991 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനമാണ് ഓസ്ലോയിൽ നടന്ന ചടങ്ങിൽ വെച്ച് ഇന്ന് സൂ ചി ഏറ്റുവാങ്ങിയത്. 15 വർഷത്തെ വീട്ടു തടങ്കലിൽ നിന്നും താൻ മോചിതയായെങ്കിലും തന്റെ രാജ്യത്തിന് ഇനിയും രാഷ്ട്രീയമായ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്ന് സൂ ചി പുരസ്കാരം ഏറ്റുവാങ്ങി കൊണ്ട് വ്യക്തമാക്കി. സമ്പൂർണ്ണമായ സമാധാനം എന്നത് ലോകത്തിന് അപ്രാപ്യമായ ലക്ഷ്യം തന്നെയാണ്. ഈ സമ്മാനം വാങ്ങാനായി താൻ യൂറോപ്പിലേക്ക് പുറപ്പെടുമ്പോഴും അക്രമവും വർഗ്ഗീയ സ്പർദ്ധയും, കൊലപാതകങ്ങളും കൊള്ളിവെപ്പും അനുസ്യൂതം തുടരുകയാണ്. വെടിനിർത്തൽ കരാറുകൾ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണാൻ വഴി തെളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നും സൂ ചി വെളിപ്പെടുത്തി. മ്യാന്മാറിലെ മുസ്ലിം ബുദ്ധമത വിഭാഗങ്ങൾ തമ്മിലുള്ള വർഗ്ഗീയ ലഹളയിൽ 29 പേർ കൊല്ലപ്പെടുകയും 30,000 ത്തിലേറെ പേർക്ക് കിടപ്പാടം നഷ്ട്ടപ്പെടുകയും ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, മനുഷ്യാവകാശം, മ്യാന്മാര്, സ്ത്രീ