മലയാള സിനിമയിൽ ന്യൂ വേവ് തരംഗത്തിനു തുടക്കം കുറിച്ച സംവിധായകൻ മോഹൻ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ് മോഹൻ. പ്രമുഖ നർത്തകിയും അദ്ദേഹത്തിൻ്റെ ‘രണ്ടു പെൺ കുട്ടികൾ’ എന്ന സിനിമയിലെ നായികയും ആയിരുന്ന പഴയ കാല അഭിനേത്രി അനുപമയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടിയ നിരവധി സിനിമകൾ ഒരുക്കി. മലയാള സിനിമയിലെ സുവർണ്ണ കാലമായ എൺപതു കളിലെ മുൻ നിര സംവിധായകനാണ് മോഹൻ. 1978 ൽ റിലീസ് ചെയ്ത വാടക വീട് എന്ന ചിത്രത്തിലൂടെയാണ് മോഹൻ സംവിധാന രംഗത്ത് സജീവമായത്.
തുടർന്ന്, ശാലിനി എൻ്റെ കൂട്ടുകാരി (1978), രണ്ടു പെൺ കുട്ടികൾ (1978), സൂര്യദാഹം (1979), കൊച്ചു കൊച്ചു തെറ്റുകൾ (1979), കഥയറിയാതെ (1981), വിട പറയും മുമ്പേ (1981), നിറം മാറുന്ന നിമിഷങ്ങൾ (1982), ഇളക്കങ്ങൾ (1982), ഇടവേള (1982), ആലോലം (1982), രചന (1983), മംഗളം നേരുന്നു (1984), ഒരു കഥ ഒരു നുണക്കഥ (1986), തീർത്ഥം (1987), ശ്രുതി (1987), ഇസബല്ല (1988), മുഖം (1990), പക്ഷേ (1994), സാക്ഷ്യം (1995), അങ്ങനെ ഒരു അവധിക്കാലത്ത് (1999), ദ കാമ്പസ് (2005) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
സംസ്ഥാന – ദേശീയ തലങ്ങളിൽ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു ഇവയിൽ പലതും. വിടപറയും മുമ്പേ, മുഖം, ശ്രുതി, ആലോലം, അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
മോഹൻ സംവിധാനം ചെയ്ത സിനിമകളിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ നിരവധി പ്രതിഭകൾ ഇന്നും സജീവമാണ്. (മഞ്ജു വാര്യർ -സാക്ഷ്യം-, ഇടവേള ബാബു തുടങ്ങിയവരുടെ ആദ്യ സിനിമകൾ). മറ്റു ഭാഷകളിലെ ശ്രദ്ധേയരായ അഭിനേതാക്കളും അദ്ദേഹത്തിൻറെ ചിത്രങ്ങളിലൂടെ മലയാളത്തിൽ സാന്നിദ്ധ്യം അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: death, director, filmmakers, obituary, remembrance