ദോഹ: ഗാസയിലെ ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് അടിയന്തര ഉച്ചകോടിക്ക് ദോഹ ഷെറാട്ടണ്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ തുടക്കമായി. എല്ലാ തടസങ്ങളേയും അവഗണിച്ച് ഗാസയിലെ പീഢനം അനുഭവിക്കുന്ന ലക്ഷങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്തേ പറ്റൂ എന്ന ഖത്തര്‍ നേതൃത്വത്തിന്റെ ഇച്ഛാ ശക്തിയുടെ വിജയം കൂടിയായി ഗാസ ഉച്ചകോടി എന്നറിയപ്പെടുന്ന ഈ സമ്മേളനം. ഒരു വിഭാഗം അറബ് രാജ്യങ്ങള്‍ ബഹിഷ്കരി ച്ചെങ്കിലും ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദിന്റേയും ഹമാസ് പൊളിറ്റ് ബ്യൂറോ മേധാവി ഖാലിദ് അല്‍മിഷ് അലിന്റേയും സാന്നിധ്യം ദോഹ ഉച്ചകോടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി.
അധിവേശ ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണങ്ങ ളില്‍പ്പെട്ട് ഗാസയിലെ പതിനായിര ക്കണക്കായ നമ്മുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന കൊടും ദുരന്തത്തിന്റെ ആഴവും പരപ്പും പ്രതിഫലിക്കു ന്നതായില്ല അക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഈ സമ്മേളനമെന്ന് തന്റെ ഹൃസ്വമായ ഉദ്ഘാടന പ്രസംഗത്തില്‍ ദോഹ ഉച്ചകോടി ബഹിഷ്കരിച്ച രാജ്യങ്ങളെ ഉദ്ദേശിച്ചു കൊണ്ട് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനി പറഞ്ഞു. ഇത്രയും ഗുരുതരമായ ഒരു സാഹചര്യത്തിലും അക്കാര്യം ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ ഒരുമിച്ചു നില്‍ക്കുന്നില്ലെങ്കില്‍ ഇനിയെ പ്പോഴാണ് അതിന് നാം തയ്യാറാവുക എന്ന് അദ്ദേഹം ചോദിച്ചു. ഗാസയിലെ സ്വന്തം ജനങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്ന ഈ സമ്മേളനത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സന്നിഹിത നാവാത്തതില്‍ അമീര്‍ ഖേദം പ്രകടിപ്പിച്ചു.
അറബ് ലീഗിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ കൂടിയായ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍അസദ് സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ബഷീര്‍, ലബനാന്‍ പ്രസിഡന്റ് മിഷേല്‍ സുലൈമാന്‍, മൊറിത്താനിയന്‍ സുപ്രീം കൌണ്‍സില്‍ പ്രസിഡന്റ് ജനറല്‍ മുഹമ്മദ് വലദ് അബ്ദുല്‍അസീസ്, കോമൊറോസ് പ്രസിഡന്റ് അഹ്മദ് അബ്ദുല്ല സാമ്പി, അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍അസീസ് ബുതഫ്ലീഖ, ഇറാഖ് വൈസ് പ്രസിഡന്റ് താരിഖ് ആല്‍ഹാഷിമി, ലിബിയന്‍ പ്രധാനമന്ത്രി മഹ്മൂദി അല്‍ബഗ്ദാദി, ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി അല്‍അബ്ദുല്ല, മൊറോക്കന്‍ വിദേശകാര്യമന്ത്രി ത്വയ്യിബ് അല്‍ഫാസി, ജിബൂട്ടി ഇസ്ലാമികകാര്യമന്ത്രി ഡോ.ഹാമിദ് അബ്ദി, എന്നീ അറബ് നേതാക്കള്‍ക്കൊപ്പം ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദ്, ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന (ഒ ഐ സി) ചെയര്‍മാന്‍ കൂടിയായ സെനഗല്‍ പ്രസിഡന്റ് അബ്ദുല്ല വാദ്, തുര്‍ക്കി ഉപ്രധാനമന്ത്രി ജമീല്‍ തഷീഷക്, ഹമാസ് പൊളിറ്റ് ബ്യൂറോ നേതാവ് ഖാലിദ് മിഷ്അല്‍, ഇസ്ലാമിക് ജിഹാദ് സെക്രട്ടറി ജനറല്‍ റമദാന്‍ ഷലഹ്, ഫലസ്തീന്‍ നേതാവ് അഹ്മദ് ജിബ്രീല്‍ എന്നിവരാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്.
ഖത്തര്‍ സംഘത്തെ കിരീടാവകാശി ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍താനിയാണ് നയിക്കുന്നത്. പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍താനിയും ഖത്തറി സംഘത്തിലുണ്ട്. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറു മൂസയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരും രാജ കുടുംബാംഗങ്ങളും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. പിന്നീട് അടച്ചിട്ട ഹാളില്‍ ചര്‍ച്ചകള്‍ നടന്നു.
– മുഹമദ് യാസീന്‍ ഒരുമനയൂര്‍



ഇന്ന് തുടങ്ങുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ തുടക്കം കുറിക്കാന്‍ ഇസ്രായേലിന്‍റെ ആക്രമണത്തിന് ഇരയാകുന്ന ഫലസ്തീന്‍ ജനതയോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളും ആഘോഷ പരിപാടികളും ഇല്ല. യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ആണ് ഇത്തവണത്തെ ഷോപ്പിങ്ങ് മഹോത്സവത്തിന്റെ തുടക്കത്തിന് പ്രത്യേക ആഘോഷങ്ങള്‍ ഒന്നും വേണ്ടെന്ന് തീരുമാനിച്ചത് എന്ന് ദുബായ് എയര്‍പോര്‍ട്ട്സ്, എമിറേറ്റ്സ് എയര്‍ലൈന്‍സ്, ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ഓഫീസ് സുപ്രീം കമ്മിറ്റി എന്നിവയുടെ ചെയര്‍മാന്‍ ആയ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം അറിയിച്ചു.
ഇസ്രയേല്‍ ഹമാസിന് എതിരെ ഗാസയില്‍ നടത്തി വരുന്ന മനുഷ്യ കുരുതി ഇന്റര്‍നെറ്റിലും എത്തി. യൂ ട്യൂബില്‍ തങ്ങള്‍ ഹമാസ് പോരാളികളെ ആക്രമി ക്കുന്നതിന്റെ
ഇസ്രയേല്‍ ആക്രമണത്താല്‍ ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് യു.എ.ഇ. യില്‍ വ്യാപകമായ പ്രകടനങ്ങള്‍ അരങ്ങേറി. വിവിധ എമിറേറ്റുകളില്‍ നടന്ന പ്രതിഷേധ മാര്‍ച്ചുകളില്‍ ആയിര ക്കണക്കിന് യു.എ.ഇ. നിവാസികള്‍ പങ്കെടുത്തു. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ ജനം വെള്ളിയാഴ്ച ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍ കൈകളില്‍ ഏന്തി നിരത്തില്‍ ഇറങ്ങി. ഇസ്രയേലിന്റെ സൈനിക അതിക്രമം ഉടന്‍ അവസാനിപ്പിക്കാന്‍ അന്താരഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്ന ബോര്‍ഡുകളും പ്രകടനക്കാര്‍ ഉയര്‍ത്തി പിടിച്ചിരുന്നു. മുങ്ങി ചാകാന്‍ പോകുന്ന ഒരുവനെ രക്ഷിക്കാന്‍ ശ്രമിക്കാത്തത് മാപ്പ് ഇല്ലാത്ത പാപമാണ് എന്നത് പോലെ ഗാസയില്‍ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതും ആവശ്യമാണ് എന്ന് പ്രകടനത്തില്‍ പങ്കെടുത്ത ഇസ്ലാമിക പണ്ഡിതന്‍ അഹമ്മദ് അല്‍ ഖുബൈസി ആഹ്വാനം ചെയ്തു. ഷാര്‍ജയില്‍ നടന്ന ഏറ്റവും വമ്പിച്ച പ്രകടനത്തില്‍ പതിനായിരത്തോളം പ്രകടനക്കാര്‍ വന്‍ പോലീസ് സാന്നിധ്യത്തില്‍ എമിറേറ്റിലെ വിവിധ മനുഷ്യാവകാശ സാമൂഹ്യ സംഘടനകളുടെ നേതാക്കള്‍ക്കൊപ്പം കോര്‍ണീഷിലൂടെ മാര്‍ച്ച് നടത്തി. അബുദാബിയില്‍ വ്യത്യസ്ത ടെലിവിഷന്‍ ചാനലുകളിലായി എട്ട് മണിക്കൂറോളം നീണ്ടു നിന്ന ഒരു ധന ശേഖരണ പരിപാടിയില്‍ ഗാസയിലെ ജനതക്ക് 85 മില്ല്യണ്‍ ഡോളറിന്റെ ധന സഹായം സ്വരൂപിക്കുവാന്‍ കഴിഞ്ഞതും ഇന്നലെ നടന്ന ഐക്യ ദാര്‍ഡ്യ പ്രകടനങ്ങളുടെ ഭാഗമാണ്. ഗാസയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ കഷ്ടപ്പെടുന്നവരെ സഹായിക്കുവാന്‍ ഉള്ള അഭ്യര്‍ത്ഥനയുമായി യു.എ.ഇ. യിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് വെനെസ്വേലാ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ഇസ്രയേല്‍ അംബാസഡറെ പുറത്താക്കി. 600 ലേറെ പലസ്തീനികളാണ് ഇതു വരെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിദേശ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ കുറിപ്പിലാണ് ഇസ്രയേല്‍ അംബാസഡറേയും മറ്റ് ചില എംബസി ഉദ്യോഗസ്ഥരേയും പുറത്താക്കുന്നതായി അറിയിച്ചത്. ദക്ഷിണ ഇസ്രയേലില്‍ ഹമാസ് പോരാളികള്‍ നടത്തുന്ന റോക്കറ്റ് ആക്രമണം തടയുവാന്‍ വേണ്ടി കഴിഞ്ഞ മാസം 27 നാണ് ഇസ്രയേല്‍ സൈനിക നടപടികള്‍ തുടങ്ങിയത്. നേരത്തേ തന്നെ പലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രയേലിനെ ഷാവേസ് “കൊലപാതകികള്‍” എന്ന് വിളിച്ചിരുന്നു. വെനെസ്വേലയിലെ യഹൂദ ജനതയോട് ഇസ്രയേലിനെതിരെ നിലപാട് സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.
ഒരാഴ്ച നീണ്ടു നിന്ന വ്യോമ ആക്രമണത്തിനു ശേഷം ഇസ്രയേല്‍ കര സേന ഗാസയില്‍ ആക്രമണം തുടങ്ങി. ഇതു വരെ പന്ത്രണ്ടോളം ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടതായ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹമാസിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നതാണ് ഈ ആക്രമണത്തിന്റെ ലക്‌ഷ്യം എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യെഹൂദ് ബരാക് അറിയിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ദക്ഷിണ ഇസ്രയേലിലെ ജനം പൊറുതി മുട്ടിയിരിക്കുകയാണ്. എത്ര കഷ്ട്ടപ്പെട്ടായാലും തങ്ങള്‍ ഹമാസിന്റെ യുദ്ധ കേന്ദ്രങ്ങള്‍ തകര്‍ക്കുക തന്നെ ചെയ്യും. എത്ര സൈനികര്‍ ഈ യുദ്ധത്തില്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ടാലും ശരി തങ്ങളുടെ ലക്‌ഷ്യം കാണുന്നത് വരെ യുദ്ധം തുടരും. എന്നാലേ ദക്ഷിണ ഇസ്രയേലിലെ ജനങ്ങള്‍ക്ക് ദീര്‍ഘ കാല അടിസ്ഥാനത്തില്‍ സമാധാനത്തോടെ ജീവിക്കാന്‍ ആവൂ. എന്നാല്‍ ഗാസ ഇസ്രയേല്‍ സൈന്യത്തിന്റെ ശവ പറമ്പ് ആയിരിക്കും എന്ന് ഇതിന് മറുപടിയായി ഹമാസ് വക്താവ് അറിയിച്ചു. ഗാസ ഒരിക്കലും ഇസ്രായേലിനു പൂക്കള്‍ വിരിച്ച പരവതാനി ആയിരിക്കുകയില്ല. മറിച്ച് തീയും നരകവും ആയിരിക്കും എന്നും ഹമാസ് മുന്നറിയിപ്പ് നല്കി.
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തിന് എതിരെ ഐക്യ രാഷ്ട്ര സഭയില്‍ ചര്‍ച്ചക്ക് വന്ന ലിബിയന്‍ പ്രമേയത്തില്‍ തീരുമാനം ഒന്നും ആയില്ല. ഐക്യ രാഷ്ട്ര സഭ ഉടന്‍ പ്രദേശത്ത് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. എന്നാല്‍ ഈ പ്രമേയത്തില്‍ പലസ്തീന്‍ ഇസ്രായേലിനു നേരെ നടത്തുന്ന ആക്രമണത്തെ പറ്റി ഒന്നും പരാമര്‍ശിക്കുന്നില്ല എന്ന് അമേരിക്കയും ബ്രിട്ടനും അഭിപ്രായപ്പെട്ടു. ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തുവാന്‍ വേണ്ടി 48 മണിക്കൂര്‍ വെടി നിര്‍ത്തല്‍ നടത്തുവാന്‍ ഇസ്രയേല്‍ പ്രധാന മന്ത്രി യെഹൂദ് ഓള്‍മെര്‍ട്ട് വിസമ്മതിച്ചു | വെടി നിര്‍ത്തല്‍ ഹമാസും ഇസ്രയെലും തമ്മില്‍ തീരുമാനിച്ചു നടപ്പിലാക്കേണ്ടതാണ് എന്നും ഇതില്‍ ഐക്യ രാഷ്ട്ര സഭ ഇടപെടരുത് എന്നും അമേരിക്കന്‍ അംബാസ്സഡര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അഞ്ചു ദിവസമായി യുദ്ധം തുടരുന്ന പ്രദേശം താന്‍ ഉടന്‍ തന്നെ സന്ദര്‍ശിച്ചു പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരായും എന്ന് ഫ്രെഞ്ച് പ്രസിഡന്റ് സര്‍ക്കോസി പ്രസ്താവിച്ചു. തങ്ങള്‍ക്ക് നേരെയുള്ള ഭീഷണി ഒഴിവാകുന്നത് വരെ തങ്ങള്‍ സൈനിക നടപടിയുമായി മുന്‍പോട്ടു പോകുക തന്നെ ചെയ്യും എന്ന് ഇസ്രയേല്‍ അറിയിച്ചു.
ഗാസയില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഇസ്രയേല്‍ നടത്തി വരുന്ന മനുഷ്യത്വ രഹിതമായ സൈനിക ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അനാവശ്യവും വിവേചന രഹിതവും ആയ ഇത്തരം സൈനിക നീക്കങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇത്തരം അക്രമം പ്രദേശത്തെ സമാധാന പ്രക്രിയയെ പ്രതികൂലമായി ബാധിക്കും എന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി | സൈനിക നടപടിയില്‍ ഇത്രയധികം നിരപരാധികളായ സാധാരണ ജനം കൊല്ലപ്പെടുന്നത് നിരാശാ ജനകം ആണ് എന്ന് വിദേശ കാര്യ വകുപ്പ് വക്താവ് അഭിപ്രായപ്പെട്ടു. ഒരിക്കലും തിരികെ കൊണ്ടു വരാന്‍ ആവാത്ത വണ്ണം ഇതു ഇവിടത്തെ സമാധാനം നശിപ്പിക്കും. ഇതു അനുവദിക്കാനാവില്ല. സൈനിക ബല പ്രയോഗത്തിലൂടെ പലസ്തീന്‍ പൌരന്‍മാരെ കൊന്നൊടുക്കുന്നത് ഉടന്‍ അവസാനിപ്പിക്കണം എന്നും ഇന്ത്യ ആവശ്യപ്പെട്ടു.
























