ഡല്‍ഹി : വ്യക്തികള്‍ ഫയല്‍ ചെയ്യുന്ന ആദായ നികുതി റിട്ടേണുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കേന്ദ്ര വിവര കമ്മീഷന്‍ വ്യക്തമാക്കി. തങ്ങളുമായി ബന്ധമില്ലാത്ത മൂന്നാമതൊരാള്‍ തങ്ങളുടെ ആദായ നികുതി റിട്ടേണ്‍ പരിശോധിക്കുന്നതില്‍ സ്വകാര്യതാ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് ന്യായീകരിക്കാന്‍ ആവില്ല എന്ന് ഇതോടെ വ്യക്തമായി. ഈ പ്രഖ്യാപനത്തോടെ ഭാവിയില്‍ എല്ലാ വ്യക്തിഗത ആദായ നികുതി വിവരങ്ങളും ആദായ നികുതി വകുപ്പിന്റെ തന്നെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുവാനും ഉള്ള സാധ്യത തള്ളി കളയാന്‍ ആവില്ല. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് ഒരു പൊതു കാര്യമാണെന്നും അത് പരിശോധനയ്ക്ക് വിധേയമാണ് എന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സ്വകാര്യതയും വിവരാവ കാശവും തമ്മില്‍ ഏറ്റുമുട്ടേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ വിവരാവ കാശത്തിനാണ് മുന്‍തൂക്കം എന്നും കമ്മീഷന്‍ വ്യക്തമാക്കി.
തന്റെ ആദായ നികുതി വിവരങ്ങള്‍ വിവരാവ കാശ നിയമം ഉപയോഗിച്ച് വെളിപ്പെടുത്തണം എന്ന അപേക്ഷ തന്റെ സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നും അതിനാല്‍ പ്രസ്തുത അപേക്ഷ തള്ളിക്കളയണം എന്നും കാണിച്ച് ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ അപേക്ഷ തള്ളിക്കളഞ്ഞു കൊണ്ടാണ് കമ്മീഷന്‍ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
- ജെ.എസ്.