പ്രശസ്ത നടൻ മാമുക്കോയ അന്തരിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ യിൽ ആയിരുന്നു. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്‍റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയക്ക് തളര്‍ച്ച അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറില്‍ ഉണ്ടായ രക്ത സ്രാവമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം.
കോഴിക്കോട് സ്വദേശിയായ മാമുക്കോയ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകന്‍ ആയിരുന്നു. നാടക രംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്.
പ്രശസ്ത നാടക – സിനിമാ പ്രവർത്തകരായ കെ. ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവി മാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്‌മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി (1979) എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. തുടർന്ന്, കലാ സംവിധായകന്‍ കൂടിയായ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ (1982) എന്ന ചിത്രത്തില്‍ അഭിനയിച്ചു. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ശുപാർശയിലാണ് ഈ സിനിമയിൽ വേഷം ചെയ്യാൻ കഴിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സിബി മലയില്‍ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ലഭിച്ചതെല്ലാം കോമഡി നിറഞ്ഞ കഥാപാത്രങ്ങൾ ആയിരുന്നു. സത്യൻ അന്തിക്കാടിൻ്റെ നാടോടിക്കാറ്റ്, സിദ്ധീഖ് ലാലിൻ്റെ ആദ്യ സിനിമ റാംജി റാവ് സ്പീക്കിംഗ്, മഴവില്‍ക്കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശിക വാര്‍ത്ത കള്‍, കൗതുക വാര്‍ത്ത, സന്ദേശം, തലയണ മന്ത്രം, ശുഭയാത്ര, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് തുടങ്ങി നിരവധി സിനിമകളിലൂടെ ഹാസ്യത്തിൻ്റെ വേറിട്ട ഒരു ശൈലി തന്നെ അദ്ദേഹം അവതരിപ്പിച്ചു.
സിനിമയിലെ ഹാസ്യാഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി പുരസ്‌കാരം ഏര്‍പ്പെടുത്തിയ 2008 ല്‍ ‘ഇന്നത്തെ ചിന്താ വിഷയം’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച ഹാസ്യ നടനുള്ള അവാർഡ് ലഭിച്ചത് മാമുക്കോയക്ക് ആയിരുന്നു.
ഹാസ്യം മാത്രമല്ല ക്യാരക്ടർ റോളുകളും തനിക്ക് വഴങ്ങും എന്നും അദ്ദേഹം തെളിയിച്ചു. കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’ എന്ന സിനിമയിലെ അബ്ദു എന്ന കഥാ പാത്രത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ അദ്ദേഹത്തിന് പ്രത്യേക പരാമർശം ലഭിച്ചു.
പ്രവാസി കലാകാരൻ ഷാജഹാന്‍ ചങ്ങരംകുളം തിരക്കഥ എഴുതി സംവിധാനം ചെയ്ത് യു. എ. ഇ. യില്‍ ചിത്രീകരിച്ച ‘തുടരും…’ എന്ന ടെലി സിനിമ യിൽ ഏവരുടെയും കണ്ണ് നനയിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.
ദേശീയ അവാര്‍ഡ് നേടിയ സുവീരന്‍റെ ബ്യാരി യിലെ പ്രകടനവും ശ്രദ്ധേയമായിരുന്നു. സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ് (2001), ഉരു (2023) എന്നീ ചിത്രങ്ങളില്‍ അദ്ദേഹം നായകനായി അഭിനയിച്ചു.
അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സില്‍ എന്ന സിനിമയാണ് ഏറ്റവും അവസാനം റിലീസ് ചെയ്തത്.