ആകാശദൂതിലെ കേശവന്‍ എന്ന ഒറ്റ കഥാപാത്രം മതി എന്‍. എഫ്. എന്ന നടനെ ഓര്‍ക്കുവാന്‍. “അടിച്ചതല്ല ചവിട്ടിയതാ… അതും ഷൂസിട്ട കാലു കൊണ്ട്….” രണ്‍ജി പണിക്കര്‍ തിരക്കഥ യൊരുക്കിയ പത്ര ത്തിലെ വിശ്വനാഥന്‍ എന്ന വില്ലന്‍ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് ഡയലോഗ് പ്രസന്റേഷനിലെ മികവു കൊണ്ടാണ്. വാക്കു കൊണ്ടും നോക്കു കൊണ്ടും തന്റെ കഥാപാത്രങ്ങളെ അനശ്വരനാക്കിയ എന്‍. എഫ്. വര്‍ഗ്ഗീസ് കടന്ന് പോയിട്ട് എട്ടു വര്‍ഷം തികയുന്നു.
മിമിക്രിയില്‍ നിന്നും സിനിമയില്‍ എത്തിയ ഈ പ്രതിഭയെ ശ്രദ്ധേയനാക്കിയത് ആകാശ ദൂതിലെ കേശവന്‍ എന്ന വില്ലന്‍ കഥാപാത്രം ആയിരുന്നു. പിന്നീട് സല്ലാപം, ഈ പുഴയും കടന്ന്, സ്ഫടികം, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി നൂറോളം ചിത്രങ്ങള്‍. നരസിംഹത്തിലെ നായകനെ കൂടുതല്‍ തിളക്കമാര്‍ന്ന താക്കുന്നതില്‍ വില്ലനായി വന്ന എന്‍. എഫിന്റെ അഭിനയ ചാരുതയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്.
പതിവു വില്ലന്‍ രൂപങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥനായിരുന്നു എന്‍. എഫ്. വര്‍ഗ്ഗീസ്. തന്റെ ആകാരത്തിനും, സ്വര ഗാംഭീര്യത്തിനും ഇണങ്ങുന്ന രീതിയില്‍ സ്വന്തമായ ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തി. രണ്‍ജി പണിക്കരും, രണ്‍ജിത്തും എല്ലാം സൃഷ്ടിച്ച കരുത്തുറ്റ വില്ലന്‍ കഥാപാത്രങ്ങളെ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ, തിരശ്ശീലയിലേക്ക് ആവാഹിച്ചു. പതിഞ്ഞ ശബ്ദത്തില്‍ ഉള്ള സംസാരത്തില്‍ പോലും പ്രേക്ഷകന്‍ കഥാപാത്രത്തിന്റെ അഴം ഉള്‍ക്കൊണ്ടു.
മികവുറ്റ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ അനുവദിക്കാതെ 2002 ജൂണ്‍ 19ന് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വിധി ഈ അതുല്യ പ്രതിഭയെ തട്ടിയെടുത്തു. ഇന്നും എന്‍. എഫ്. വര്‍ഗ്ഗീസ് അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകനു മുമ്പില്‍ പൊലിമ ഒട്ടും നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത മലയാള സിനിമയില്‍ ഇന്നും നികത്തപ്പെടാതെ നില്‍ക്കുന്നു.