ന്യൂഡല്‍ഹി : 2009 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച കുട്ടി സ്രാങ്കാണ്. “പാ“ എന്ന ചിത്രത്തിലെ അഭിനയത്തിനു അമിതാഭ് ബച്ചന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി ചിത്രമായ അബോഹൊമാനിലെ അഭിനയത്തിനു അനന്യ ചാറ്റര്‍ജി മികച്ച നടിയായി. ഇതേ ചിത്രത്തിന്റെ സംവിധായകന്‍ ഋതുപര്ണ്ണ ഘോഷ് ആണ് മികച്ച സംവിധായകന്‍. മികച്ച സഹ നടന്‍ ഫാറൂഖ് ഷേക്ക് (ലാഹോര്‍), സഹനടി അരുന്ധതി നാഗ് (പാ) എന്നിവരാണ്. ജനപ്രീതി നേടിയ ചിത്രം ത്രീ ഇഡിയറ്റ്സ്.
മികച്ച നടി അനന്യ ചാറ്റര്‍ജി
ഛായാഗ്രഹണം (അഞ്ജലി ശുക്ല), വസ്ത്രാലങ്കാരം (ജയകുമാര്‍), തിരക്കഥ (പി. എഫ്. മാത്യൂസ്, ഹരികൃഷ്ണ) എന്നീ പുരസ്കാരങ്ങളും കുട്ടിസ്രാങ്കിനു ലഭിച്ചു.
മികച്ച നടനുള്ള മത്സരത്തില്‍ ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയുടേ പേരും പരിഗണി ക്കപ്പെട്ടിരുന്നു. എന്നാല്‍ “പാ” യിലെ 12 വയസ്സുകാരനെ അവതരിപ്പിച്ച അമിതാഭ് ബച്ചന്റെ അഭിനയ മികവിനു മുന്‍തൂക്കം ലഭിച്ചു.
അമിതാഭ് 12 വയസുകാരനായി "പാ" യില്‍
ഹരിഹരന്‍ സംവിധാനം ചെയ്ത് ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച കേരള വര്‍മ്മ പഴശ്ശിരാജ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ശബ്ദ മിശ്രണം (റസൂല്‍ പൂക്കുട്ടി), എഡിറ്റിങ്ങ് (ശീകര്‍ പ്രസാദ്), പശ്ചാത്തല സംഗീതം (ഇളയ രാജ) എന്നീ പുരസ്കാരങ്ങളും ഈ ചിത്രത്തിനു ലഭിച്ചു.
കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ശിവന്‍ സംവിധാനം ചെയ്ത മലയാള ചിത്രം “കേശു”വും, കന്നട ചിത്രമായ ബുട്ടനിപ്പാര്‍ട്ടിയും പങ്കു വെച്ചു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത “കേള്‍ക്കുന്നുണ്ടോ” എന്ന ചിത്രത്തിലെ അഭിനയത്തിനു ഹസ്ന യ്ക്ക് മികച്ച ബാല നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം സി. എസ്. വെങ്കിടേശ്വരനാണ്.
ശബ്ദ മിശ്രണത്തിനു കഴിഞ്ഞ വര്‍ഷത്തെ മികച്ച ശബ്ദ ലേഖകനുള്ള ദേശീയ പുരസ്കാരം ലഭിച്ച റസൂല്‍ പൂക്കുട്ടിക്ക് പക്ഷെ ഈ ചിത്രത്തിലെ ശബ്ദ മിശ്രണത്തിനു സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള സര്‍ക്കാരിന്റെ അവാര്‍ഡ് ജൂറി പരിഗണിച്ചിരുന്നില്ല.