ആനക്കൊമ്പുമായി ബന്ധപ്പെട്ട് മെഗാസ്റ്റാര്‍ മോഹന്‍ ലാലിനു ഉണ്ടായ പുലിവാലു ചില്ലറയല്ല. ഇപ്പോള്‍ ഇതാ ന്യൂജനറേഷന്‍ നായകന്‍ ഫഹദും ആനക്കൊമ്പില്‍ പിടിച്ച് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നു. ഈ യുവനടന്‍ ഒരു ആനയുടെ കൊമ്പില്‍ തൂങ്ങിയാടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ യൂറ്റൂബില്‍ വൈറലായിരിക്കുന്നത്. ഇയോബിന്റെ പുസ്തകം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഈ രംഗങ്ങള്‍ ആരോ മൊബൈലില്‍ ഷൂട്ട് ചെയ്തതെന്ന് കരുതുന്നു. ഇത് പിന്നീട് വാട്സ്‌ആപ്പ് , ഫേസ്ബുക്ക്, യൂടൂബ് തുടങ്ങി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയായിരുന്നു.
ഇതോടെ ഫഹദ് ഫാസിലിനെതിരെ മൃഗ സ്നേഹികള്‍ രംഗത്തെത്തി. സുപ്രീം കോടതി വിധിയുടെ പരസ്യമായ ലംഘനമാണ് ഫഹദ് ഫാസില്‍ നടത്തിയിരി ക്കുന്നതെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗമായ എം. എന്‍. ജയചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര മൃഗസംരക്ഷണ സമിതിയ്ക്ക് പരാതി നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. പരാതിയില്‍ കേന്ദ്ര സമിതിയുടെ റിപ്പോര്‍ട്ട് അറിഞ്ഞ ശേഷം മറ്റു നടപടികളിലേക്ക് കടക്കും. ഫഹദിനെതിരെയും ആനയുടമയ്ക്ക് എതിരെയും പരാതി നല്‍കിയിട്ടുണ്ട്.
ആന ഒരു വന്യ ജീവിയാണ്. ഫഹദിനെ പോലെ ഒരു താരം ഇപ്രകാരം ചെയ്താല്‍ അത് മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്നും, അത് അപകടങ്ങള്‍ക്ക് വഴി വെക്കുമെന്നുമാണ് മൃഗ സ്നേഹികള്‍ പറയുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആനയെ പ്രകോപിപ്പിച്ചേക്കാമെന്നും അത് അപകടങ്ങള്‍ക്ക് വഴി വെച്ചേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.