
കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ പാതയോരത്ത് ഉണ്‌ടായ ബോംബ് സ്‌ഫോടനത്തില്‍ ആറു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ നിമ്രോസില്‍ യാത്രാ ബസ് കുഴി ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്ന് സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ 20 പേര്‍ മരിച്ചു. കാണ്‌ഡഹാറിലേയ്‌ക്കുള്ള ദേശീയ പാതയിലാണ് സംഭവം. പ്രവിശ്യയിലെ ഖാഷ് റോഡ് ജില്ലയിലാണ് സിവിലിയന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ് കുഴി ബോംബ് സ്‌ഫോടനത്തില്‍ തകര്ന്നത്. ആക്രമണത്തിന്റെ പിന്നില്‍ താലിബാന്‍ തീവ്രവാദികളാണെന്ന് സുരക്ഷാ സേന പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതു വരെ താലിബാന്‍ ഏറ്റെടുത്തിട്ടില്ല.




കാബൂള്‍: താലിബാന്‍ നേതാവ് മുല്ല ഒമറിനെ അഫ്ഗാനിസ്ഥാന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായി സമാധാന ചര്‍ച്ചയ്ക്ക് വിളിച്ചു. ഏറ്റുമുട്ടലിന്റെ പാത അവസാനിപ്പിച്ച് സമാധാന ചര്‍ച്ചയില്‍ പങ്കാളിയാകാന്‍ തയ്യാറാകണമെന്ന് കര്‍സായി അഭ്യര്‍ത്ഥിച്ചു. കുട്ടികളെയും സ്ത്രീകളെയും അടക്കം നിരപരാധികളായ ജനങ്ങളെ ആക്രമിക്കുന്നത് അവസാനി പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വിജയത്തിന് അരികിലാണെന്ന മുല്ല ഒമറിന്റെ പ്രസ്താവനയ്ക്ക് തൊട്ടു പിറകെയാണ് കര്‍സായിയുടെ ക്ഷണം എന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
























