ഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയുടെ സുപ്രധാന സൈനിക നയതന്ത്ര വ്യാവസായിക ശൃംഖല യുടെ ഇന്റര്‍നെറ്റ് അടിത്തറ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാണ് എന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത വളരെ ഏറെയാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ സൈനികമായും, നയതന്ത്ര പരമായും, ആഭ്യന്തരമായും, ആഗോള വ്യാപാര രംഗത്തും താല്പര്യങ്ങളുള്ള ചൈന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ചൈന സൈബര്‍ ആക്രമണ രംഗത്ത് ഏറെ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക സൈബര്‍ സൈന്യം തന്നെ ചൈന ഒരുക്കിയിട്ടുമുണ്ട്. 300,000 ഹാക്രമികളാണ് ഈ സൈബര്‍ സൈന്യത്തില്‍ ഉള്ളത് എന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ അനുമാനം.
ചൈന ഇന്ത്യയെ ആക്രമിക്കുന്നത് ഇത് ആദ്യ സംഭവമല്ല എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം, യുദ്ധം, രാജ്യരക്ഷ