സിനിമ രംഗത്തെ വനിതകളുടെ ദുരനുഭവങ്ങൾ പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൻ്റെ പകർപ്പ് ആഗസ്റ്റ് 17 ശനിയാഴ്‌ച പുറത്തു വിടും. സിനിമാ രംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാന ത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്.
ഹൈക്കോടതി മുൻ ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ. എ. എസ്. ഉദ്യോഗസ്ഥ കെ. ബി. വത്സല കുമാരി എന്നിവരുടെ മൂന്നംഗ സമിതിയാണ് ഈ കമ്മിറ്റിയിൽ.
ഷൂട്ടിംഗ് ലൊക്കേഷനുകളിലും സിനിമയുടെ പിന്നണിയിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിൽ നടപടി എടുത്തതാണ്. 2017 ൽ നിയോഗിക്കപ്പെട്ട സമിതി, ആറു മാസത്തിനകം പഠന റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പി ക്കുകയും ചെയ്തു.
റിപ്പോർട്ട് പുറത്തു വിടാൻ നേരത്തെ വിവരാവകാശ കമ്മീഷണർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയം ആയതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുത് എന്ന് ആവശ്യപ്പെട്ട് സിനിമാ നിർമ്മാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
2017 ൽ നടിയെ ആക്രമിച്ച സംഭവത്തിനു ശേഷമാണ് അന്വേഷണ കമ്മീഷൻ വേണം എന്ന ആവശ്യം വിമന്‍ ഇന്‍ സിനിമ കലക്ടീവ് മുന്നോട്ടു വെച്ചത്.