തിരുവനന്തപുരം : 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തിനുള്ള (2023 വർഷം) ജൂറിയെ തെരഞ്ഞെടുത്തു. ദേശീയ പുരസ്‌കാര ജേതാവും തിരക്കഥാ കൃത്തും സംവിധായകനുമായ സുധീര്‍ മിശ്രയാണ് ജൂറി അദ്ധ്യക്ഷൻ.
സംവിധായകന്‍ പ്രിയനന്ദനൻ, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പൻ എന്നിവരെ പ്രാഥമിക ജൂറി അദ്ധ്യക്ഷന്മാരായും നിയമിച്ച് സർക്കാർ ഉത്തരവായി. ഇരുവരും അന്തിമ വിധി നിർണ്ണയ സമിതിയിലെ അംഗങ്ങളും ആയിരിക്കും.
എഴുത്തുകാരന്‍ എന്‍. എസ്. മാധവന്‍, സംവിധായൻ ലിജോ ജോസ് പെല്ലിശ്ശേരി, അഭിനേത്രിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ആന്‍ അഗസ്റ്റിന്‍, സംഗീത സംവിധായകന്‍ ശ്രീവത്സന്‍ ജെ. മേനോന്‍ എന്നിവരാണ് ജൂറി അംഗങ്ങൾ.
തിരക്കഥാ കൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തും കടവ്, വിനോയ് തോമസ്, എഴുത്തുകാരി മാളവിക ബിന്നി, ഛായാഗ്രാഹകൻ പ്രതാപ് പി. നായർ, എഡിറ്റർ വിജയ് ശങ്കർ, ശബ്ദ ലേഖകൻ സി. ആർ. ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധി നിർണ്ണയ സമിതിയിലെ മറ്റ് അംഗങ്ങൾ.
ചലച്ചിത്ര നിരൂപകയും എഴുത്തു കാരിയുമായ ഡോ. ജാനകി ശ്രീധരനാണു രചനാ വിഭാഗം ജൂറി ചെയർ പേഴ്സൺ. ചലച്ചിത്ര നിരൂപകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ. ജോസ് കെ. മാനുവൽ, എഴുത്തുകാരൻ ഡോ. ഒ. കെ. സന്തോഷ്, അക്കാദമി സെക്രട്ടറി സി. അജോയ് (ജൂറി മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.
2023 വർഷത്തിൽ റിലീസ് ചെയ്തതിൽ 160 സിനിമ കളാണ് അവാർഡിന് സമർപ്പിച്ചിട്ടുള്ളത്. ജൂലായ് 13 ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.