അബുദാബി: പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെ ഏറ്റവും പുതിയതും ആധുനിക രീതിയില്‍ നിര്‍മിച്ചതുമായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അബുദാബി മുഷ്‌റിഫ് മാളില്‍ ബുധനാഴ്ച പ്രവര്‍ത്തനമാരംഭിച്ചു. അബുദാബി എയര്‍പോര്‍ട്ട് റോഡിലുള്ള പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് മുഷ്‌റിഫ് മാളിന്റെ രണ്ടാമത്തെ നിലയിലാണുള്ളത്. 230,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പണിത ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രായഭേദമെന്യേ എല്ലാത്തരം ഉപഭോക്താക്കള്‍ക്കും ആവശ്യമായ എല്ലാ ഉത്പന്നങ്ങളും ഏറ്റവും മിതമായ നിരക്കില്‍ ലഭ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി അറിയിച്ചു. ഭക്ഷ്യവസ്തുക്കള്‍, ബേക്കറി ഉത്പന്നങ്ങള്‍, മത്സ്യ-മാംസാദികള്‍, ഫാഷന്‍ വസ്ത്രങ്ങള്‍, പ്രത്യേകം ഇറക്കുമതി ചെയ്ത കേരളത്തിന്റെ നാടന്‍ പച്ചക്കറിറള്‍, ഇലക്‌ട്രോണിക്‌സ്, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്റ്റേഷനറി, സൗന്ദര്യവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയടങ്ങുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായുള്ളത്. ആയാസരഹിതമായ ഷോപ്പിങ്ങിന് ഇരുപതിലധികം കാഷ് കൗണ്ടറുകളും രണ്ടായിരത്തിലധികം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെന്നപോലെ കേരളത്തിലും ലുലു ഗ്രൂപ്പ് കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുകയാണെന്നും യൂസഫലി പറഞ്ഞു. കൊച്ചിയിലെ ലുലു ഷോപ്പിങ് മാള്‍ 2012ല്‍ പ്രവര്‍ത്തനസജ്ജമാകും. സൗദി അറേബ്യയിലും ഒമാനിലും ബഹ്‌റൈനിലും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ അടുത്തുതന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. മലയാളികളടക്കം ഒട്ടേറെ ആളുകള്‍ക്ക് കൂടുതല്‍ തൊഴിലവസരം കൂടി ഒരുക്കുന്നതാണ് ഗ്രൂപ്പിന്റെ പുതിയ പദ്ധതികളെന്ന് യൂസഫലി പറഞ്ഞു. 2011 അവസാനമാകുമ്പോഴേയ്ക്കും 100 ഔട്ടലെറ്റുകള്‍ എന്ന ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി