ന്യൂഡൽഹി : ഡൽഹിയിലെ ബസിൽ നടന്ന ക്രൂരമായ ആക്രമണത്തിന് ഇരയായ പെൺകുട്ടിയും ഉത്തരവാദിയാണ് എന്ന പരാമർശം നടത്തിയ ആദ്ധ്യാത്മിക ഗുരു ആസാറാം ബാപ്പുവിന് വട്ടാണ് എന്ന് കോൺഗ്രസ് പ്രതികരിച്ചു. പെൺകുട്ടി തന്നെ ആക്രമിക്കുന്നവരെ തന്റെ സഹോദരന്മാരായി അഭിസംബോധന ചെയ്യുകയും അവരോട് യാചിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു എന്നാണ് ഇയാൾ കഴിഞ്ഞ ദിവസം അരുളിയത്. ഇത് വിവാദമായ സാഹചര്യത്തിലാണ് കോൺഗ്രസ് വക്താവ് പി. സി. ചാക്കോ ഇയാൾക്ക് തലയ്ക്ക് സുഖമില്ലെന്നും രോഗാതുരമായ ഒരു മനസ്സിന്റെ പ്രതിഫലനമാണ് ആസാറാമിന്റെ പ്രസ്താവനയിലൂടെ വെളിപ്പെട്ടത് എന്നും പറഞ്ഞത്.
എന്നാൽ സ്വയം ഒരു ആനയോട് ഉപമിച്ച ആസാറാം ഇത്തരം പട്ടികൾ കുരച്ചാലൊന്നും അനയെ അത് ബാധിക്കില്ല എന്നാണ് ഇതിനോട് പ്രതികരിച്ചത്.
ഇതിനിടെ നക്ഷത്രഫലം പ്രതികൂലമായതിനാലാണ് സ്ത്രീകൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാവുന്നത് എന്ന് പറഞ്ഞു വിവാദത്തിലായ ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി നാൻകി റാം കൻവാറിനേയും ചാക്കോ വിമർശിക്കാൻ മറന്നില്ല.
ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ ആരു നടത്തിയാലും അത് അപലപനീയമാണെന്നും അവ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേൽപ്പിക്കും എന്നും ചാക്കോ പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം, വിവാദം, സ്ത്രീ വിമോചനം