ബാംഗ്ലൂര്‍ : പ്രമുഖ ചലച്ചിത്ര നടി നികിതയെ കന്നട സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കിയതായി റിപ്പോര്‍ട്ടുകള്‍. ഭാര്യ വിജയലക്ഷ്മിയെ ശാരീരികമായി പീഡിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന് റിമാന്‍ഡിലായ കന്നഡ നടന്‍ ദര്‍ശനുമായി നികിതയ്ക്ക് ബന്ധമുണ്ടെന്ന് കാണിച്ച് ദര്‍ശന്റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിലക്കെന്ന് അറിയുന്നു. ഏതാനും ചിത്രങ്ങളില്‍ ദര്‍ശനുമൊത്ത് അഭിനയിച്ചിട്ടുള്ള നികിതയ്ക്കെതിരെ ദര്‍ശന്റെ ഭാര്യ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ നികിത നിഷേധിച്ചു. എന്നാല്‍ നികിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചില വനിതാ സംഘടനകള്‍ പ്രകടനം നടത്തി.
സ്വഭാവ വേഷങ്ങളും ഗ്ലാമര്‍ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നികിത മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് ആയിരുന്നു ആദ്യ ചിത്രം. ഫാസിലിന്റെ മകന്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍. ചിത്രം പരാജയമായിരുന്നെങ്കിലും നികിത ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് വി. എം. വിനു സംവിധാനം ചെയ്ത ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി. ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്ന ചിത്രത്തിലും നികിത നായികയായിരുന്നു. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ നികിത കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.