ഷാര്‍ജ : എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നരക തുല്യമായ ജീവിതം നയിക്കുന്ന ഇരകളുടെ പക്ഷത്തു നിന്ന് ഡി. വൈ. എഫ്. ഐ. നടത്തിയ നിയമ യുദ്ധവും, അതിന്മേലുള്ള സുപ്രീം കോടതി വിധിയും സമൂഹത്തില്‍ എവിടെയൊക്കെയോ നന്മയുടെ പൊന്‍വെളിച്ചം അവശേഷിക്കുന്നു എന്നതിന്റെ തെളിവുകളാണെന്ന് അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കലുഷിതമായ വര്‍ത്തമാന കേരളത്തില്‍ മൃഗീയമെന്നോ പ്രാകൃതമെന്നോ പോലും വിശേഷിപ്പിക്കാന്‍ പറ്റാത്ത തരത്തില്‍ ഒരു അധ്യാപകന് നേരെ നടന്ന അക്രമം ഒരു ഭാഗത്ത് നമ്മെ ലജ്ജിപ്പിക്കുമ്പോള്‍, മറുഭാഗത്ത് ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഊര്‍ജം പകരുന്ന ഇത്തരം പ്രകാശങ്ങള്‍ ഉണ്ടാകുന്നത് തികച്ചും അഭിനന്ദനാര്‍ഹമാണ്. “മാസ് ഷാര്‍ജ”യുടെ കലാ വിഭാഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കഥ പറയുന്ന തന്റെ “എന്മകജെ” എന്ന നോവലിന്റെ സൃഷ്ടിയില്‍ താന്‍ അനുഭവിച്ച സംഘര്‍ഷങ്ങള്‍ വിവരണാതീതമായിരുന്നു എന്ന് അദ്ദേഹം ഓര്‍മിച്ചു . എഴുതേണ്ടി വന്നത് സങ്കല്പ കഥാപാത്രങ്ങളെ കുറിച്ചല്ല മറിച്ചു നരക യാതന അനുഭവിച്ചു തീര്‍ക്കുന്ന കണ്മുന്പിലെ മനുഷ്യ ജീവിതങ്ങളെ കുറിച്ചായിരുന്നു. കരയാന്‍ പോലും കഴിയാത്ത കുഞ്ഞുങ്ങളെയും, കരഞ്ഞു കരഞ്ഞ്, കണ്ണീരു വറ്റിപ്പോയ അമ്മമാരെയും കുറിച്ചായിരുന്നു.
കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ അവശേഷിക്കുന്ന നന്മയുടെ പോന്കിരണങ്ങളെ തിരിച്ചു പിടിക്കാന്‍ ഉതകുന്നതായിരിക്കണം. മനുഷ്യ മനസ്സിനെ സംസ്കരിച്ചെടുക്കുന്നതോടൊപ്പം മാനവികതയുടെ മുന്നേറ്റത്തിനും രചനകള്‍ ഉപകരിക്കണം. മരണവും കാതോര്‍ത്തു റെയില്‍ പാളത്തില്‍ കിടന്ന ഒരു ചെറുപ്പക്കാരന്റെ മനസ്സില്‍, കഴുത്തില്‍ മണിയുമായി തുള്ളിച്ചാടി നടന്ന ആടിന്കുട്ടിയിലെ ജീവന്റെ തുടിപ്പ് ഉണ്ടാക്കിയ മാനസിക പരിവര്‍ത്തനം നന്ദനാരുടെ കഥയെ ഉദാഹരിച്ചു കൊണ്ട് അംബികാസുതന്‍ മാങ്ങാട് ചൂണ്ടിക്കാട്ടി .
“മാസ്” കലാ വിഭാഗം കണ്‍വീനര്‍ തുളസീദാസ് സ്വാഗതം ആശംസിച്ച ചടങ്ങിനു പ്രസിഡണ്ട് ശ്രീപ്രകാശ് അധ്യക്ഷത വഹിച്ചു. .ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബാലകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അനില്‍ അമ്പാട്ട് നന്ദി രേഖപ്പെടുത്തി. ഉദ്ഘാടന യോഗത്തിന് ശേഷം മാസ് അംഗങ്ങള്‍ ചിട്ടപ്പെടുത്തിയ പഞ്ചാരി മേളവും വിവിധ കലാ പരിപാടികളും അരങ്ങേറി. മാസ് ഷാര്‍ജയുടെ സ്നേഹോപഹാരം കൈരളി ടി. വി. യു. എ. ഇ. കോ ഓര്‍ഡിനേറ്റര്‍ കൊച്ചുകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാടിന് സമ്മാനിച്ചു.
– അയച്ചു തന്നത് : ശ്രീപ്രകാശ്, ഷാര്‍ജ