Sunday, January 15th, 2012

കെ. സി. എസ്. പണിക്കര്‍ ഇന്ത്യന്‍ ചിത്രകലയുടെ നെടുംതൂണ്‍

k.c.s-panicker-epathram
കെ. സി. എസ്. പണിക്കര്‍ എന്നാല്‍ ഇന്ത്യന്‍ ചിത്രകലയിലെ നെടുംതൂണായി അറിയപ്പെടുന്നു. ഇന്ത്യയിലെ ഒരു അതീന്ദ്രിയ (Metaphysical) ചിത്രകാരനും, അമൂര്‍ത്ത ചിത്രകാരനുമായിരുന്നു കെ. സി. എസ്. പണിക്കര്‍. രാജ്യത്തിന്റെ പുരാതനമായ അതീന്ദ്രിയ ജ്ഞാനത്തെയും ആത്മീയ ജ്ഞാനത്തെയും ചിത്രകലയിലൂടെ വ്യാഖ്യാനിക്കുവാന്‍ ശ്രമിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇന്ത്യന്‍ കലാരംഗത്തെയും ചിത്രകാരന്മാരെയും പാശ്ചാത്യ സ്വാധീനത്തില്‍ നിന്നു പുറത്തുകൊണ്ടുവന്ന് സ്വന്തമായ വ്യക്തിത്വം സ്ഥാപിക്കുവാന്‍ പ്രേരിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ചിത്രകലാ പ്രവര്‍ത്തനങ്ങള്‍. അപകര്‍ഷ ബോധവും ആത്മവിശ്വാസക്കുറവുമുള്ള കുട്ടിയായാണ് കെ. സി. എസ് പണിക്കര്‍ ചെറുപ്പകാലത്തെ സ്വയം വിലയിരുത്തുന്നത്. ചെറുപ്പത്തിലേ തന്നെ ചിത്രകലാ രംഗത്ത് തല്പരനായിരുന്ന പണിക്കര്‍ കേരളത്തിലെ തന്റെ ഗ്രാമമായ പൊന്നാനിക്കടുത്തുള്ള വെളിയങ്കോട്ടെ കനാലുകളും തെങ്ങുകളും വയലുകളും പകര്‍ത്തിയാണ് വര തുടങ്ങിയത്. മദ്രാസ് ക്രിസ്‌ത്യന്‍ കോളേജ് സ്കൂളിലെ ഒരു സഹപാഠിയാണത്രേ ചിത്രകലയെ കുറിച്ച് അദ്ദേഹത്തിന് കൂടുതല്‍ ഉള്‍ക്കാഴ്ച്ച നല്‍കിയത്. പ്രകൃതി ദൃശ്യങ്ങളിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ പലപ്പോഴും തന്റെ കണ്ണു നിറയുമായിരുന്നു എന്നും അത് മറ്റാരും കാണാതിരിക്കാന്‍ പെട്ടെന്ന് തുടച്ചു മാറ്റുമായിരുന്നു എന്നും അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. നൈമിഷികവും അഭൗമവുമായ സ്വര്‍ഗ്ഗങ്ങളായിരുന്നു താന്‍ കണ്ടിരുന്നതെന്നും അങ്ങനെ ചിത്രരചന ആഹ്ലാദാനുഭൂതിക്കുളള ഒരു മാര്‍ഗ്ഗമായതായും കെ.സി.എസ് പണിക്കര്‍ പറയുന്നുണ്ട്. വൈകാരികാനുഭൂതിക്കുള്ള മാര്‍ഗ്ഗമായിരുന്നു എങ്കിലും ചിത്രരചനാശീലം പതുക്കെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി. പൊന്നാനിയിലെ എ.വി. ഹൈസ്കൂളിലും അന്നത്തെ മദ്രാസിലുമായി അദ്ദേഹം ഔപചാരിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് കലാജീവിതം1917 മുതല്‍ ’30 വരെ മദ്രാസിലെ ഗവ. ആര്‍ട്സ് സ്കൂളില്‍ അദ്ദേഹം കലാപഠനം നടത്തി. അതിനു ശേഷം അതേ സ്കൂളില്‍ അദ്ദേഹം അദ്ധ്യാപകനായും ജോലി ചെയ്തു. രവിവര്‍മ്മ, ലേഡി പെന്റ്ലാന്റ്, കോട്ട്മാന്‍ , ബ്രാങ്‌വിന്‍ , വാന്‍ഗോഗ്‍ , ഗോഗിന്‍ , മാറ്റിസ്സ്, ഫോവ്‌സ് എന്നിങ്ങനെ പലരും പല ഘട്ടങ്ങളിലായി അദ്ദേഹത്തിന്റെ രചനകളെ സ്വാധീനിച്ചു കൊണ്ടിരുന്നു. 1941 വരെ മദ്രാസിലും ദില്ലിയിലും അദ്ദേഹം ഏകാങ്ക ചിത്രകലാ പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യക്കു പുറത്ത് പ്രദര്‍ശനങ്ങള്‍ നടത്തവേ സാല്‍‌വദോര്‍ ദാലി തുടങ്ങിയ അമൂര്‍ത്ത കലാകാരന്‍‌മാരുമായുണ്ടായ സമ്പര്‍ക്കം അദ്ദേഹത്തിന്റെ കലയില്‍ ഒരു വലിയ സ്വാധീനം ചെലുത്തി. 1950-കളുടെ തുടക്കത്തില്‍ അദ്ദേഹത്തിന് പാശ്ചാത്യ സ്വാധീനത്തിനോട് വിമുഖത തോന്നിത്തുടങ്ങി. 1953 മുതല്‍ ’63 വരെ അദ്ദേഹം വാന്‍ഗോഗിന്റെയും അജന്ത ശില്പകലയുടെയും സമ്മിശ്ര സ്വാധീനത്തിലായിരുന്നു. ഈ കാലത്താണ് അദ്ദേഹത്തിന് ഭാരതീയ ചിത്രകലയില്‍ തന്റേതായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന ആത്മവിശ്വാസം വന്നത്. പാശ്ചാത്യ ചിത്രകലയില്‍ ദൃതവേഗമുള്ള മാറ്റങ്ങള്‍ പ്രകടമായിരുന്ന അക്കാലത്ത് ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ ഇന്ത്യയിലെ ചിത്രകലയില്‍ സുപ്രധാനമായൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം കരുതി. സ്വിസ്സ് കലാകാരനായ പോള്‍ ക്ലീയും അക്കാലത്ത് അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തി. ഈജിപ്ഷ്യന്‍ ചിത്രകലയും നിഗൂഢലിഖിതങ്ങളും പോള്‍ ക്ലീയെ സ്വാധീനിച്ചിരുന്നു. പോള്‍ ക്ലീയുടെ ജീവന്‍ തുളുമ്പുന്ന സൃഷ്ടികള്‍ പിക്കാസോ, ബ്രാക്ക് എന്നിവരേക്കാളും ഇന്ത്യന്‍ ചിത്രകലയുമായി അടുത്തു നില്‍ക്കുന്നതായി അദ്ദേഹം വിശ്വസിച്ചു. എന്നാല്‍ തന്റെ രചനകള്‍ പോള്‍ ക്ലീയുടേതിന്റെ അനുകരണമാവുന്നതിനേക്കാള്‍ സ്വന്തമായ രീതിക്ക് തുടക്കമിടാനാണ് അദ്ദേഹം ആഗ്രഹിച്ചത്. 1963-ല്‍ പുതിയ ഭാവുകത്വത്തിലേക്ക് അദ്ദേഹത്തിന്റെ രചനകള്‍ പ്രവേശിച്ചു. അറബിക് അക്കങ്ങളും ആള്‍ജിബ്രയിലേയും ജ്യാമിതിയിലേയും ലാറ്റിന്‍ പ്രതീകങ്ങളും രൂപങ്ങളും പുതിയ ആശയങ്ങള്‍‍ക്ക് രൂപം നല്‍കാന്‍ അദ്ദേഹത്തെ സഹായിച്ചു. പരമ്പരാഗതമായ ഇന്ത്യന്‍ പ്രതീകങ്ങളും ജ്യോതിഷ ചാര്‍ട്ടുകളും ചിഹ്നങ്ങളും അദ്ദേഹത്തിന്റെ താല്‍പര്യ പരിധികളില്‍ വന്നു. രചനയുടെ ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന റോമന്‍ അക്ഷരങ്ങള്‍ അദ്ദേഹം വെടിയുകയും മലയാള ലിപികള്‍ കൂടുതല്‍ സ്വീകരിക്കുകയും ചെയ്തു. പിന്നെയും കുറേ കാലം കഴിഞ്ഞാണ് കെ. സി. എസ് പണിക്കര്‍ താന്ത്രിക ചിത്രകലയിലേക്ക് തിരിയുന്നത്. പക്ഷേ ഒരു പരിധി വരെ ഇതിന് തന്റെ ക്രിയാത്മക ചോദനകളെ സം‌തൃപ്തമാക്കാന്‍ കഴിയാതിരുന്നതായി അദ്ദേഹം വിലയിരുത്തുന്നുണ്ട്. പിന്നീട് ചിത്രകലയില്‍ കെ. സി. എസ്. പണിക്കര്‍ ഉപയോഗിച്ച അടയാളങ്ങള്‍ ഏതെങ്കിലും ഭാഷയിലെ ലിപികള്‍ എന്നതിനേക്കാളേറെ സ്വയം രൂപപ്പെടുത്തിയ ചിഹ്നങ്ങളായിരുന്നു. മലയാളം അക്ഷരങ്ങള്‍ മാത്രം വളരെ ഭാഗികമായി അവയില്‍ അവശേഷിച്ചു. നിരര്‍ത്ഥകമായ ആ അക്ഷരസമാനമായ രൂപങ്ങള്‍ അദ്ദേഹം ദൃശ്യങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ മാത്രമാണ് ഉപയോഗിച്ചത്. തമിഴ് നാട്ടിലെ ചോളമണ്ഡലത്തില്‍ കെ. സി. എസ്. പണിക്കര്‍ സ്ഥാപിച്ച കലാഗ്രാമം ദക്ഷിണേന്ത്യയിലെ യുവ ചിത്രകാരുടെ കൂട്ടായ്മക്കും വളര്‍ച്ചക്കും സഹായകരമായതായി വിലയിരുത്തപ്പെടുന്നു. ചിത്രകാരന്‍മാര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ കലാഗ്രാമമാണിത്. ജയപാലപ്പണിക്കര്‍, പാരീസ് വിശ്വനാഥന്‍, എം. വി. ദേവന്‍, ഹരിദാസ്, നന്ദഗോപാല്‍, എസ്. ജി. വാസുദേവ്, പി. ഗോപിനാഥ്, സേനാധിപതി തുടങ്ങിയ പ്രശസ്ത ചിത്രകാരന്‍മാര്‍ ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു.പ്രദര്‍ശനങ്ങളും പുരസ്കാരങ്ങളും17 വയസ്സായപ്പോഴേക്കും അദ്ദേഹം ‘മദ്രാസ് ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി‘ യുടെ വാര്‍ഷിക ചിത്രകലാ പ്രദര്‍ശനങ്ങളില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ തുടങ്ങിയിരുന്നു. മദ്രാസിലെ പ്രോഗ്രസീവ് പെയിന്റേഴ്‌സ് അസോസിയേഷന്റെ രൂപവത്കരണത്തിനു ശേഷം 1944 മുതല്‍ ’53 വരെ മദ്രാസ്, ബോംബേ, കല്‍ക്കത്ത, ന്യൂഡല്‍ഹി, ലണ്ടന്‍ എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. 1954-ല്‍ ന്യൂ ഡല്‍ഹിയിലെ ലളിത കലാ അക്കാദമി അദ്ദേഹത്തെ മികച്ച ഒമ്പത് കലാകാരില്‍ ഒരാളായും അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായും തെരഞ്ഞെടുത്തു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങളില്‍ സഞ്ചരിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ഹൗസിലും ഫ്രാന്‍സിലും പ്രദര്‍ശനങ്ങള്‍ നടത്തി. 1955-ല്‍ മദ്രാസിലെ ഗവ. ആര്‍ട്‌സ് & ക്രാഫ്റ്റ്സ് സ്കൂളിന്റെ വൈസ് പ്രിന്‍‍സിപ്പാള്‍ ആയും ’57-ല്‍ പ്രിന്‍‍സിപ്പാള്‍ ആയും അദ്ദേഹം സ്ഥാനമേറ്റു. 1959-ല്‍ അന്നത്തെ സോവിയറ്റ് യൂണിയനില്‍ പര്യടനം നടത്തി, മോസ്കോയിലും ലെനിന്‍ ഗ്രാഡിലും കീവിലും ഇന്ത്യന്‍ ചിത്രകലയെ കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. 1961-ല്‍ ബ്രസീലിലും 1962-ല്‍ മെക്സിക്കോയിലും പ്രദര്‍ശനങ്ങള്‍ നടത്തി. ഇക്കാലയളവില്‍ മദ്രാസിലെ ആര്‍ട്‌സ് & ക്രാഫ്‌റ്റ്‌സ് സ്കൂള്‍ കോളേജായി ഉയര്‍ത്തപ്പെട്ടു. 1963-ല്‍ ന്യൂയോര്‍ക്കില്‍ വെച്ചു നടന്ന ലോക ചിത്രകലാ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ അംഗമായി പങ്കെടുത്തു. അമേരിക്കയുടെ ഔദ്യോഗിക അതിഥിയായി അമേരിക്കയിലുടനീളം സഞ്ചരിക്കുകയും അമേരിക്കന്‍ കലാകാരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തു. 1965-ല്‍ ടോക്യോയിലെ അന്തര്‍ദേശീയ പ്രദര്‍ശനത്തിലും ലണ്ടനിലെ ഫെസ്റ്റിവല്‍ ഹാള്‍ പ്രദര്‍ശനത്തിലും പങ്കെടുത്തു. ഈ വര്‍ഷം ചിത്രരചനക്ക് ദേശീയ പുരസ്കാരം ലഭിച്ചു. 1966-ല്‍ മദ്രാസില്‍ ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ച കെ. സി. എസ് 1967-ല്‍ ആര്‍ട്സ് & ക്രാഫ്റ്റ്സ് കോളേജിലെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും വിരമിച്ചു. മകനും പ്രശസ്ത ശില്പിയുമായ നന്ദഗോപാല്‍ ആണ് ഇപ്പോഴത്തെ ചോളമണ്ഡലം കലാഗ്രാമം സെക്രട്ടറി. 1977 ജനുവരി 15ന് അറുപത്തി ആറാമത്തെ വയസ്സില്‍ കെ. സി. എസ്. പണിക്കര്‍ ചെന്നൈയില്‍ വെച്ച് അന്തരിച്ചു.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine