മോണ്‍ട്രിയല്‍ : മാംസം ഭക്ഷിക്കുവാനായി മൃഗങ്ങളെ കൊല്ലുന്നതിനെതിരെ പ്രചാരണം നടത്തുന്നതിന് പമേല ആന്‍ഡേഴ്സന്റെ അര്‍ദ്ധ നഗ്ന ചിത്രം ഉപയോഗിക്കുന്നതില്‍ നിന്നും പ്രമുഖ മൃഗ സംരക്ഷണ പ്രസ്ഥാനമായ PETAയെ (People for the Ethical Treatment of Animals) മോണ്‍ട്രിയല്‍ നഗര സഭ വിലക്കി. പമേലയുടെ ശരീര ഭാഗങ്ങളില്‍ മാംസ കച്ചവടത്തിന് ഉപയോഗിക്കുന്ന ശരീര ഭാഗങ്ങളുടെ പേരുകള്‍ എഴുതി വെച്ച ഒരു ചിത്രമാണ് നഗര സഭ വിലക്കിയത്. “എല്ലാ മൃഗങ്ങള്‍ക്കും ഒരേ ശരീര ഭാഗങ്ങളാണ് ഉള്ളത്” എന്ന ഒരു സന്ദേശവും ചിത്രത്തോടൊപ്പം ഉണ്ട്.
സസ്യാഹാരം പ്രോല്‍സാഹിപ്പിച്ചു മൃഗ ഹത്യ ഒഴിവാക്കുക എന്നാ ലക്ഷ്യമാണ് ഈ പരസ്യത്തിന് പുറകില്‍. എന്നാല്‍ മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിന്റെ പേരില്‍ സ്ത്രീയുടെ നഗ്ന മേനി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല എന്നാണു നഗര സഭാ അധികൃതരുടെ നിലപാട്. ലിംഗ വിവേചനം ഒഴിവാക്കുന്നതിനും സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതിനും വേണ്ടി ശ്രമിക്കുന്ന ഒരു സംഘടനയ്ക്ക് സ്ത്രീയുടെ പ്രതിച്ഛായയുടെ സംരക്ഷണവും അത്ര തന്നെ പ്രധാനമാണ്. ഈ നിലയ്ക്ക് ഔദ്യോഗികമായി ഇത്തരം ഒരു ചിത്രത്തിന് അനുമതി നല്‍കാന്‍ തങ്ങള്‍ക്കാവില്ല എന്ന് നഗര സഭാ വക്താവ് അറിയിച്ചു.
എന്നാല്‍ നഗ്ന നൃത്തങ്ങള്‍ക്കും നിശാ ക്ലബ്ബുകള്‍ക്കും പേര് കേട്ട ഒരു നഗരത്തില്‍ ഒരു സ്ത്രീയെ സ്വന്തം ശരീരം ഒരു രാഷ്ട്രീയ പ്രതിഷേധത്തിന്റെ ഭാഗമായി ഉപയോഗിക്കുവാന്‍ വിലക്കുന്നത് വിചിത്രമായിട്ടാണ് തനിക്ക് തോന്നുന്നത് എന്ന് ഇത് സംബന്ധിച്ച് പമേല പ്രതികരിച്ചു. അറിയപ്പെടുന്ന മൃഗ സ്നേഹിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമാണ് പമേല ആന്‍ഡേഴ്സന്‍.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, പ്രതിഷേധം, മൃഗങ്ങള്‍, സ്ത്രീ വിമോചനം