ലക്‍നൌ: ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പ്രചാരണത്തിനായി പ്രിയങ്കാ വധേരയും രംഗത്ത്. പൊതുവില്‍ രാഷ്ടീയത്തില്‍ നിന്നും അകന്നു നില്‍ക്കുകയാണ് പ്രിയങ്ക. എന്നാല്‍ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന്റെ നിലമെച്ചപ്പെടുത്തുവാന്‍ രാഹുല്‍ ഗാന്ധിയെ കൊണ്ട് മാത്രം ആകില്ലെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ചിലര്‍ കണക്കു കൂട്ടുന്നത്. നേരത്തെ രാഹുല്‍ നേതൃത്വം നല്‍കിയ പല സംസ്ഥാന തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സ് ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതാണ് പ്രിയങ്ക വധേരയുടെ രംഗപ്രവേശത്തിനു വഴിവെച്ചത്. തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ആയിരിക്കും പ്രിയങ്ക വധേരയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. അമേഥിയില്‍ നിന്നും പ്രചാരണ പരിപാടിക്ക് തുടക്കമിടും. സഹോദരനും ലോക്‍സഭാംഗവും എ. ഐ. സി. സി ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമാണ് അമേഥി. തുടര്‍ന്ന് അമ്മ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലും അവര്‍ പ്രചാരണത്തിനു പോകും. പ്രിയങ്കയുടെ വരവോടെ യു. പി. യില്‍ കോണ്‍ഗ്രസ്സിനു തരംഗം ഉണ്ടാക്കാനാകും എന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പ്രതീക്ഷ. പാര്‍ട്ടിയുടെ പൊതു യോഗങ്ങള്‍ കൂടാതെ ഗൃഹസന്ദര്‍ശനം, കുടുംബയോഗങ്ങള്‍ എന്നിവയിലും പ്രിയങ്ക വധേര പങ്കെടുക്കും. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനവിരിദ്ധ നയങ്ങളുടെ ഏറ്റവും വലിയ ദോഷമനുഭവിക്കുന്ന ദരിദ്ര വിഭാഗങ്ങള്‍ ധാരാളം ഉള്ള യു. പിയില്‍ കോണ്‍ഗ്രസ്സിന്റെ നില പരുങ്ങലില്‍ ആണ്. പട്ടിണിയും തൊഴിലില്ലയ്മയും കൊണ്ട് പൊറുതിമുട്ടിയ യു. പിയിലെ ജനങ്ങളെ പ്രിയങ്ക വധേരക്ക് എത്രമാത്രം സ്വാധീക്കാനാകും എന്നതിനനുസരിച്ചു കൂടെ ആയിരിക്കും അവിടെ കോണ്‍ഗ്രസ്സിന്റെ ജയ പരാജയം നിശ്ചയിക്കല്‍.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍