തൃശൂർ : ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. അർബുദ രോഗ ബാധിതനായി ചികിത്സ യിൽ ആയിരുന്നു. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണ ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് മരിച്ചത്.
ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ടു വീട്ടില്‍ എത്തിച്ചു പൊതു ദർശനത്തിനു വെച്ചു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ പറവൂര്‍ ചേന്ദ മംഗലത്തെ പാലിയം തറവാട്ടു വീട്ടിലേക്കു കൊണ്ടു പോകും. ശനിയാഴ്ച രാവിലെ 9 മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതു ദര്‍ശനം. വൈകുന്നേരം നാല് മണിയോടെ സംസ്കാരം നടക്കും.
ഭാവഗായകൻ എന്ന വിശേഷണമുള്ള പി. ജയചന്ദ്രൻ, മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നിത്യ ഹരിതങ്ങളായ പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം, കേരളാ തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങള്‍, തമിഴ്നാട് സർക്കാരിന്റെ കലൈമാ മണി ബഹുമതി, ജെ. സി. ഡാനിയൽ പുരസ്കാരം തുടങ്ങിയവ ഭാവ ഗായകനെ തേടി എത്തി. നഖക്ഷതങ്ങൾ അടക്കം ഏതാനും ചിത്രങ്ങളിൽ അഭിനേതാവായും എത്തി.
1944 മാർച്ച് മൂന്നിനു എറണാകുളം രവിപുരത്ത് രവി വർമ്മ കൊച്ചനിയൻ തമ്പുരാൻ -പാലിയത്ത് സുഭദ്രക്കുഞ്ഞമ്മ ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്നാമത്തെ മകനായാണ് ജയചന്ദ്രന്റെ ജനനം.
1965 ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് പി. ജയചന്ദ്രൻ സിനിമാ ഗാന ആലാപന രംഗത്തേക്ക് കടന്നു വന്നത്.
അടുത്ത വർഷം പുറത്തിറങ്ങിയ കളിത്തോഴൻ എന്ന സിനിമയിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി…’ എന്ന ഗാന ത്തിലൂടെ ചലച്ചിത്ര പിന്നണി ഗാന ശാഖയിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു ഇടം നേടി എടുക്കാൻ സാധിച്ചു. പിന്നീടുള്ളത് ചരിത്രം.
* Image Credit : WiKiPeDia
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: death, obituary, remembrance, singer