താലിബാന് ഭീകരരെ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ സ്വാത് താഴ്വര ആക്രമിക്കും എന്ന് അമേരിക്ക വ്യക്തമാക്കി. ബൂണര്‍ താലിബാന്റെ നിയന്ത്രണത്തില്‍ ആയപ്പോള്‍ ഒബാമ ഭരണകൂടം തങ്ങളെ ബന്ധപ്പെടുകയും ഈ കാര്യം അറിയിക്കുകയും ചെയ്തു എന്ന് ഒരു മുതിര്‍ന്ന പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ താലിബാനും അല്‍ഖൈദക്കും എതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ആണവ രാഷ്ട്രമായ പാക്കിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദികളുടെ പിടിയില്‍ ആവുന്നത് അമേരിക്കയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ. താലിബാനോട് ബൂണറില്‍ നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടത് എന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ താലിബാന്റെ പിന്മാറ്റം പൂര്‍ണ്ണമല്ല എന്ന് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവിടത്തെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും താലിബാന്‍ നടപ്പിലാക്കിയ തങ്ങളുടെ രീതിയിലുള്ള ഇസ്ലാമിക നിയമത്തിന്റേയും താലിബാന്‍ ഭീകരരുടേയും ദയയില്‍ ആണ് കഴിയുന്നത്.



പാക്കിസ്ഥാന്‍ തലസ്ഥാനത്തേക്ക് താലിബാന്‍ മുന്നേറി കൊണ്ടിരിക്കുന്നത് ലോകം ആശങ്കയോടെ ഉറ്റു നോക്കുന്നു. ഇസ്ലാമാബാദിന് തൊട്ടടുത്തുള്ള ഒരു പ്രവിശ്യ താലിബാന്‍ ഭീകരരുടെ കൈയ്യില്‍ ആവാതിരിക്കാന്‍ വേണ്ടി അവിടേക്ക് അയച്ച ഒരു സൈനിക വ്യൂഹം താലിബാന്‍ ഭീകരര്‍ ഇന്നലെ ആക്രമിച്ചു നശിപ്പിച്ചതോടെ ഈ ആശങ്ക പ്രബലപ്പെട്ടു. ഇസ്ലാമാബാദില്‍ നിന്നും വെറും നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ബുണര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും താലിബാന്റെ നിയന്ത്രണത്തിലാണ്. ബുണറിലെ നിയമ വ്യവസ്ഥ അനിശ്ചിതത്വത്തിലാണ്. ഇവിടത്തെ ആറ് ന്യായാധിപന്മാരും അടിയന്തര അവധി എടുത്ത് ഇവിടെ നിന്നും സ്ഥലം വിട്ടിരിക്കുന്നു. ഇവിടെ നിന്നും വന്‍ തോതില്‍ യുവാക്കളെ താലിബാന്‍ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഇതോടെ ഇവിടെ നിന്നും താലിബാനെ പുറം തള്ളുക എന്നത് അസാധ്യം ആവും.
പാക്കിസ്ഥാന്റെ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്ക് അടുത്ത് ഇന്നലെ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഉന്നത താലിബാന്‍ നേതാവ് ഏറ്റെടുത്തു. പാക്കിസ്ഥാന്റെ ഗ്രാമീണ പ്രദേശങ്ങളില്‍ അമേരിക്ക ആക്രമണം തുടരുന്ന പക്ഷം ഇത്തരം ആക്രമണങ്ങളും തുടരും എന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനില്‍ ഉടനീളം താലിബാന്റെ നേതൃത്വത്തില്‍ ഇത്തരം ആക്രമണങ്ങള്‍ പെരുകുന്നുണ്ടെങ്കിലും അല്‍ ക്വൈദ ഭീകരര്‍ ഒളിച്ചിരിക്കുന്ന അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആണ് ആക്രമണങ്ങള്‍ ഏറെയും നടക്കുന്നത്. ഈ പ്രദേശത്താണ് ഒസാമ ബിന്‍ ലാദന്‍ ഒളിച്ചു താമസിക്കുന്നതായി കരുതപ്പെടുന്നത്. ശനിയാഴ്ച നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ ഒരു പോലീസ് സ്റ്റേഷനും പന്ത്രണ്ടോളം സൈനിക വാഹനങ്ങളും നശിച്ചു. 25 സുരക്ഷാ ഭടന്മാരും രണ്ട് സൈനികരും കൊല്ലപ്പെട്ടു. സ്ഥലം പോലീസ് മേധാവി അടക്കം അറുപതോളം പേര്‍ക്ക് പരിക്കുണ്ട്.
താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കി കൊണ്ടുള്ള നിയമത്തില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒപ്പു വെച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് സര്‍ദാരി ഈ നിയമത്തില്‍ ഒപ്പു വെച്ചത്. സ്വാത് താഴ്വരയില്‍ സമാധാനം പൂര്‍ണമായി പുനഃ സ്ഥാപിക്കപ്പെടുന്നതു വരെ ശരിയത്ത് നിയമം നടപ്പിലാക്കില്ല എന്നായിരുന്നു നേരത്തെ സര്‍ദാരിയുടെ നിലപാട്. എന്നാല്‍ തന്റെ പാര്‍ട്ടിയില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഈ കാര്യത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. താഴ്വരയില്‍ സമാധാനം പുനഃ സ്ഥാപിക്കുന്നതിന് പകരമായി ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന താലിബാന്റെ ആവശ്യം കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് താഴ്വരയില്‍ താലിബാന്‍ നിയമത്തിന്റെ പിന്‍ബലത്തോടെ തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങുകയും ജന ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണം ആകുകയും ചെയ്തതായി താഴ്വരയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ യൂ ട്യൂബിലും മറ്റും പ്രത്യക്ഷപ്പെടുകയും ഇതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുകയും ഉണ്ടായി.
താലിബാനുമായി സന്ധി ചെയ്തതിന്റെ തിക്ത ഫലങ്ങള്‍ പാക്കിസ്ഥാന്‍ അനുഭവിച്ചു തുടങ്ങിയതിന്റെ സൂചനയായി ലോകമെമ്പാടും കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു മൊബൈല്‍ ഫോണ്‍ വീഡിയോ ചിത്രം. പതിനേഴു കാരിയായ ഒരു പെണ്‍ കുട്ടിയെ താലിബാന്‍ ഭീകരര്‍ പൊതു സ്ഥലത്ത് തറയില്‍ കമിഴ്ത്തി കിടത്തി പൊതിരെ തല്ലുന്നതിന്റെ വീഡിയോ ചിത്രമാണ് ലോകത്തെ നടുക്കിയത്. ഈ പെണ്‍ കുട്ടി തന്റെ ഭര്‍ത്താവ് അല്ലാത്ത ഒരു പുരുഷനോടൊപ്പം വീടിനു വെളിയില്‍ ഇറങ്ങി എന്ന കുറ്റത്തിനാണ് ഈ കുട്ടിയെ ഇങ്ങനെ പൊതു സ്ഥലത്ത് വെച്ച് 34 അടി നല്‍കാന്‍ താലിബാന്‍ വിധിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരമായി സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ഉള്ള അധികാരം സന്ധിക്കുള്ള നിബന്ധനയായി താലിബാന്‍ കഴിഞ്ഞ ഫെബ്രുവരി 15ന് നേടി എടുത്തിരുന്നു. ഇതോടെ സ്വാത് താഴ്വരയിലെ ജനത്തിന്റെ ജീവിതം പൂര്‍ണ്ണമായും താലിബാന്റെ ഭീകരരുടെ ദയയിലായി.
യൂറോപ്പില്‍ അയല്‍ രാജ്യങ്ങള്‍ ഐക്യത്തോടെയും ഒരുമയോടെയും സഹവര്‍ത്തിക്കുന്നത് പോലെ ഇന്ത്യക്കും പാക്കിസ്ഥാനും ഒത്തൊരുമയോടെ നിലനില്‍ക്കാന്‍ ആവും എന്നാണ് താന്‍ കരുതുന്നത് എന്ന് മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പ്രത്യാശ പ്രകടിപ്പിച്ചു. വര്‍ഷങ്ങളോളം തമ്മില്‍ തമ്മില്‍ യുദ്ധവും സ്പര്‍ധയും വെച്ചു പുലര്‍ത്തിയ യൂറോപ്പിലെ രാജ്യങ്ങള്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം മാറ്റി വെച്ച് യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ച് തങ്ങളുടെ സംഘ ബലം കൂട്ടുകയാണ് ഉണ്ടായത്. ഇതേ മാതൃക തന്നെ ഇന്ത്യക്കും പാക്കിസ്ഥാനും സ്വീകരിക്കാവുന്നതാണ്. പതിവു പോലെ യുവാക്കളുമായുള്ള സംവാദത്തിനിടയിലാണ് കലാം ഈ അഭിപ്രായം പറഞ്ഞത്. കാശ്മീര്‍ പ്രശ്നത്തില്‍ രമ്യമായ ഒരു പരിഹാരത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനും എത്തി ചേരാന്‍ ആവുമോ എന്ന ജലന്ധറിലെ ഒരു എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാന്‍ ചാര സംഘടന ആയ ഐ.എസ്.ഐ. യും ഭീകരവാദികളുമായി നില നില്‍ക്കുന്ന ശക്തമായ സഹകരണത്തില്‍ അമേരിക്കന്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ഐ.എസ്.ഐ. മത മൌലിക വാദികളോടൊപ്പം ചേര്‍ന്ന് മദ്രസകളിലൂടെ മത പഠനത്തിന്റെ മറവില്‍ മത അസഹിഷ്ണുതയും വിദ്വേഷവും വളര്‍ത്തി ഭീകരര്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍.
തനിക്കു നേരെ നടന്ന അനീതിക്കെതിരെ നിരന്തരമായി പോരാടി പാക്കിസ്ഥാനില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ അന്താരാഷ്ട്ര പ്രതീകമായി മാറിയ മുഖ്തരണ്‍ മായ് വിവാഹിതയായി. 43 കാരിയായ മായി നസീര്‍ അബ്ബാസ് എന്ന ഒരു പോലീസുകാരനെയാണ് ഞായറാഴ്ച മുസ്സഫര്‍ഗര്‍ ജില്ലയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ചു വിവാഹം ചെയ്തത്. നസീര്‍ അബ്ബാസിന്റെ രണ്ടാം വിവാഹം ആണിത്.
ഇറാന്‍ – ഇന്ത്യാ – പാക്കിസ്ഥാന്‍ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യ ചേര്‍ന്നില്ലെങ്കിലും പദ്ധതിയുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോകും എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറിയിച്ചു. തന്റെ ഇറാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇറാന്റെ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയിലാണ് സര്‍ദാരി പാക്കിസ്ഥാന്റെ നിലപാട് വ്യക്തമാക്കിയത്. മൂന്നാമത്തെ കക്ഷി പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കിലും പദ്ധതി തുടരണം എന്നാണ് തങ്ങളുടെ പക്ഷം. ഇത് തങ്ങള്‍ ഇറാനെ അറിയിച്ചിട്ടുമുണ്ട്. ഇറാന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ താന്‍ ഇത് ചര്‍ച്ച ചെയ്യും. ഇറാനിലേക്കുള്ള സര്‍ദാരിയുടെ ആദ്യ സന്ദര്‍ശനം ആണിത്. ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെജാദുമായി സര്‍ദാരി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് മാര്‍ച്ച് 11ന് നടക്കുന്ന സാമ്പത്തിക സഹകരണ സംഘടനയുടെ ഉച്ചകോടിയിലും പങ്കെടുക്കും.
























