പി. ജയചന്ദ്രൻ അന്തരിച്ചു

January 10th, 2025

veteran-singer-p-jayachandran-passed-away-ePathram

തൃശൂർ : ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. അർബുദ രോഗ ബാധിതനായി ചികിത്സ യിൽ ആയിരുന്നു. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണ ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് മരിച്ചത്.

ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ടു വീട്ടില്‍ എത്തിച്ചു പൊതു ദർശനത്തിനു വെച്ചു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ പറവൂര്‍ ചേന്ദ മംഗലത്തെ പാലിയം തറവാട്ടു വീട്ടിലേക്കു കൊണ്ടു പോകും. ശനിയാഴ്ച രാവിലെ 9 മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതു ദര്‍ശനം. വൈകുന്നേരം നാല് മണിയോടെ സംസ്കാരം നടക്കും.

ഭാവഗായകൻ എന്ന വിശേഷണമുള്ള പി. ജയചന്ദ്രൻ, മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നിത്യ ഹരിതങ്ങളായ പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം, കേരളാ തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങള്‍, തമിഴ്നാട് സർക്കാരിന്റെ കലൈമാ മണി ബഹുമതി, ജെ. സി. ഡാനിയൽ പുരസ്കാരം തുടങ്ങിയവ ഭാവ ഗായകനെ തേടി എത്തി. നഖക്ഷതങ്ങൾ അടക്കം ഏതാനും ചിത്രങ്ങളിൽ അഭിനേതാവായും എത്തി.

1944 മാർച്ച് മൂന്നിനു എറണാകുളം രവിപുരത്ത് രവി വർമ്മ കൊച്ചനിയൻ തമ്പുരാൻ -പാലിയത്ത് സുഭദ്രക്കുഞ്ഞമ്മ ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്നാമത്തെ മകനായാണ് ജയചന്ദ്രന്റെ ജനനം.

1965 ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് പി. ജയചന്ദ്രൻ സിനിമാ ഗാന ആലാപന രംഗത്തേക്ക് കടന്നു വന്നത്.

അടുത്ത വർഷം പുറത്തിറങ്ങിയ കളിത്തോഴൻ എന്ന സിനിമയിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി…’ എന്ന ഗാന ത്തിലൂടെ ചലച്ചിത്ര പിന്നണി ഗാന ശാഖയിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു ഇടം നേടി എടുക്കാൻ സാധിച്ചു. പിന്നീടുള്ളത് ചരിത്രം.

* Image Credit : WiKiPeDia

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്യാം ബെനഗല്‍ അന്തരിച്ചു

December 24th, 2024

legendery-film-maker-shyam-benegal-passes-away-ePathram
വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ (90) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ച വൈകുന്നേരം ആറര മണിയോടെയായിരുന്നു അന്ത്യം. മകള്‍ പിയ ബെനഗല്‍ ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾക്ക് രാജ്യം ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം (2005) നൽകി ആദരിച്ചു. 1976 ല്‍ പദ്മശ്രീയും 1991ല്‍ പദ്മ വിഭൂഷണും കരസ്ഥമാക്കിയിരുന്നു. വിവിധ ചിത്രങ്ങൾക്കായി 18 ദേശീയ പുരസ്‌കാരങ്ങള്‍ നേടി.

1934 ല്‍ ആന്ധ്രാ പ്രദേശിലെ ഹൈദരാബാദിൽ ജനിച്ച ശ്യാം ബെനഗല്‍, പന്ത്രണ്ടാം വയസ്സിൽ ആദ്യ ചലച്ചിത്രം ഒരുക്കി. അദ്ദേഹത്തിൻ്റെ പിതാവ്, പ്രശസ്ത ഫോട്ടോ ഗ്രാഫർ ആയിരുന്ന ശ്രീധര്‍ ബെനഗൽ സമ്മാനിച്ച ക്യാമറ യിലായിരുന്നു ശ്യാം ബെനഗല്‍ ആദ്യത്തെ ചലച്ചിത്ര സൃഷ്ടി നടത്തിയത്.

ഉസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പി റൈറ്ററായി ജോലി ചെയ്തു. പഠന കാലത്താണ് ഹൈദരാബാദ് ഫിലിം സൊസൈറ്റി ശ്യാം ബെനഗൽ സ്ഥാപിച്ചത്.

1962 ല്‍ ആദ്യത്തെ ഡോക്യുമെന്ററി എടുത്തു. 1966 മുതല്‍ 1973 വരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകൻ ആയിരുന്നു. നാഷണൽ ഫിലിം ഡെവലപ്പ് മെന്റ് കോർപ്പറേഷൻ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അമരീഷ് പുരി, അനന്ത നാഗ്, ഷബാന ആസ്മി തുടങ്ങി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഭകളെ ചലച്ചിത്ര മേഖലയിൽ എത്തിച്ചതിൽ അദ്ദേഹം മുഖ്യ പങ്കു വഹിച്ചു.

സ്മിതാ പാട്ടീൽ, ഓംപുരി, നസ്റുദ്ദീൻ ഷാ, കുൽഭൂഷൻ കർബന്ദ എന്നിവർ ശ്യാം ബെനഗൽ ചിത്രങ്ങളിലൂടെ ഹിന്ദി യിലെ മുഖ്യ ധാരാ സിനിമകളിലും സജീവമായി.

അങ്കുർ (1974), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), സർദാരി ബീഗം (1996) തുടങ്ങിയവ ഹിന്ദിയിലെ ക്ലാസിക്ക് സിനിമകളായി അറിയപ്പെടുന്നു. ജുനൂൻ, മണ്ഡി, സൂരജ് കാ സത്വാൻ ഘോഡ, മമ്മോ, തൃകാൽ, ദ മേക്കിംഗ് ഓഫ് മഹാത്മാ, കലിയുഗ്, സുസ്മൻ എന്നിവ യാണ് മറ്റു ചിത്രങ്ങൾ.

2023-ൽ പുറത്തിറങ്ങിയ മുജീബ് : ദ മേക്കിംഗ് ഓഫ് എ നേഷൻ എന്ന ജീവ ചരിത്ര ചിത്രമാണ് ബെനഗലിൻ്റെ അവസാന സംവിധാന സംരംഭം. Twitter 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മീനാ ഗണേഷ് അന്തരിച്ചു

December 19th, 2024

actress-meena-ganesh-passses-away-ePathram
പ്രമുഖ നാടക പ്രവർത്തകയും അഭിനേത്രിയുമായ മീനാ ഗണേഷ് (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. ഷൊർണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇന്ന് പുലർച്ചെ അന്ത്യം സംഭവിച്ചത്.

നൂറിൽ അധികം സിനിമകളിലും ഇരുപത്തി അഞ്ചോളം സീരിയലുകളിലും അഭിനയിച്ചു. നാടക രംഗത്തു നിന്നാണ് മീനാ ഗണേഷ് സീരിയൽ-ചലച്ചിത്ര രംഗത്ത് എത്തിയത്.

നാടക രചയിതാവും സംവിധായകനും അഭിനേതാവും ആയിരുന്ന എ. എൻ. ഗണേഷ് ആണ് ഭർത്താവ്. 2009 ഒക്ടോബറിൽ അദ്ദേഹം മരിച്ചു. ഗണേഷ് എഴുതിയ ഒട്ടനവധി നാടകങ്ങളില്‍ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു.

ഭരത ക്ഷേത്രം, രാജസൂയം, പാഞ്ചജന്യം, ഉഷഃപൂജ, മയൂഖം, സിംഹാസനം, സ്വർണ്ണ മയൂരം, ഉമ്മിണിത്തങ്ക, പുന്നപ്ര വയലാര്‍, ഇന്ധനം, ഒഥല്ലോ, രാഗം, കാലം, സ്‌നേഹ പൂര്‍വം അമ്മ, ആയിരം നാവുള്ള മൗനം, നിശാ ഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സെര്‍ച്ച് ലൈറ്റ്, പാലം അപകടത്തില്‍, നോക്കു കുത്തികള്‍ എന്നിവയാണ് പ്രസിദ്ധ നാടകങ്ങള്‍.

കെ. പി. എ. സി., സൂര്യ സോമ, ചങ്ങനാശ്ശേരി ഗീഥ, കോട്ടയം നാഷണല്‍ തിയ്യറ്റേഴ്സ്, തൃശൂര്‍ ഹിറ്റ്‌സ് ഇന്റര്‍ നാഷണല്‍, അങ്കമാലി പൗർണ്ണമി, ചാലക്കുടി സാരഥി, തൃശൂര്‍ യമുന, തൃശൂർ ചിന്മയി, അങ്കമാലി പൂജ, കൊല്ലം ട്യൂണ, കായംകുളം കേരളം തീയ്യറ്റേഴ്സ് തുടങ്ങി നിരവധി സമിതികളില്‍ അഭിനയിച്ചിട്ടുണ്ട്.

പി. എ. ബക്കർ സംവിധാനം ചെയ്ത ‘മണി മുഴക്കം’ (1976) ആയിരുന്നു ആദ്യ ചിത്രം. മുഖചിത്രം (1991) എന്ന ചിത്രത്തില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയില്‍ സജീവമായത്. മീശ മാധവ നിലെ കഥാപാത്രവും മികച്ചതായിരുന്നു.

വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, കൂടാതെ നന്ദനം, മിഴി രണ്ടിലും, ഈ പുഴയും കടന്ന്, വാൽക്കണ്ണാടി, സെല്ലു ലോയ്ഡ് തുടങ്ങിയ സിനിമകളിലെ കഥാ പാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കലാഭവന്‍ മണിയുടെ അമ്മ കഥാപാത്രങ്ങൾ സിനിമാ പ്രേമികൾക്ക് ഇവരെ കൂടുതൽ സുപരിചിതയാക്കി. സീരിയല്‍ സംവിധായകൻ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍.

സംസ്‍കാരം ഷൊർണ്ണൂർ ശാന്തി തീരത്ത് നടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംവിധായകൻ മോഹൻ അന്തരിച്ചു

August 27th, 2024

film-director-mohan-passed-away-ePathram
മലയാള സിനിമയിൽ ന്യൂ വേവ് തരംഗത്തിനു തുടക്കം കുറിച്ച സംവിധായകൻ മോഹൻ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ് മോഹൻ. പ്രമുഖ നർത്തകിയും അദ്ദേഹത്തിൻ്റെ ‘രണ്ടു പെൺ കുട്ടികൾ’ എന്ന സിനിമയിലെ നായികയും ആയിരുന്ന പഴയ കാല അഭിനേത്രി അനുപമയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടിയ നിരവധി സിനിമകൾ ഒരുക്കി. മലയാള സിനിമയിലെ സുവർണ്ണ കാലമായ എൺപതു കളിലെ മുൻ നിര സംവിധായകനാണ് മോഹൻ. 1978 ൽ റിലീസ് ചെയ്ത വാടക വീട് എന്ന ചിത്രത്തിലൂടെയാണ് മോഹൻ സംവിധാന രംഗത്ത് സജീവമായത്.

തുടർന്ന്, ശാലിനി എൻ്റെ കൂട്ടുകാരി (1978), രണ്ടു പെൺ കുട്ടികൾ (1978), സൂര്യദാഹം (1979), കൊച്ചു കൊച്ചു തെറ്റുകൾ (1979), കഥയറിയാതെ (1981), വിട പറയും മുമ്പേ (1981), നിറം മാറുന്ന നിമിഷങ്ങൾ (1982), ഇളക്കങ്ങൾ (1982), ഇടവേള (1982), ആലോലം (1982), രചന (1983), മംഗളം നേരുന്നു (1984), ഒരു കഥ ഒരു നുണക്കഥ (1986), തീർത്ഥം (1987), ശ്രുതി (1987), ഇസബല്ല (1988), മുഖം (1990), പക്ഷേ (1994), സാക്ഷ്യം (1995), അങ്ങനെ ഒരു അവധിക്കാലത്ത് (1999), ദ കാമ്പസ് (2005) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

director-mohan-ePathram

സംസ്ഥാന – ദേശീയ തലങ്ങളിൽ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു ഇവയിൽ പലതും. വിടപറയും മുമ്പേ, മുഖം, ശ്രുതി, ആലോലം, അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.

മോഹൻ സംവിധാനം ചെയ്ത സിനിമകളിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ നിരവധി പ്രതിഭകൾ ഇന്നും സജീവമാണ്. (മഞ്ജു വാര്യർ -സാക്ഷ്യം-, ഇടവേള ബാബു തുടങ്ങിയവരുടെ ആദ്യ സിനിമകൾ). മറ്റു ഭാഷകളിലെ ശ്രദ്ധേയരായ അഭിനേതാക്കളും അദ്ദേഹത്തിൻറെ ചിത്രങ്ങളിലൂടെ മലയാളത്തിൽ സാന്നിദ്ധ്യം അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പങ്കജ് ഉദാസ് അന്തരിച്ചു

February 28th, 2024

gazal-singer-pankaj-udhas-ePathram

വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് (72) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ മകൾ നയാബ് ഉദാസ്, ഇൻസ്റ്റാ ഗ്രാമി ലൂടെയാണ് വിയോഗ വാർത്ത അറിയിച്ചത്.

1980 ൽ ‘ആഹത്’ എന്ന ആദ്യ ആൽബത്തിലൂടെ പങ്കജ് ഉദാസ് സംഗീത ആസ്വാദകരുടെ മനം കവർന്നു. പിന്നീട് മുഖരാർ, തറന്നം, മെഹ്ഫിൽ തുടങ്ങിയവയും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത് 1986 ൽ റിലീസ് ചെയ്ത ‘നാം’ എന്ന ഹിന്ദി സിനിമയിലെ ‘ചിട്ടി ആയീ ഹേ… ആയീ ഹേ… വതൻ സെ ഛിട്ടി’ എന്ന എവർ ഗ്രീൻ ഹിറ്റ് ഗാനത്തിലൂടെ പങ്കജ് ഉദാസ് സിനിമാ മേഖലക്കും പ്രിയപ്പെട്ട ഗായകനായി മാറി. ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന ‘നാം’ എന്ന സിനിമയുടെ വൻ വിജയത്തിന്‌ ഈ ഗാനം കാരണമായി എന്ന് പറയാം.

വിദേശങ്ങളിൽ അടക്കം നിരവധി സംഗീത വേദി കളിലും ധാരാളം സിനിമകളിലും പാടി. ‘എന്നുമീ സ്വരം’ എന്ന മലയാള ആൽബത്തിൽ പാടിയിട്ടുണ്ട്. 2006 ൽ പത്മശ്രീ പുരസ്കാരം നേടിയിരുന്നു.

* Image Credit : Kamal Kassim 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 16123...10...Last »

« Previous « ദേശീയ ചലച്ചിത്ര പുരസ്‌കാരം : ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത് എന്നിവരുടെ പേരുകള്‍ ഒഴിവാക്കി
Next Page » പ്രേക്ഷക ശ്രദ്ധ നേടി ‘പേയിംഗ് ഗസ്റ്റ്’ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine