
റിയാദ് : സൌദി അറേബ്യ യിലെ പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മ പയ്യന്നൂര്‍ സൗഹൃദ വേദി യുടെ ഉദ്ഘാടനവും തുടര്‍ന്ന് നടന്ന ‘സൗഹൃദ സന്ധ്യ’ എന്ന കലാ വിരുന്നും ശ്രദ്ധേയമായി.
പ്രശസ്ത പിന്നണി ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നൂര്‍ തുടങ്ങിയ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടി കളുടെ വത്യസ്തത കൊണ്ടും വന്‍ ജനപങ്കാളിത്തം കൊണ്ടും റിയാദിലെ മലയാളി കള്‍ക്ക് അവിസ്മരണീയമായ അനുഭവമായി മാറി സൗഹൃദ സന്ധ്യ.
റിയാദിലെ പ്രവാസി പ്രമുഖന്‍ ആയിരുന്ന കെ. എസ്. രാജന്‍റെ ഓര്‍മ്മക്കായി ഒരുക്കിയ കെ. എസ്. രാജന്‍ നഗറില്‍ നടന്ന സമ്മേളനം അദ്ദേഹത്തെ കുറിച്ചുള്ള ഡോകുമെന്‍ററി പ്രദര്‍ശന ത്തോടെയാണ് തുടങ്ങിയത്.
ഉദ്ഘാടന സമ്മേളന ത്തില്‍ കെ. പി. അബ്ദുല്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം ഗള്‍ഫിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് പ്രോഗ്രാം ഡയറക്ടരുമായ രമേശ് പയ്യന്നൂര്‍ നിര്‍വ്വഹിച്ചു.

പത്ത് വര്ഷം മുമ്പ് ദുബായില്‍ ആദ്യമായി രൂപീകരിച്ച പയ്യന്നൂര്‍ സൗഹൃദ വേദി ഇന്ന് എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും ശക്തമായ പ്രാതിനിധ്യ മുള്ള ഒരേയൊരു പ്രാദേശിക സംഘടന യായി വളര്‍ന്നിരിക്കുന്നു എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
പയ്യന്നൂര്‍ സൗഹൃദ വേദി ജനറല്‍ സെക്രട്ടറി സനൂപ് പയ്യന്നൂര്‍ സൌഹൃദ വേദിയുടെ പ്രവര്‍ത്തന ങ്ങള്‍ വിശദീകരിച്ചു.
റിയാദിലെ പ്രമുഖ നേത്ര രോഗ വിദഗ്ദനും ജനകീയ ഡോക്ടറുമായ ഡോക്ടര്‍ ഭരതനെ റിയാദിലെ ഇന്ത്യന്‍ സമൂഹത്തിനു നല്‍കിയ നിസ്വാര്‍ത്ഥ സേവനങ്ങളെയും ആതുര സേവന രംഗത്തെ സമഗ്ര സംഭാവന കളെയും മാനിച്ചു കൊണ്ട് മോമെന്‌ടോ നല്‍കി ആദരിച്ചു.
ഡോക്ടര്‍ ഭരതനെ കുറിച്ചു തയ്യാറാക്കിയ ഡോകുമെന്‍ററി പ്രദര്‍ശനത്തിനു ശേഷം അദ്ദേഹം മറുപടി പ്രസംഗം നടത്തി.
നൂറു കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന സൗദി വ്യവസായ പ്രമുഖ രായ ഇബ്രാഹിം അല്‍ ഒതയ്ബി, അലി അല്‍ ഒതയ്ബി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
വേദി നടത്താന്‍ ഉദ്ദേശിക്കുന്ന പുനരധിവാസ പദ്ധതി യുടെ നിക്ഷേപക സമാഹരണ ത്തിന്‍റെ ആദ്യ ഗഡു, വേദി അംഗം ഇസ്മയില്‍ കരോള ത്തില്‍ നിന്നും രമേശ് പയ്യന്നൂര്‍ ഏറ്റുവാങ്ങി.
റിയാദിലെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ജനകീയ വേദിക്ക് പയ്യന്നൂര്‍ സൌഹൃദ വേദി യുടെ 20,000 രൂപ ധന സഹായം നല്‍കി. ഇക്കഴിഞ്ഞ 10 , 12 ക്ലാസ് പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച അംഗങ്ങളുടെ മക്കളായ കാവ്യ ജയന്‍, ജാസ്മിന്‍, ജസീറ തുടങ്ങിയവരെ അനുമോദിച്ചു.
വേദി ഏര്‍പ്പെടുത്തിയ ജീവ കാരുണ്യ ഫണ്ടിലേക്കുള്ള ലക്കി ഡ്രോ വിജയിക്ക് വെസ്‌റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ പ്രതിനിധി മുസ്തഫാ കവ്വായി ഒന്നാം സമ്മാനമായ ലാപ്‌ടോപ് വിതരണം ചെയ്യ്തു.
റിയാദിലെ എല്ലാ പ്രമുഖ സംഘടന കളുടെ പ്രതിനിധികളും, മാധ്യമ പ്രവര്‍ത്തകരും സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകരും ആരോഗ്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. വനിതാ വേദി ജനറല്‍ കണ്‍വീനെര്‍ സീമ മധു ഉദ്ഘാടന സമ്മേളനത്തിന്‍റെ അവതാരക യായിരുന്നു.
പയ്യന്നൂരിനെ കുറിച്ചു ബിജു വെള്ളൂര്‍ തയ്യാറാക്കിയ വീഡിയോ ഡോകുമെന്‍ററി പയ്യന്നൂരിന്‍റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചറിയിക്കുന്ന ദൃശ്യ വിരുന്നായി.
തുടര്‍ന്ന് പ്രശസ്ത മലയാള സിനിമ പിന്നണി ഗായകനും സംഗീത സംവിധായകനും സംഗീത അദ്ധ്യാപകനു മായ സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നയിച്ച മലയാള ചലചിത്ര ങ്ങളിലെ അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് ഒരു അപൂര്‍വ്വ ഗാന സന്ധ്യ റിയാദിലെ സംഗീത പ്രേമികള്‍ക്കായി പയ്യന്നൂര്‍ സൗഹൃദ വേദി ഒരുക്കി.
ചന്ദ്രമോഹന്‍ അവതാരകന്‍ ആയിരുന്നു. രഞ്ജിനി, വിനോദ് വേങ്ങയില്‍, നിസ്സാര്‍, രാജേഷ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ബാല വേദി അംഗങ്ങളായ അലീന സാജിദ്, നന്ദന ബാബു, ആര്യ വിനോദ്, ദേവനാരായണന്‍ ശ്രീരാഗ്, സാരംഗ് തുടങ്ങിയവര്‍ അവതരിപ്പിച്ച ഭരതനാട്യവും സിനിമാറ്റിക് ഡാന്‍സും വളരെ ശ്രദ്ധേയമായി.
അഷനാ റഹിം, അഭിരാമി അനില്‍, അശ്വതി തുടങ്ങിയവര്‍ അവതരിപ്പിച്ച ഒപ്പനയും നൃത്താദ്ധ്യാപകന്‍ സതീശ് മാസ്റ്റരുടെ നേതൃത്വ ത്തില്‍ അവതരിപ്പിച്ച ബ്രേക്ക് ഡാന്‍സും, ഷിനി ബാബു കോറിയോഗ്രാഫി ചെയ്യ്ത അമൃത സുരേഷും ടീമും അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും, പ്രൊഫഷണല്‍ പ്രോഗ്രാമുകളെ വെല്ലുന്ന നിലവാരം പുലര്‍ത്തി.
രമേശ് പയ്യന്നൂര്‍ അവതരിപ്പിച്ച മിമിക്രി വന്‍ കൈയടി യോടെയാണ് സദസ്സ് സ്വീകരിച്ചത്.
-അയച്ചു തന്നത് : ബ്രിജേഷ് സി. പി, റിയാദ്