ചുരാ ലിയാ ഹൈ തുംനെ ജോ ദില്‍ കോ… യാദോം കീ ബാരാത്ത് എന്ന സിനിമയിലെ ഹൃദയ ഹാരിയായ ഈ ഗാനം കഴിഞ്ഞ ദിവസം അതി മനോഹരമായി ടെലിവിഷനില്‍ പാടി കേട്ട പലര്‍ക്കും അത് പാടിയ സുന്ദരിയായ ഗായികയുടെ ആദ്യത്തെ ടെലിവിഷന്‍ അവതരണമായിരുന്നു അതെന്ന് വിശ്വസിക്കാനായില്ല. അത്ര അയത്ന ലളിതമായിട്ടാണ് കൃഷ്ണപ്രിയ ആ ഗാനം ആലപിച്ചത്.
തികച്ചും ഒരു സംഗീത കുടുംബമാണ് കൃഷ്ണപ്രിയയുടെത്. ഷാര്‍ജ സിമെന്റ്സില്‍ ഉദ്യോഗസ്ഥനായ അച്ഛന്‍ നന്ദകുമാര്‍ യു.എ.ഇ. യിലെ അറിയപ്പെടുന്ന സിത്താര്‍ കലാകാരനാണ്. അദ്ധ്യാപികയായ അമ്മ ലക്ഷ്മി മേനോന്‍ ഒരു തികഞ്ഞ ശാസ്ത്രീയ സംഗീത കലാകാരി കൂടിയാണ്. ഇങ്ങനെയൊരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കൃഷ്ണപ്രിയ ഒരു ഗായികയായത് സ്വാഭാവികം. വീട്ടില്‍ വെച്ചു സഹോദരന്‍ സഞ്ജയ് കൃഷ്ണയോടൊപ്പം ചെറുപ്പം മുതല്‍ തന്നെ സംഗീതം അഭ്യസിച്ചു. നഗരത്തില്‍ നിന്നും ദൂരെ മാറി ഫാക്ടറിയോട് ചേര്‍ന്നുള്ള ടൌണ്‍ഷിപ്പില്‍ താമസിച്ചിരുന്നത് കൊണ്ട് അധിക നാള്‍ സംഗീത പഠനം തുടരാന്‍ സാധിച്ചില്ല. എന്നാല്‍ കാലക്രമേണ ഇവര്‍ സ്വന്തമായി തങ്ങളുടെ കലാ സപര്യ തുടര്‍ന്നു.
സഞ്ജയ് കൃഷ്ണ ഗിത്താറില്‍ വൈദഗ്ദ്ധ്യം നേടിയപ്പോള്‍ കൃഷ്ണപ്രിയ നൃത്തം അഭ്യസിച്ചു. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഹിന്ദുസ്ഥാനി സംഗീത പരിശീലനം തുടര്‍ന്ന കൃഷ്ണപ്രിയ തിരുമുറ്റം, ദല എന്നീ സംഘടനകള്‍ നടത്തുന്ന വാര്‍ഷിക കലാ മല്‍സരങ്ങളില്‍ സ്ഥിരം വിജയിയായിരുന്നു.
അച്ഛനമ്മമാരുടെ പ്രോത്സാഹനവും, സഹോദരന്റെ സഹായവും കൂടി ആയതോടെ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയെടുത്ത കൃഷ്ണപ്രിയ വ്യത്യസ്ത സംഗീത സംവിധായകരുടെ ഗാനങ്ങള്‍ വ്യത്യസ്ത ശൈലികളില്‍ ആലപിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടി. ഹരിഹരനും എ. ആര്‍. റഹ്മാനും തന്റെ കാണപ്പെട്ട ദൈവങ്ങളാണെന്ന് പറയുന്നു കൃഷ്ണപ്രിയ.
അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഒരു സ്വകാര്യ സംഗീത ട്രൂപ്പിനോടൊപ്പം പാടി തുടങ്ങിയ കൃഷ്ണപ്രിയ പെട്ടെന്ന് തന്നെ യു.എ.ഇ. യിലെ സുഹൃദ് സദസ്സുകള്‍ക്ക് പ്രിയങ്കരിയായി. ജയ് ഹിന്ദ് ടെലിവിഷന്‍ ചാനലിലെ മെമ്മറീസ് ആന്‍ഡ് മെലഡീസ് എന്ന പരിപാടിയില്‍ പാടിയതോടെ കൃഷ്ണപ്രിയ മലയാളി സംഗീത പ്രേമികളുടെ ഇടയില്‍ ഏറെ ചര്‍ച്ചാ വിഷയവുമായി. അനായാസമായ ശൈലിയില്‍ ഇമ്പമാര്‍ന്ന ശബ്ദത്തില്‍ ആലപിച്ച ഹൃദ്യമായ ആ ഗാനം കൃഷ്ണപ്രിയയെ ലോകമെമ്പാടുമുള്ള മലയാളി ശ്രോതാക്കളുടെ പ്രിയങ്കരിയാക്കി.
ഇതേ തുടര്‍ന്ന് ഒട്ടേറെ അവസരങ്ങളാണ് കൃഷ്ണപ്രിയയെ തേടി വന്നത്. ഗാനമേളകള്‍, ആല്‍ബങ്ങള്‍, ചാനലുകളില്‍ അവതാരിക എന്നിങ്ങനെയുള്ള അവസരങ്ങള്‍ക്ക് പുറമേ നിരവധി സിനിമകളില്‍ പിന്നണി പാടുവാനുള്ള അവസരങ്ങളും കൃഷ്ണപ്രിയയെ തേടി വന്നു കൊണ്ടിരിക്കുന്നു.
സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണവും തനിക്ക് ലഭിച്ചെങ്കിലും അഭിനയത്തിലേറെ തനിക്ക് ഒരു ഗായികയാവാനാണ് ഇഷ്ടം എന്ന് ദുബായിലെ മണിപ്പാല്‍ സര്‍വകലാശാലയില്‍ നിന്നും മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബി. എ. ബിരുദം നേടിയ കൃഷ്ണപ്രിയ പറയുന്നു. ഒരിക്കലെങ്കിലും കൃഷ്ണപ്രിയയുടെ ഗാന നിര്ഝരിയുടെ മാധുര്യം അനുഭവിച്ചവര്‍ക്കാര്‍ക്കും വ്യത്യസ്തമായ ശബ്ദത്താല്‍ അനുഗ്രഹീതയായ യു.എ.ഇ. യുടെ ഈ പ്രിയ കലാകാരിയുടെ മോഹം പൂവണിയുമെന്നതില്‍ സംശയമുണ്ടാവില്ല.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: music